കോഴിക്കോട്ടെ മാനാഞ്ചിറ മൈതാനത്തിന്റെ ചരിത്രമറിയണ്ടേ?

കോഴിക്കോടിന്റെ ഹൃദയമാണ് മാനാഞ്ചിറ സ്ക്വയർ. സാമൂതിരിരാജാക്കന്മാരുടെ സുവർണകാലത്ത് അവരുടെ കോട്ടയും ആസ്ഥാനമായിരുന്ന വിക്രമപുരം കൊട്ടാരവും കളരിയും കമ്മട്ടവും (നാണയങ്ങൾ അടിക്കുന്ന സ്ഥലം) എല്ലാം ഉണ്ടായിരുന്നത് ഇന്നത്തെ കോട്ടപ്പറമ്പിന്റെയും മാനാഞ്ചിറയുടെയും പരിസരങ്ങളിലായിരുന്നു. കൊട്ടാരത്തിന്റെ വലതുഭാഗത്തായി മാനവിക്രമൻ സാമൂതിരി പണികഴിപ്പിച്ച വിശാലമായ കുളം. അതിനോടുചേർന്ന് സാമൂതിരിയുടെ കുടുംബാംഗങ്ങൾക്ക് കുതിരസവാരിപരിശീലനത്തിനും ചാവേർപ്പടയ്ക്ക് പരിശീലനം നടത്താനുമായി ഒരു മൈതാനം, അതായിരുന്നു മാനാഞ്ചിറ മൈതാനം.
സാമൂതിരിരാജാവിന്റെ കുളത്തിന് (മാനവൻചിറ) സമീപമുള്ള മാനാഞ്ചിറ മൈതാനം, 1863-ൽ വെസ്റ്റ് ഹില്ലിലെ യൂറോപ്യൻ സൈനികർക്ക് പരേഡ് ഗ്രൗണ്ടും വിനോദസ്ഥലവുമായി സാമൂതിരി പാട്ടത്തിന് നൽകുകയായിരുന്നു. ഈ മൈതാനം സ്വന്തമാക്കാൻ കൊളോണിയൽ ഭരണകൂടം നടത്തിയ ശ്രമങ്ങൾ രസകരമാണ്.
1904-ൽ കാഞ്ഞിപുര മണിക്കൽ ഗുലാം ഹുസൈൻ സാഹിബ് എന്ന വ്യക്തി തന്റെ കൈവശമുള്ള മാനാഞ്ചിറയിലെ ഒരു സ്ഥലം ഒഴിയാൻ മുനിസിപ്പൽ കൗൺസിൽ ആവശ്യപ്പെട്ടതായി കളക്ടർക്ക് പരാതി നൽകി. 1893-ലെ കച്ചീട്ടുപ്രമാണപ്രകാരം തനിക്ക് ആ സ്ഥലത്ത് അവകാശമുണ്ടെന്ന് അദ്ദേഹം വാദിച്ചു. മുനിസിപ്പൽ ചെയർമാൻ നൽകിയ മറുപടി രസകരമാണ്: ''ആ സ്ഥലത്തെ അഴുക്കുപിടിച്ച ഓലപ്പുര മൈതാനത്തിന്റെ ഭംഗി കെടുത്തുന്നു. ഇതാണ് ഞങ്ങളുടെ പ്രധാന കാരണം.'' ഒടുവിൽ കേസ് കോടതിയിലെത്തി, ഗുലാം ഹുസൈൻ തോറ്റു. സ്ഥലം സർക്കാർ ഏറ്റെടുത്തു.
മൈതാനത്തിനായുള്ള സംഘർഷങ്ങൾ:
ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രോവിൻസിനുകീഴിൽ മലബാർ ജില്ലയുടെ ആസ്ഥാനമായതോടെ ഒട്ടേറെ ബ്രിട്ടീഷ് ഉദ്യോഗസ്ഥരും യൂറോപ്യൻ വംശജരും കോഴിക്കോട്ട് താമസമാക്കി. തുടർന്ന്, അവരുടെതായ ഒട്ടേറെ വിനോദങ്ങളും ആരംഭിച്ചു.
യൂറോപ്യൻമാരുടെ വരവോടെ ക്രിക്കറ്റ്, ഫുട്ബോൾ, ഹോക്കി തുടങ്ങിയ കളികൾ മാനാഞ്ചിറ മൈതാനത്ത് അരങ്ങേറി. ഓരോ ടീമും ഈ മൈതാനത്തിനായി അവകാശമുന്നയിക്കാൻ തുടങ്ങി. 1918-ൽ പാരി ആൻഡ് കമ്പനിയിലെ എച്ച്. ഹാഡോ എന്ന ഹോക്കി താരം കളക്ടർ എഫ്.ബി. എവാൻസിന് എഴുതിയ കത്തിൽ, തന്റെ ടീം 'ഏർലി ക്ലോസേഴ്സ്' ആണ് മൈതാനം കൂടുതൽ ഉപയോഗിക്കുന്നതെന്നും ഫുട്ബോളർമാർ കളി നടത്തുന്നില്ലെന്നും അവർ ഏതെങ്കിലും ഒരു മൂലയിൽ പരിശീലനം നടത്തിയാൽമതിയെന്നും വാദിച്ചു. തർക്കങ്ങൾക്കൊടുവിൽ, കളക്ടർ എവാൻസിന്റെ നിർദേശപ്രകാരം മാനാഞ്ചിറ കമ്മിറ്റി രൂപവത്കരിച്ചു. പോലീസ് പരേഡിനും പൊതു ആവശ്യങ്ങൾക്കും എപ്പോഴും മുൻഗണന നൽകണമെന്ന വ്യവസ്ഥയോടെ ശനിയാഴ്ചകളിൽ പോലീസ് പരേഡ്, വെള്ളി-ശനി ദിവസങ്ങളിൽ ക്രിക്കറ്റ്, ബാക്കി ദിവസങ്ങളിൽ സ്കൂൾ ടീമുകൾക്കും സൈനിക ടീമുകൾക്കും ഫുട്ബോൾ, മറ്റ് കളികൾ എന്നിങ്ങനെ ക്രമീകരിച്ചുകൊണ്ട് തീരുമാനമായി. അങ്ങനെ മാനാഞ്ചിറ മൈതാനം ക്രമേണ തദ്ദേശീയരുടെകൂടി കളിക്കളമായിമാറി.
Content Highlights: Mananchira Maidan was originally part of the Zamorin dynasty's royal complex in Kozhikode.