സ്നേഹമുള്ള ജീവികൾ; വിചിത്രമായ പ്രണയചേഷ്ടകളും ഇണചേരൽ രഹസ്യങ്ങളും

സ്നേഹിക്കുന്നവർക്ക് സമ്മാനം നൽകുന്നത് മനുഷ്യർക്കിടയിൽ പതിവുള്ള കാര്യമാണല്ലോ. ചിലതരം ചിലന്തികളും അവയുടെ സ്നേഹിതർക്ക് ഇത്തരം സമ്മാനം നൽകാറുണ്ട്. ആൺചിലന്തികൾ പെൺചിലന്തികൾക്ക് സമ്മാനമായി നൽകുന്നത് എന്താണെന്നറിയാമോ? ചത്ത പ്രാണികളെയോ അല്ലെങ്കിൽ ഭക്ഷണപദാർഥമോ ആണ്. അതും സ്‌പൈഡർ സിൽക്കിൽ പൊതിഞ്ഞ്. സ്നേഹത്തിൽ പൊതിഞ്ഞ നല്ല സമ്മാനം അല്ലേ?

ആൺ ഫിഡ്‌ലർ ഞണ്ടുകൾക്ക് ഒരു കൈയുടെ വലുപ്പം അല്പം കൂടുതലായിരിക്കും. മറ്റേ കൈ സാധാരണ വലുപ്പത്തിലായിരിക്കും. തന്റെ വലിയ ഒറ്റക്കൈ പെൺഞണ്ടിനുനേരേ പ്രത്യേക ആക്ഷനിൽ വീശിയാണ് അവ ഇണയെ ആകർഷിക്കുന്നത്. കൈയുടെ വലുപ്പം, കൈ വീശുമ്പോഴുള്ള താളം എന്നിവയെല്ലാം നോക്കിയാണ് പെൺഞണ്ടുകൾ ഇണയെ സ്വീകരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ, ഷോഓഫിലൂടെയാണ് പെൺഞണ്ടിനെ വീഴ്ത്തുന്നത് എന്ന്.

ഇണയെ ആകർഷിക്കാനായി പെൺ മോത്തുകൾ ഒരു പ്രത്യേകതരം രാസപദാർത്ഥം (ഫിറോമോൺ) ഉത്പാദിപ്പിക്കും. ഇതിന്റെ മണം മൈലുകൾക്കപ്പുറത്തുനിന്നുതന്നെ ആൺ മോത്തുകൾക്ക് കിട്ടും. അവരുടെ ശരീരത്തിലെ ചിറകുകൾപോലെയുള്ള ആന്റിനയിലൂടെയാണിത് തിരിച്ചറിയാൻ കഴിയുന്നത്. അങ്ങനെ മോത്തുകൾ ഇണയുടെ അടുത്തെത്തും.

'ബ്ലൂ ഫൂട്ടഡ് ബൂബി' എന്നയിനം കടൽപ്പക്ഷികളാണ് ഇണയെ ആകർഷിക്കാൻ മനോഹരമായി ഡാൻസ് ചെയ്യുന്നത്. ആൺപക്ഷികൾ നീലക്കാലുകൾ ഉയർത്തിവെച്ച് കളിക്കുന്ന ഡാൻസ് കാണാൻ ബഹുരസമാണ്. ഡാൻസിനൊപ്പം തലകുനിച്ച് പതിയേ ചിറകുകൾ വിടർത്തുകയും ചെയ്യും. പെൺബൂബികൾക്ക് ഈ നൃത്തം ഇഷ്ടമായാൽ അവയും ഈ ഡാൻസിൽ പങ്കുചേരും.

ചീവീടുകളെ പൊതുവേ ശല്യക്കാരായാണ് നമ്മൾ കാണുന്നത്, അല്ലേ? ചീവീടിന്റെ കരകര ശബ്ദം അസഹ്യമാകാറുണ്ട്. എന്നാൽ ഇത് അവരുടെ പ്രണയഗാനമാണെന്ന് നിങ്ങൾക്കറിയാമോ? ആൺചീവീടുകൾ ഇണയെ ആകർഷിക്കാനാണ് തങ്ങളുടെ ചിറകുകൾ കൂട്ടിയുരുമ്മി 'കിർകിർ' ശബ്ദമുണ്ടാക്കുന്നത്. ഇതിൽ ആകൃഷ്ടരാവുന്ന പെൺചീവീടുകൾ അതുപോലെതന്നെ ശബ്ദമുണ്ടാക്കി തങ്ങളുടെ സമ്മതം അറിയിക്കുകയും ചെയ്യും. ഇവരുടെ ഈ പ്രണയഗാനങ്ങളാണ് നമുക്ക് അരോചകമായി തോന്നുന്നത്.

Content Highlights: Male spiders gift wrapped insects in silk to female spiders.