നോ ടിവി ഡേ; കറന്റ് കുറയ്ക്കാൻ കുട്ടികൾക്കും കഴിയും. ടിപ്‌സുകൾ ഇതാ

#സുമേഷ് തോട്ടത്തിൽ

ആവശ്യമില്ലാതെ ഓൺ ആയിരിക്കുന്ന എല്ലാ സ്വിച്ചുകളും ഓഫ് ചെയ്യുക. മുറിയിൽനിന്ന് ഇറങ്ങുമ്പോൾ ഫാൻ, ലൈറ്റ് സ്വിച്ചുകൾ ഓഫാക്കിയെന്ന് ഉറപ്പിക്കുക. പല്ല് തേയ്ക്കുമ്പോഴുംമറ്റും ആവശ്യത്തിനുമാത്രം വെള്ളം ഉപയോഗിക്കുക. ജലം പാഴാകുന്നില്ലെന്ന് ഉറപ്പാക്കുക.

പകൽനേരങ്ങളിൽ ജനലും വാതിലും തുറന്നിടാം. കാറ്റും വെളിച്ചവും ലഭിക്കുമല്ലോ.

മൊബൈൽ ഫോൺ ചാർജ് ചെയ്തുകഴിഞ്ഞാൽ ചാർജർ സ്വിച്ച് ഓഫ് ചെയ്യാൻ അച്ഛനമ്മമാരോട് പറയണം. ടിവിയും ഉപകരണങ്ങളും റിമോട്ടിൽ മാത്രം ഓഫ് ചെയ്താൽ പോരാ. പവർസ്വിച്ചുകൂടി ഓഫ് ചെയ്യണം എന്നും പറയാം.
പീക്ക് ടൈമും കറന്റ് ബില്ലും
ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നത് വൈകുന്നേരം ആറുമണിക്കും 10 മണിക്കും ഇടയിലാണ്. ഇതിനെയാണ് പീക്ക് ടൈം എന്ന്‌ പറയുന്നത്. ഈ സമയത്ത് ഉപയോഗിക്കുന്ന വൈദ്യുതിയുടെ വിലയും കൂടുതലാണ്. അന്നേരങ്ങളിൽ വൈദ്യുതിയുടെ ഉപയോഗം കുറച്ചാൽ പണം ലാഭിക്കാൻ കഴിയും. അതായത് കറന്റ്‌ ബിൽ കുറയും. വൈകുന്നേരം ആറുമണിക്കും 10 മണിക്കും ഇടയിൽ ഏറ്റവും അത്യാവശ്യമായ ബൾബുകൾമാത്രം പ്രവർത്തിപ്പിക്കുക. ആറിനും 10 നുമിടയിൽ ഉയർന്ന പവറുള്ള ഉപകരണങ്ങൾ ഉപയോഗിക്കരുത്. ഇൻഡക്ഷൻ കുക്കർ, ഇസ്തിരിപ്പെട്ടി, മോട്ടോർ തുടങ്ങിയവ ഉപയോഗിക്കാതെനോക്കുക. ഈസമയം ഇടവേളയിൽ ഫ്രിഡ്ജ് ഓഫ് ചെയ്യാം. ഡോർ തുറക്കാതിരിക്കാൻ ശ്രദ്ധിച്ചാൽ മതി. ഫ്രിഡ്ജിൽ ഒരുപാട് സാധനങ്ങൾ കുത്തിനിറയ്ക്കാതിരിക്കാൻ നോക്കണം. ഫ്രീസറിൽ ഐസ് നിറഞ്ഞാലും വൈദ്യുതി ഉപയോഗം കൂടും. ചുമരിൽനിന്ന്‌ 10 സെൻറിമീറ്ററെങ്കിലും അകലം ഇട്ടുവേണം ഫ്രിഡ്ജ് സ്ഥാപിക്കാൻ. എ.സി. പ്രവർത്തിപ്പിക്കുമ്പോൾ 26 ഡിഗ്രി സെൽഷ്യസിൽ സെറ്റ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. താപനില അതിൽ കുറയുംതോറും വൈദ്യുതി ഉപയോഗം വളരെ കൂടും. റൂമിന്റെ ജനലും വാതിലും അടച്ചിടുക (തണുപ്പ് പുറത്തുപോകുന്നില്ലെന്ന് ഉറപ്പാക്കുക). ഇക്കാര്യങ്ങളെല്ലാം ഒറ്റയ്ക്ക് ചെയ്യണമെന്നില്ല. അവ ശ്രദ്ധിക്കാൻ രക്ഷിതാക്കളെ ഓർമ്മിപ്പിക്കുകയുമാവാം.
ചലഞ്ചുകൾ ഏറ്റെടുക്കാം
Zero Waste Hour
ഒരുമണിക്കൂർ വീട്ടിൽ അത്യാവശ്യമില്ലാത്ത എല്ലാ വൈദ്യുത ഉപകരണങ്ങളും ഓഫ് ചെയ്യുക
Room Check Challenge
ഓരോ മുറിയും പരിശോധിച്ച് അനാവശ്യമായി ഓണായിരിക്കുന്ന ഉപകരണങ്ങൾ കണ്ടെത്തുക
Family Reminder Leader
വീട്ടിലുള്ളവരെ ‘ലൈറ്റ് ഓഫ് ചെയ്യൂ’ എന്ന് ഓർമ്മിപ്പിക്കുന്ന ലീഡർ ആകുക

ഇൻകാൻഡസെൻറ്‌ ലാമ്പുകൾ വീട്ടിലുണ്ടോ എന്ന് കണ്ടെത്തി പകരംഎൽഇഡി ബൾബ് വയ്ക്കാൻ നിർദേശിക്കുക

സാധാരണ ഫാനുകൾക്കുപകരം ബി.എൽ.ഡി.സി. ഫാനുകൾ വയ്ക്കാൻ രക്ഷിതാക്കളോട് പറയുക
സ്‌ക്രീൻ ഉപയോഗ ചലഞ്ചുകൾ
No TV day
ഒരുദിവസം ടിവി കാണാതെ സമയം ചെലവഴിക്കുക
Mobile Less Day
മൊബൈൽ ഉപയോഗം കുറച്ച്, പുസ്തകം വായിക്കുക, അല്ലെങ്കിൽ കളിക്കുക
ലൈറ്റ് & energy ചലഞ്ചുകൾ
Sunlight Day
പകൽ മുഴുവൻ ലൈറ്റ് ഉപയോഗിക്കാതെ പകൽവെളിച്ചംമാത്രം ഉപയോഗിക്കുക. ഇതെല്ലാം ചെയ്ത് കറന്റ്‌ ബില്ലിൽ ഉണ്ടാകുന്ന മാറ്റം കൂട്ടുകാർതന്നെ മനസ്സിലാക്കിക്കോളൂ

Content Highlights: Practical habits to reduce home electricity consumption during peak hours (6 PM - 10 PM)., Technical tips for efficient appliance use like AC temperature settings and fridge maintenance., Fun gamified challenges like 'Zero Waste Hour' and 'Room Check' to engage children., Promoting the shift to LED bulbs and BLDC fans for long-term energy savings., Reducing screen time through 'No TV' and 'Mobile Less' days.