പേടിക്കേണ്ട...ഓടിക്കോ...

‘പേടിക്കാനും വേണം ഒരു ബുദ്ധി’ എന്ന ചൊല്ല് കേട്ടിട്ടില്ലേ? അപകടങ്ങൾ വരുത്തിവയ്ക്കാതെ പ്രശ്നങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാനുള്ള തിരിച്ചറിവ് നമുക്ക് ഉണ്ടാവണം എന്നർഥമുള്ള പഴഞ്ചൊല്ലാണിത്. ചൊല്ലൊക്കെ അവിടെ നിൽക്കട്ടെ. പേടി എന്തെന്ന് അറിയാത്ത ഒരു കക്ഷിയെ പരിചയപ്പെട്ടാലോ? കുഞ്ഞനുറുമ്പുമുതൽ സടയൻസിംഹംവരെ ഇവന്റെ നിഴലുകണ്ടാൽ വഴിമാറിപ്പോകും. മുന്നിൽപ്പെടുന്ന ഏത് കൊലകൊമ്പനെയും കണ്ണുംപൂട്ടി ആക്രമിക്കാൻ ഇവന് മടിയില്ല. കക്ഷിയുടെ പേര് ഹണി ബാഡ്ജർ (Honey badger- Mellivora capensis). മസ്റ്റലിഡെ കുടുംബത്തിൽപ്പെടുന്ന ഇവ ‘ഭൂമിയിലെ ഏറ്റവും പേടിയില്ലാത്ത ജീവി’ എന്ന വിശേഷണത്തോടെ ഗിന്നസ്ബുക്കിലും സ്ഥാനം പിടിച്ചു.
ബാഡ്ജ് അണിഞ്ഞവൻ ബാഡ്ജർ
തറക്കരടി, അളക്കരടി, തുരപ്പൻകരടി, Ratel എന്നെല്ലാം ഹണി ബാഡ്ജർ അറിയപ്പെടുന്നു. തേൻവേട്ടക്കാരൻ എന്നും വിളിക്കാറുണ്ട്. പേരിൽ ഒരു കരടി ഉണ്ടെങ്കിലും സത്യത്തിലിവ കീരി, നീർനായ, ബാഡ്ജർ തുടങ്ങിയവ ഉൾപ്പെടുന്ന മസ്റ്റലിഡെ (Mustelidae) കുടുംബക്കാരാണ്.
ബാഡ്ജ് എന്നാൽ അടയാളം, മുദ്ര എന്നൊക്കെയാണല്ലോ അർഥം. ഇവയുടെ ദേഹത്ത് കാണുന്ന വെളുത്ത അടയാളമാണ് ബാഡ്ജർ എന്ന പേരിനുപിന്നിൽ.
ആഫ്രിക്കയിലെയും ഏഷ്യയിലെയും വരണ്ട പ്രദേശങ്ങളിലും പുൽമേടുകളിലും കണ്ടുവരുന്ന അളക്കരടികൾക്ക് പ്രാണികൾ, ചെറുജീവികൾ, പഴങ്ങൾ, തേൻ എന്നിവ ഉൾപ്പെടുന്ന വൈവിധ്യമാർന്ന മെനുവാണുള്ളത്.
ടെറർർർ... അതാണിവന്റെ മെയിൻ!
ഹണിബാഡ്ജറുകളെ കാട്ടിലെ ടെററിസ്റ്റുകളാക്കുന്ന പ്രത്യേകതകൾ ഇവയാണ്: ഇങ്ങോട്ട് മാന്തുന്നവരെ അങ്ങോട്ട് പാഞ്ഞുകയറി അറ്റാക്ക് ചെയ്യുന്ന സ്വഭാവം, എത്ര കടുപ്പമുള്ള എല്ലും കടിച്ചുപൊടിക്കുന്ന പല്ലുകൾ, ഭക്ഷണം തേടുമ്പോൾ വടികൾ, കല്ലുകൾ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള കഴിവ്, ശത്രുക്കളുടെ പിടിയിൽനിന്ന് എളുപ്പം വഴുതിരക്ഷപ്പെടാൻ സഹായിക്കുന്ന അയഞ്ഞ കട്ടിയുള്ള തൊലി, കൊടിയ പാമ്പുവിഷംപോലും ഏൽക്കാത്ത പ്രതിരോധശക്തിയുള്ള ശരീരം. ഇതിനെല്ലാം പുറമേയാണ് ഇവയുടെ ശരീരദുർഗന്ധം. ഹണിബാഡ്ജറുകളുടെ ശരീരത്തിലെ പ്രത്യേക ഗ്രന്ഥികളിൽനിന്ന് പുറത്തുവരുന്ന അതിദുർഗന്ധമുള്ള ദ്രാവകം ഒരുവിധം ജീവികളെയെല്ലാം ദൂരേക്ക് തുരത്തും. തങ്ങളുടെ ടെറിട്ടറി മാർക്ക് ചെയ്യാനും ഈ ദ്രാവകമാണ് ഇവ ഉപയോഗിക്കുന്നത്. പൊതുവേ ഈ മണമടിച്ചാൽ ഒരുവിധം ജീവികളെല്ലാം ഒഴിഞ്ഞുമാറും.
തേൻകാട്ടിപ്പക്ഷിക്ക് തേൻവേടൻ കൂട്ട്!
മാംസഭോജികളാണെങ്കിലും തേൻ കണ്ടാൽ കൺട്രോൾ പോകുന്ന ഈ കൊച്ചുഭീകരന് ഒരു തേൻകാട്ടിപ്പക്ഷി കൂട്ടായുണ്ട്. ഹണി ഗൈഡ് എന്നാണ് ഈ പക്ഷിയുടെ പേര്. തേനട തിന്നാൻ വലിയ ഇഷ്ടമാണ് ഈ പക്ഷികൾക്ക്. പക്ഷേ, അവയ്ക്ക് വലിയ തേൻകൂടുകൾ സ്വന്തമായി കൊത്തിപ്പൊളിക്കാൻ കഴിയില്ല. അപ്പോൾ അവ തേൻകൂടുകൾക്കരികേ ചിലച്ചുപറന്നുകൊണ്ട് അങ്ങോട്ട് വഴികാട്ടും. ഇതുകാണുന്ന അളക്കരടികൾ തേൻകൂടുകൾ മാന്തിപ്പൊളിച്ച് തേൻ കുശാലായി ശാപ്പിടും. ആ തക്കത്തിന് ഹണിഗൈഡ് പക്ഷികൾ തേനടയും കൊത്തിത്തിന്നും! എങ്ങനെയുണ്ട് വിദ്യ?
ആഫ്രിക്കയിലെ പല ഗോത്രവർഗക്കാരും തേൻകൂടുകൾ കണ്ടെത്താൻ ഈ പക്ഷിയുടെ സഹായം തേടാറുണ്ട്. ഹണിബാഡ്ജറുകളെ തേൻകാട്ടിപ്പക്ഷികൾ സഹായിക്കുന്നു എന്നത് ഒരു മിത്താണെന്ന് പലരും പറയാറുണ്ടെങ്കിലും ഈ കാഴ്ച നേരിട്ടുകണ്ടതായി ധാരാളം ഗോത്രവർഗക്കാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കണ്ടാൽ സിംഹംപോലും വഴിമാറിപ്പോകുന്ന ഹണിബാഡ്ജറുകളെക്കൊണ്ട് ചുളുവിൽ തേൻമോഷണം നടത്തിക്കുന്ന പക്ഷികളെപ്പറ്റി ഓർക്കുമ്പോൾ രസംതന്നെ, അല്ലേ?
Content Highlights: Some friends in the forest who don't know what to fear