കാണാതെ പോകല്ലേ...കുട്ടികളുടെ ജീവിതം പ്രമേയമായ ക്ലാസിക് സിനിമകൾ

#സജീവന്‍ കൂത്താളി

ലൂമിയർ സഹോദരൻമാർ എന്നറിയപ്പെടുന്ന ഫ്രഞ്ചുകാരായ അഗസ്റ്റെ ലൂമിയർ, ലൂയി ലൂമിയർ എന്നിവരാണ് ചലച്ചിത്രഛായാഗ്രഹണത്തിന് തുടക്കംകുറിച്ചത്. ഒരേസമയം ക്യാമറയായും പ്രൊജക്ടറായും പ്രവർത്തിപ്പിക്കാൻ കഴിയുന്ന സിനിമാട്ടോഗ്രാഫിന്റെ നിർമാണം ആദ്യചലച്ചിത്രത്തിലേക്ക് നയിച്ചു. Arrival of a Train എന്ന ചിത്രം പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം.

ചലിക്കുന്ന ചിത്രങ്ങൾ ആദ്യമായി ഇന്ത്യയിലെത്തിച്ചതും ലൂമിയർ സഹോദരൻമാരായിരുന്നു. 1896 ജൂലായ് 7 ന് മുംബൈയിലെ വാട്സൺസ് ഹോട്ടലിൽ ഇന്ത്യയിലെ ആദ്യസിനിമാപ്രദർശനം അവർ നടത്തി. ആദ്യകാലസിനിമകളെല്ലാം നിശ്ശബ്ദചിത്രങ്ങളായിരുന്നു. കുട്ടികളുടെ ജീവിതം പ്രമേയമായിവരുന്ന ചില സിനിമകൾ പരിചയപ്പെടാം.

ബൈസിക്കിൾ തീവ്‌സ്:
1948-ൽ വിറ്റോറിയോ ഡിസിക്ക സംവിധാനംചെയ്ത ഇറ്റാലിയൻ സിനിമയാണ് ബൈസിക്കിൾ തീവ്സ്. രണ്ടാം ലോകയുദ്ധത്തിന് ശേഷമുള്ള റോം നഗരത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

ദരിദ്രനായ ആന്റോണിയോ റീച്ചിക്ക് പോസ്റ്ററൊട്ടിക്കുന്ന ഒരു ജോലി ലഭിക്കുന്നു. ജോലിചെയ്യാൻ അയാൾക്കൊരു സൈക്കിൾ ആവശ്യമാണ്. എന്നാൽ, ആന്റോണിയോയുടെ സൈക്കിളാവട്ടെ പണയത്തിലുമാണ്. ഒടുവിൽ വീട്ടിലെ കിടക്കവിരികൾ പണയംവെച്ചാണ് ഭാര്യ അയാളുടെ സൈക്കിൾ തിരികെ വാങ്ങുന്നത്. എന്നാൽ, ജോലിയുടെ ആദ്യദിവസംതന്നെ സൈക്കിൾ മോഷ്ടിക്കപ്പെടുകയാണ്.

മോഷ്ടിക്കപ്പെട്ട സൈക്കിൾ അന്വേഷിച്ച് ആന്റോണിയോയും മകനും അലയുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

ചിൽഡ്രൻ ഓഫ് ഹെവൻ:
ദാരിദ്ര്യത്തിന്റെ പശ്ചാത്തലത്തിൽ സഹോദരബന്ധത്തിന്റെ തീവ്രത അവതരിപ്പിക്കുന്ന സിനിമയാണ് ചിൽഡ്രൻ ഓഫ് ഹെവൻ. മജീദ് മജീദി സംവിധാനംചെയ്ത ഒരു ഇറാനിയൻ ചലച്ചിത്രമാണിത്. അലി, സഹ്റ എന്നീ രണ്ട് കുട്ടികളാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങൾ. ഒരിക്കൽ അലിയുടെ കൈയിൽനിന്ന് സഹ്‌റയുടെ ഒരുജോഡി ചെരിപ്പ് നഷ്ടപ്പെടുന്നു. വീട്ടിലെ സാമ്പത്തികപ്രയാസങ്ങളറിയാവുന്ന ഇരുവരും ഇത് അച്ഛനിൽനിന്നു മറച്ചുവെച്ച്, അലിയുടെ ആകെയുള്ള ഒരുജോഡി ചെരിപ്പ് ഉപയോഗിക്കുന്നു. ഇതിനിടയിൽ സ്‌കൂളിൽ നടക്കുന്ന ഓട്ടമത്സരത്തിൽ മൂന്നാംസ്ഥാനം ഒരുജോഡി ഷൂസാണെന്ന് മനസ്സിലാക്കിയ അലി ആ മത്സരത്തിൽ പങ്കെടുത്ത് മൂന്നാമതെത്താൻ കഠിനപ്രയത്നം ചെയ്യുന്നു. എന്നാൽ, മത്സരത്തിന്റെ അവസാനം അലി ഒന്നാംസ്ഥാനത്തെത്തുന്നതോടെ ഒരുജോഡി ഷൂസ് എന്ന സ്വപ്നം തകരുന്നു. സിനിമയുടെ അവസാനത്തിൽ രണ്ടുജോഡി ഷൂസ് വാങ്ങി വീട്ടിലേക്ക് മടങ്ങുന്ന അവരുടെ അച്ഛനെയും നമുക്ക് കാണാം.

മികച്ച വിദേശഭാഷാചിത്രത്തിനുള്ള ഓസ്‌കർ നാമനിർദേശം ലഭിച്ച ആദ്യ ഇറാനിയൻ ചിത്രമാണ് ഇത്.

പഥേർ പാഞ്ചലി:
വിശ്വപ്രസിദ്ധ ചലച്ചിത്രകാരൻ സത്യജിത് റായ് സംവിധാനംചെയ്ത ബംഗാളിചിത്രം. ബിഭൂതിഭൂഷൺ ബന്ദോപാധ്യായുടെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിട്ടുള്ളത്.

ദരിദ്രനായ ഹരിഹർ റായിയുടെയും കുടുംബത്തിന്റെയും കഥയാണിത്. ജോലിതേടി അദ്ദേഹം മാസങ്ങളോളം നഗരത്തിലലയുന്നു. ഈസമയം വീട്ടിൽ മുഴുപ്പട്ടിണിയാണ്. അസുഖത്തെത്തുടർന്ന് മകൾ ദുർഗ മരിക്കുന്നതും തുടർന്ന് തങ്ങളുടെ തകർന്ന വീടും ഗ്രാമവും ഉപേക്ഷിച്ച് ഹരിഹറും ഭാര്യയും മകൻ അപുവും കാശിയിലേക്ക് യാത്രയാവുന്നതുമാണ് കഥ.

താരേ സമീൻ പർ:
2007-ൽ പ്രശസ്തനടൻ ആമിർഖാൻ സംവിധാനംചെയ്ത് പുറത്തിറക്കിയ ചിത്രം. പ്രധാനവേഷവും അദ്ദേഹംതന്നെ കൈകാര്യംചെയ്യുന്നു. ഓരോ കുട്ടിയും സവിശേഷമായ കഴിവുകളോടെയാണ് ജനിക്കുന്നതെന്നും അവരെ മറ്റുള്ളവരുമായി താരതമ്യംചെയ്യാതെ അവരുടെ കഴിവുകളെ വളർത്തുകയാണ് വേണ്ടതെന്നും വ്യക്തമാക്കുന്ന സിനിമയാണിത്.

പഠനവൈകല്യമുള്ള ഇഷാൻ എന്ന കുട്ടിയെ മാതാപിതാക്കൾ ഒരു ബോർഡിങ് സ്‌കൂളിലേക്ക് മാറ്റുന്നു. അവിടെവെച്ച് അവൻ കടുത്ത മാനസികവിഷമം അനുഭവിക്കുകയാണ്. എന്നാൽ, ആ സ്‌കൂളിൽ പുതിയതായെത്തുന്ന രാംശങ്കർ നികുംഭ് എന്ന കലാധ്യാപകൻ ചിത്രരചനയിലുള്ള അവന്റെ കഴിവിനെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തം.

ഒറ്റാൽ:
പ്രശസ്ത റഷ്യൻ എഴുത്തുകാരൻ ആന്റൺ ചെഖോവിന്റെ 'വാങ്ക' എന്ന കഥയെ അടിസ്ഥാനമാക്കി ജയരാജ് ഒരുക്കിയ മലയാളസിനിമയാണ് ഒറ്റാൽ. കുട്ടനാട്ടിൽ താറാവുകളെ മേച്ച് ജീവിക്കുന്ന കുട്ടപ്പായി എന്ന ബാലന്റെയും അവന്റെ മുത്തച്ഛന്റെയും കഥയാണിത്. കുട്ടപ്പായിയെ സ്‌കൂളിൽ ചേർത്ത് പഠിപ്പിക്കാമെന്ന് വാഗ്ദാനംചെയ്ത ഒരാളോടൊപ്പം മുത്തച്ഛൻ അവനെ ദൂരദേശത്തേക്കയക്കുന്നു. എന്നാൽ, അവനൊരു പടക്കനിർമാണശാലയിലാണ് എത്തിച്ചേരുന്നത്. അവിടെ തനിക്ക് കഠിനാധ്വാനവും പീഡനവും ആണെന്നും വന്ന് തന്നെ കൊണ്ടുപോകണമെന്നും മുത്തച്ഛന് കുട്ടപ്പായി ഒരു കത്തെഴുതുന്നു. കത്തിനുമുകളിൽ 'കുട്ടനാട്ടിലെ എന്റെ വല്യപ്പച്ചായിക്ക്' എന്നുമാത്രമായിരുന്നു വിലാസം. ഇതൊരിക്കലും മുത്തച്ഛന്റെ കൈകളിലെത്തില്ലെന്ന് നാം തിരിച്ചറിയുന്നിടത്ത് സിനിമ അവസാനിക്കുന്നു.

2014-ലെ ദേശീയ ചലച്ചിത്രപുരസ്‌കാരം ഈ സിനിമയ്ക്ക് ലഭിച്ചു. ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ കുട്ടികളുടെ വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള ക്രിസ്റ്റൽ ബെയർ പുരസ്‌കാരവും നേടി.

Content Highlights: Overview of the history of cinema and the Lumiere brothers., Detailed summaries of acclaimed children-centric global and Indian films.