ചെമ്പ് കൊട്ടാനുണ്ടോ ചെമ്പ്! ചെമ്പുകൊട്ടി എന്ന പക്ഷിയെക്കുറിച്ച് കേട്ടിട്ടുണ്ടോ?

പേരുപോലെ ചെമ്പിൽ കൊട്ടുന്നപോലത്തെ ശബ്ദമുണ്ടാക്കുന്ന ഒരു പക്ഷിയുണ്ട്. അതാണ് ചെമ്പുകൊട്ടി. ചെമ്പുപാത്രങ്ങൾ അടിച്ച് ആകൃതിവരുത്തുന്ന ''ടോൻക്-ടോൻക്-ടോൻക് '' എന്ന ശബ്ദം പുറപ്പെടുവിക്കുന്നതിനാലാണ് ഇതിനീ പേരുവന്നത്.
ശരീരത്തിനാകപ്പാടെ പച്ചനിറമാണ്. മാറിടത്തിന് താഴെയും വാലിനടുത്തു ഇളംപച്ചനിറമുണ്ട്. കൊക്കുമുതൽ പിൻകഴുത്തുവരെ കടുംചുവപ്പുനിറം. താടിയും തൊണ്ടയും ഇളംമഞ്ഞ. കണ്ണിൽക്കൂടി പോവുന്ന ഒരു കറുത്ത പട്ടയുണ്ട്.
മരംകൊത്തിവിഭാഗത്തിൽപ്പെട്ടതാണ് ചെമ്പുകൊട്ടി. പലതരത്തിൽപ്പെട്ട ഫലങ്ങളാണ് ഇവയുടെ ഭക്ഷണം. ആൽപ്പഴമാണ് പ്രധാനഭക്ഷണം. കൂടുകൂട്ടുന്നത് ജനുവരി-ഏപ്രിൽ മാസങ്ങളിലാണ്. തടിക്ക് ബലം കുറഞ്ഞ മുരിങ്ങ, മുരുക്ക് എന്നീ മരങ്ങളിൽ കൊത്തി മാളമുണ്ടാക്കി അതിലാണ് മുട്ടയിടുന്നത്.
നാട്ടുമ്പുറങ്ങളിൽ ഇതിനെ കൂടുതലായി കണ്ടുവരുന്നു. മുപ്പതും നാല്പതും അടി ഉയരമുള്ള ആൽ, പുളി, മാവ് മുതലായ മരങ്ങളുടെ നെറുകയിലിരുന്ന് സദാ ശബ്ദമുണ്ടാക്കലാണ് ചെമ്പുകൊട്ടിയുടെ ഇഷ്ടവിനോദം. ക്ഷീണമെന്തെന്നറിയാത്ത പക്ഷിയാണിത്.
ശബ്ദിക്കുമ്പോൾ ഓരോ ടൊൻക് എന്ന ശബ്ദത്തിനുശേഷവും തല പെട്ടെന്ന് ഒരുഭാഗത്തേക്ക് തിരിച്ചുതാഴ്ത്തുന്നു. ഇടത്തോട്ട്-വലത്തോട്ട് ഇങ്ങനെ കൃത്യമായി ഓരോ ദിക്കിലേക്കും വളരെ ചുറുചുറുക്കോടെ തല തിരിക്കും.
Content Highlights: Makes a distinct copper-beating 'tonk-tonk' sound similar to hitting copper vessels.