മഴയൊന്ന് പെയ്താൽ കാണാം സസ്യങ്ങളിലെ ഉഭയജീവികളെ !

#ഡോ.ചാന്ദിനി വി.കെ., അസിസ്റ്റന്റ് പ്രൊഫസര്‍, ബോട്ടണി, സെന്റ് ആല്‍ബര്‍ട്ട്സ് കോളേജ്, എറണാകുളം

കടുത്ത വേനൽക്കാലത്തിനിടയിലും രണ്ടുദിവസം അടുപ്പിച്ച് മഴപെയ്താൽമതി, കല്ലുകളിലും മരത്തിലുമെല്ലാം പച്ചനിറത്തിൽ പറ്റിപ്പിടിച്ച് വളരുന്ന ചില പായലുകൾ കാണാം. കണ്ടാൽ ചെറുതാണെങ്കിലും നമ്മുടെ പ്രകൃതിയിൽ വലിയ സ്ഥാനമാണ് ഇവയ്ക്കുള്ളത്.

മഴ പെയ്തുകഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ നിങ്ങൾ ചുറ്റുമൊന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? ഇന്നലെവരെ വരണ്ടുകിടന്നിരുന്ന കല്ലിന് ഇന്ന് പച്ചനിറം! മരത്തിന്റെ തൊലിയിൽ മൃദുവായ പച്ചപ്പിന്റെ ഒരു പാളി! നനഞ്ഞ മണ്ണിൽ ചെറിയ ചെറിയ പച്ചസസ്യങ്ങൾ! മതിലുകളിലെല്ലാം ഒരു പച്ചപ്പ്! ആരാണിവർ? വലുപ്പത്തിൽ വളരെ ചെറുതാണെങ്കിലും പ്രകൃതിയിൽ വലിയൊരു സ്ഥാനമുള്ള സസ്യങ്ങളാണ് ഇവ. ബ്രയോഫൈറ്റ്‌സ് (Bryophytes) എന്നാണ് ഈ സസ്യവിഭാഗത്തെ വിളിക്കുന്നത്. മോസുകൾ (mosses), ലിവർവേർട്ടുകൾ (liverworts), ഹോൺവേർട്ടുകൾ (hornworts) എന്നിവയാണ് ബ്രയോഫൈറ്റ്‌സിൽ ഉൾപ്പെടുന്ന പ്രധാന വിഭാഗങ്ങൾ.

വെള്ളം പ്രധാനം: 
ബ്രയോഫൈറ്റ്‌സിന്റെ ജീവിതചക്രത്തിൽ വെള്ളത്തിന് വളരെ പ്രധാനപ്പെട്ട സ്ഥാനമുണ്ട്. പ്രത്യേകിച്ച്, അവയുടെ ലൈംഗിക പ്രത്യുത്പാദനത്തിൽ വെള്ളം നിർണായകമാണ്. ആൺ ഗാമീറ്റുകൾക്ക് (ശുക്ലാണുക്കൾക്ക്) പെൺ ഗാമീറ്റിലെത്താൻ വെള്ളത്തിന്റെ ഒരു പാളി ആവശ്യമാണ്. അതുകൊണ്ടാണ് ബ്രയോഫൈറ്റ്‌സ് സാധാരണമായി ഈർപ്പമുള്ള ആവാസവ്യവസ്ഥകളുമായി അടുത്തബന്ധം പുലർത്തുന്നത്. വെള്ളത്തിന് ഇവരുടെ ജീവിതചക്രവുമായുള്ള ബന്ധംകൊണ്ടുതന്നെ സസ്യലോകത്തെ ഉഭയജീവികൾ എന്നാണ് ഇവരെ വിളിക്കുന്നത്. കരയിൽ ജീവിക്കുകയും എന്നാൽ, പ്രജനനത്തിനായി വെള്ളത്തെ ആശ്രയിക്കുകയും ചെയ്യുന്ന ഉഭയജീവികളെപ്പോലെ (തവളകളെപ്പോലെ) ആയതുകൊണ്ടാണ് ഇവയ്ക്ക് ഈ പേര് ലഭിച്ചത്. മഴത്തുള്ളികൾ ഇവയ്ക്ക് വെറും വെള്ളമല്ല, ജീവിതചക്രത്തിലെ ഒരു പ്രധാന കണ്ണിയാണ്.

പ്രിയപ്പെട്ടത് മഴക്കാലം: 
ബ്രയോഫൈറ്റ്‌സിനെ കാണാൻ ഏറ്റവും നല്ല സമയമാണ് മഴക്കാലം. നനവും തണലുമുള്ള സ്ഥലങ്ങളാണ് ഇവയ്ക്ക് ഏറെ ഇഷ്ടം. പാറകളിലും മരത്തടികളിലും മണ്ണിലും മതിലുകളിലും കാട്ടിലെ ഈർപ്പമുള്ള പ്രദേശങ്ങളിലുമൊക്കെ ഇവ വളരുന്നു. വരണ്ടുപോകുന്ന പല ബ്രയോഫൈറ്റ്‌സും മഴ ലഭിക്കുമ്പോൾ വീണ്ടും സജീവമാകുന്നു. അതിനാൽ, മഴ കഴിഞ്ഞുള്ള ഒരു ചെറിയ നടത്തംപോലും ഇവരെ കണ്ടെത്താനുള്ള ഒരു സസ്യശാസ്ത്രജ്ഞന്റെ യാത്രയാക്കി മാറ്റാം.

വേരും പൂവും
നമ്മൾ സാധാരണ കാണുന്ന സസ്യങ്ങൾക്ക് വെള്ളവും ധാതുലവണങ്ങളും ആഗിരണംചെയ്യാനും മണ്ണിൽ ഉറച്ചുനിൽക്കാനും സഹായിക്കുന്ന വേരുകളുണ്ട്. എന്നാൽ, ബ്രയോഫൈറ്റ്‌സിന് യഥാർഥ വേരുകളില്ല. പകരം, അവയുടെ അടിഭാഗത്ത് റൈസോയ്ഡ്‌സ് (rhizoids) എന്ന നൂലുപോലുള്ള ഘടനകൾ കാണാം. ഇവ സസ്യത്തെ ഉപരിതലത്തിൽ പറ്റിപ്പിടിക്കാൻ സഹായിക്കുന്നു. എന്നാൽ, റൈസോയ്ഡ്‌സ് യഥാർഥ വേരുകളെപ്പോലെ സങ്കീർണമായ ആഗിരണവ്യവസ്ഥയല്ല.

നമ്മുടെ ചുറ്റുമുള്ള മിക്ക സസ്യങ്ങളുടെയും പൂക്കളിൽനിന്ന് പഴങ്ങളും വിത്തുകളും ഉണ്ടാകുന്നു. എന്നാൽ, ബ്രയോഫൈറ്റ്‌സിന്റെ കഥ കുറച്ചുകൂടി വ്യത്യസ്തമാണ്. ഇവ ബീജാണുക്കൾ (spores) ഉപയോഗിച്ചാണ് പുതിയ തലമുറയെ രൂപപ്പെടുത്തുന്നത്.

ബ്രയോഫൈറ്റ്‌സിന് വാസ്‌കുലാർ ടിഷ്യു (vascular tissue) ഇല്ലാത്തതിനാൽ അവയുടെ ശരീരത്തിലൂടെ വെള്ളവും ധാതുക്കളും, ഉയർന്ന സസ്യങ്ങളിലെതുപോലെ കാര്യക്ഷമമായി ദൂരത്തേക്കെത്തിക്കാൻ കഴിയില്ല.

പ്രത്യേകതകൾ

  • മണ്ണിന്റെ ഉപരിതലത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു
  • ഈർപ്പം നിലനിർത്തുന്നതിൽ പങ്കുവഹിക്കുന്നു
  • ജൈവവസ്തുക്കളുടെ ശേഖരണത്തിലും മണ്ണിന്റെ രൂപവത്കരണപ്രക്രിയയിലും സംഭാവനചെയ്യുന്നു
  • ചെറുജീവികൾക്ക് സൂക്ഷ്മ ആവാസവ്യവസ്ഥ നൽകുന്നു
  • കാടുകളിലെ ഈർപ്പമുള്ള മൈക്രോഹാബിറ്റാറ്റുകളുടെ ഭാഗമാണ്
  • ചിലയിനങ്ങൾ, പരിസ്ഥിതിയിലെ മാറ്റങ്ങൾ പഠിക്കുന്നതിന് ബയോഇൻഡിക്കേറ്റേഴ്‌സ് (bioindicators) ആയി ഉപയോഗിക്കപ്പെടുന്നു.

Content Highlights: Bryophytes are small green plants including mosses, liverworts, and hornworts., Known as amphibians of the plant kingdom because they require water for sexual reproduction.