പഴങ്ങളും പൂക്കളും വെച്ച് അലങ്കരിക്കുന്ന ബോവറിന്റെ ബോവർ!

ഓസ്‌ട്രേലിയയിലെയും പാപ്പുവ ന്യൂഗിനിയയിലെയും കാടുകളിലൂടെ സഞ്ചരിക്കുമ്പോൾ ഒരു കാഴ്ച കാണാം. പല നിറങ്ങളിലുള്ള പഴങ്ങളും പൂക്കളും വെച്ച് അലങ്കരിച്ച കൊച്ചു കുടിലുകൾ. ചുള്ളിക്കമ്പുകൾകൊണ്ട് മെനഞ്ഞെടുത്ത ആ കൊച്ചു കുടിലുകളിലെ താമസക്കാർ ആരെന്നു നോക്കിനിന്നാൽ കാണാം അദ്ഭുതം. ബോവർ എന്ന പക്ഷിയാണ് അതിന്റെ ഉടമസ്ഥൻ. ബോവർ പക്ഷി നിർമിക്കുന്ന ഈ കൂടുകൾക്കും ബോവർ എന്നുതന്നെയാണ് പേര്.

പല തരത്തിലുള്ള ബോവർ പക്ഷികൾ ഉണ്ട്. അവ ഉണ്ടാക്കുന്ന കൂടുകളിലും ചെറിയ വ്യത്യാസങ്ങൾ കാണാം. പല നിറത്തിലുള്ള സാധനങ്ങൾ കൊണ്ട് കൂട് അലങ്കരിക്കാൻ ഇവയ്‌ക്കെല്ലാം ഇഷ്ടമാണ്.

ബോവറിലെ ആൺപക്ഷികളാണ് ഈ കൂടിന്റെ നിർമാതാക്കൾ. ഇണകളെ ആകർഷിക്കാനാണ് അവ ഇങ്ങനെ കൊച്ചു കുടിലുകൾ കെട്ടി അലങ്കാരപ്പണികൾ ചെയ്യുന്നത്. ഇണപ്പക്ഷി കൂടിനടുത്തേക്ക് വന്നാൽ ഗംഭീരമായ ഒരു നൃത്തവും ബോവർ ചെറുക്കൻ കാഴ്ചവെക്കും.

പൂക്കളും പഴങ്ങളും മാത്രമല്ല റീഫില്ലറുകളും സ്ട്രോകളും തുടങ്ങി കുപ്പിയുടെ അടപ്പുകൾവരെ ബോവർ പക്ഷി കൂടൊരുക്കാൻ ഉപയോഗിക്കാറുണ്ട്.

Content Highlights: Bowerbirds build intricate huts called bowers using twigs.