അലങ്കാരത്തിന് അങ്കോറ; മനുഷ്യരോടും വളർത്തുമൃഗങ്ങളോടും എളുപ്പം കൂട്ടുകൂടുന്നവ

അലങ്കാര മുയലുകളിൽ മനുഷ്യൻ ആദ്യം ഇണക്കിവളർത്താൻ തുടങ്ങിയ മുയലുകളാണ് അങ്കോറ മുയലുകൾ. തുർക്കിയെയിലെ അങ്കാറയാണ് ഇവയുടെ ജന്മദേശം. പലതരത്തിൽപ്പെട്ട അങ്കോറ മുയലുകളുണ്ട്. നനുത്ത അഴകേറുന്ന പഞ്ഞിക്കെട്ടുരോമങ്ങളാണ് ഇവയുടെ പ്രത്യേകത. ഇതിനായാണ് ഇവയെ വളർത്തുന്നതും. തവിട്ട്, കറുപ്പ്, നീല, വെള്ള നിറങ്ങളിൽ അങ്കോറ മുയലുകളുണ്ട്. ഇവയുടെ രോമക്കെട്ടുകൾകൊണ്ട് വിലയേറിയ കമ്പിളിയും മറ്റ് വസ്ത്രങ്ങളും ഉണ്ടാക്കുന്നു.

3.50-4 കിലോഗ്രാംവരെയാണ് ഇവയുടെ തൂക്കം. ഏതാണ്ട് ഏഴുവയസ്സുവരെ ജീവിക്കും. മൂന്നുമാസത്തിനിടെയെങ്കിലും ഇവയുടെ രോമം വെട്ടിയൊതുക്കണം. ഇല്ലെങ്കിൽ ഇവയുടെ ജീവൻതന്നെ അപകടത്തിലാകും. ചുണ്ടും പല്ലുമുപയോഗിച്ച് സ്വന്തമായി രോമങ്ങൾ കോതിയൊതുക്കുമ്പോൾ അങ്കോറ മുയലിന്റെ രോമങ്ങൾ കുറേ വയറ്റിനുള്ളിലാവാറുണ്ട്. ഇത് അവയുടെ ദഹനത്തിനെ പ്രതികൂലമായി ബാധിക്കും. ദഹനം സുഗമമാക്കാൻ അതുകൊണ്ട് ഭക്ഷണത്തിൽ ധാരാളം വൈക്കോൽ ഉൾപ്പെടുത്തേണ്ടതുണ്ട്. മനുഷ്യരോടും മറ്റ് വളർത്തുമൃഗങ്ങളോടും എളുപ്പം കൂട്ടാവുന്ന പ്രകൃതക്കാരാണ് ഇവർ.

Content Highlights: Angora rabbits originate from Ankara, Turkey and are one of the earliest domesticated ornamental rabbits.