പാൽചുരത്തുന്ന ഉറുമ്പുകൾ: അറിയാം ഉറുമ്പുലോകത്തെ വിശേഷങ്ങൾ

#ജി.എസ്. ഉണ്ണികൃഷ്ണന്‍

ചൂട് ഉറുമ്പിൻപാല്!
ഉറുമ്പുകളുടെ കുമിൾകൃഷിയെക്കുറിച്ചൊക്കെ നമ്മൾ വായിച്ചിട്ടുണ്ട്. എന്നാൽ, അതിനെക്കാൾ അദ്ഭുതകരമാണ് സ്വിസ് ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തൽ. അഞ്ച് കുടുംബങ്ങളിൽപ്പെട്ട ഉറുമ്പുകളെയാണ് അവർ നിരീക്ഷിച്ചത്. സമാധിദശയിലുള്ള ഉറുമ്പുകൾ (പ്യൂപ്പ) പാലുപോലുള്ള ഒരു ദ്രാവകം സ്രവിപ്പിക്കുന്നു. പ്യൂപ്പഘട്ടം കഴിഞ്ഞ് ഉറുമ്പാകുന്നതിനുമുൻപുള്ള അഞ്ചോളം ദിവസങ്ങളിലാണ് ഈ പ്രതിഭാസം കണ്ടത്. ഉറുമ്പുകളുടെ പുഴുക്കളും (ലാർവ) ഉറുമ്പുകളും ഈ ദ്രാവകം കുടിക്കുന്നു. പ്രോട്ടീൻ, പഞ്ചസാരകൾ, വിറ്റമിൻ, ഹോർമോൺ എന്നിവയാൽ സമ്പുഷ്ടമാണ് ഈ ദ്രാവകമെന്ന് പരിശോധനയിൽ തെളിഞ്ഞു. ഇത് ഉറുമ്പുകളുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും സഹായിക്കുന്ന പാനീയമാണ്. ശരിക്കും നമ്മൾ പാലുകുടിക്കുന്നതുപോലെ.
ഉറുമ്പിനും ക്വാറന്റീൻ
'ക്വാറന്റീൻ' നമുക്ക് സുപരിചിതമായത് 'കോവിഡ് 19' കാലത്താണല്ലോ. എന്നാൽ, ഉറുമ്പുകളിലുള്ള ഈ പ്രതിഭാസം കേട്ടോളൂ. കോളനികളിൽ കഴിയുന്ന ഉറുമ്പുപ്യൂപ്പകളെ ചിലപ്പോൾ മാരകമായ പകർച്ചവ്യാധികൾ ബാധിക്കും. ഈ സമയത്ത് അവ അപായസൂചകമായി ചില രാസപദാർഥങ്ങൾ സ്രവിപ്പിക്കുന്നു. രാസപദാർഥങ്ങളുടെ ഗന്ധമേറ്റാലുടനേ വേലക്കാരിയുറുമ്പുകൾ പ്യൂപ്പകളുടെ ആവരണത്തിൽ മുറിവുകളുണ്ടാക്കുകയും അവയിലൂടെ അണുനാശിനിയായ ഫോമിക് ആസിഡ് പ്രയോഗിക്കുകയും ചെയ്യും. ഇത് രോഗാണുക്കളെ കൊല്ലും, ഒപ്പം പ്യൂപ്പയെയും. കോളനിയിലുള്ള തന്റെ ബന്ധുക്കൾക്ക് രോഗം പകരരുതെന്ന കരുതൽ പ്യൂപ്പയ്ക്കുപോലുമുണ്ട്.
ചാട്ടക്കാരനുമുണ്ടേ!
ഇനി ഇന്ത്യയിലേക്ക് വരാം. ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളും ദാമൻ ആൻഡ് ദിയു, ദാദർ ആൻഡ് നാഗർ ഹവേലി എന്നീ കേന്ദ്രഭരണപ്രദേശങ്ങളും ഉൾപ്പെടുന്ന പശ്ചിമേന്ത്യയിൽ കാണുന്ന ഒരു ചാട്ടക്കാരനുറുമ്പുണ്ട്, 'ഇന്ത്യൻ ജംപിങ് ആന്റ്' (Harpegnathos saltator). ചീവീടുപോലുള്ള ഇരകളെ കാണുമ്പോൾ ഈ ഉറുമ്പ് ചാടിവീഴുന്നു. സ്‌നോബോഡിങ്ങും വാട്ടർ സർഫിങ്ങും നടത്തുന്നവർ ഉയരത്തിൽ ചാടി ലാൻഡുചെയ്യുന്നത് കൂട്ടുകാർ കണ്ടിട്ടില്ലേ? അതിന് സമാനമാണ് ഉറുമ്പിന്റെ ചാട്ടം. ചാടിവീഴുമ്പോൾത്തന്നെ വായ ഉപയോഗിച്ച് ഉറുമ്പ് ഇരയെ കടിച്ചുപിടിക്കുന്നു. പിൻഭാഗത്തെ മുള്ളുപയോഗിച്ച് ഇരയുടെ ശരീരത്തിൽ വിഷം കുത്തിവയ്ക്കലാണ് അടുത്ത സ്റ്റെപ്പ്. തളർന്ന ഇരയെ എടുത്തുകൊണ്ട് ചാടാനും ഇവയ്ക്ക് ശേഷിയുണ്ട്.
ആളൊരു ജീനിയസ്സാണേ
ഉറുമ്പ് ആളൊരു ജീനിയസ്സാണ്. അടുത്ത് നടന്ന പഠനം കണ്ടെത്തിയത് എന്തെന്നോ? ഉറുമ്പുകൾ പഞ്ഞകാലത്ത് കഴിക്കാനായി ചെടികളുടെ വിത്തുകൾ സംഭരിച്ചുവയ്ക്കാറുണ്ട്. മാളത്തിലിരുന്ന് മുളയ്ക്കാതിരിക്കാൻ ഉറുമ്പ് അവയെ രണ്ടായി മുറിച്ചശേഷമാണ് സൂക്ഷിക്കുന്നത്. മല്ലിയുടെ വിത്ത് ഉറുമ്പുകൾ എങ്ങനെ സംഭരിക്കുമെന്ന് ശാസ്ത്രജ്ഞർ അടുത്ത് നിരീക്ഷിച്ചു. മല്ലി രണ്ടായി പിളർന്നാൽ ഓരോ പകുതിയും മുളയ്ക്കുമല്ലോ. അക്കാര്യം മനസ്സിലാക്കിയതുകൊണ്ടാവണം ഉറുമ്പുകൾ മല്ലിവിത്തിനെ നാലായി മുറിച്ചാണ് സൂക്ഷിക്കുന്നതെന്ന് കണ്ടെത്തി. എങ്ങനെയുണ്ട് ബുദ്ധി!
വേലക്കാരി റാണിയാകുമ്പോൾ
ഇന്ത്യൻ ജംപിങ് ആന്റുകളിൽ മറ്റൊരു വിചിത്ര പ്രതിഭാസവും കണ്ടെത്തി. ഉറുമ്പുകോളനിയിലെ റാണി ചത്താലും കോളനി നശിക്കുന്നില്ല. ഈ സാഹചര്യത്തിൽ ശക്തകളായ വേലക്കാരിയുറുമ്പുകൾ മാളത്തിന് പുറത്തിറങ്ങി തമ്മിലടിക്കുന്നു. വിജയിയാവുന്ന വേലക്കാരി, റാണിയുടെ പകരക്കാരിയായിമാറും. ശാരീരികമായി പല മാറ്റങ്ങളുണ്ടായി അത് പ്രത്യുത്പാദനക്ഷമത നേടുന്നു. ഇങ്ങനെ മാറുന്ന ഉറുമ്പുകളെ 'ഗെയ്‌മെർഗേറ്റ്‌സ്' (Gamergates) എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്. അവയ്ക്ക് പണിയെടുക്കാതെ മുട്ടമാത്രമിട്ട് റാണിയായി വാഴാം.
അമളി പറ്റിയേ…
ആള് സൂപ്പറാണെങ്കിലും ഉറുമ്പിനും അമളി പറ്റാറുണ്ട്. ഉറുമ്പിനെ കബളിപ്പിക്കുന്ന ഒരു ചിത്രശലഭത്തിന്റെ വിശേഷം പറയാം. ഇംഗ്ലണ്ടിലാണ് പഠനം നടന്നത്. 'ലാർജ് ബ്ലൂ ബട്ടർഫ്ളൈ' (Phengaris arion) പുതിനയുടെ കുടുംബത്തിൽപ്പെട്ട ഒറിഗാനോ എന്ന സസ്യത്തിലാണ് മുട്ടയിടുന്നത്. മുട്ട വിരിഞ്ഞ് വരുന്ന ശലഭപ്പുഴു ഇല തിന്ന് വളർന്നശേഷം ഒരുഘട്ടത്തിൽ ചെടിയിൽനിന്ന് താഴേ വീഴുന്നു. ഇത് കാഴ്ചയിലും ഗന്ധത്തിലും 'മിർമിക്കാ' എന്നയിനം ഉറുമ്പിന്റെ പുഴുക്കളെ അനുസ്മരിപ്പിക്കും. തന്റെ മാളത്തിൽനിന്ന് എങ്ങനെയോ താഴേ വീണ പുഴുവാണെന്ന് കരുതി മിർമിക്കാ ഉറുമ്പ് ശലഭപ്പുഴുവിനെ ചുമന്ന് സ്വന്തം മാളത്തിലെത്തിക്കുന്നു. അവിടെയെത്തുമ്പോഴാണ് ശലഭപ്പുഴു അടുത്ത നമ്പരിറക്കുന്നത്. ഉറുമ്പുറാണികൾ ഉണ്ടാക്കുന്നതുപോലെ അത് ശബ്ദമുണ്ടാക്കുന്നു. ഉറുമ്പുകൾ ചിലപ്പോൾ സ്വന്തം പുഴുക്കളെ തിന്നാറുണ്ട്. അതൊഴിവാക്കാനാണ് ശലഭപ്പുഴുവിന്റെ ഈ മിമിക്രി. റാണികളെ മറ്റ് ഉറുമ്പുകൾ എന്തായാലും തിന്നില്ലല്ലോ. അടുത്തതാണ് ഞെട്ടിക്കുന്ന ക്ലൈമാക്‌സ്. ശലഭപ്പുഴു ഉറുമ്പുപുഴുക്കളെ ഒന്നൊന്നായി പിടിച്ച് തിന്നുന്നു. ഉറുമ്പുകൾ തങ്ങൾക്ക് പറ്റിയ അമളി തിരിച്ചറിയുംമുൻപ് ശലഭപ്പുഴു വളർച്ച പൂർത്തിയാക്കി ശലഭമായി മാളത്തിന് പുറത്തേക്ക് പറന്നിട്ടുണ്ടാവും.

Content Highlights: Explore groundbreaking ant research: ant milk, quarantine instincts, jumping ants, seed storage, gamergates, and a clever butterfly trick. Discover the ant world`s latest wonders!