ഒന്നല്ല, ഏഴിനങ്ങൾ. അറിയാം പക്ഷികളിലെ മിന്നൽ വേട്ടക്കാരെ

നമ്മുടെ നാട്ടിൻപുറങ്ങളിലൂടെയോ തോടുകൾക്കരികിലൂടെയോ നടക്കുമ്പോൾ വെള്ളത്തിലേക്ക് കല്ലിട്ടതുപോലെ ഒരു പക്ഷി പറന്നുചെല്ലുന്നത് കണ്ടിട്ടുണ്ടോ? എങ്കിലത് പൊന്മാനാണ്. ഇംഗ്ലീഷിൽ ‘കിങ്‌ഫിഷർ’ (Kingfisher) എന്ന് വിളിക്കുന്ന ഈ പക്ഷികൾ മീൻപിടിക്കുന്നതിലെ രാജാക്കന്മാരാണ്. ഒരു മീൻകൊത്തിയെയെങ്കിലും കാണാത്തവരുണ്ടാകില്ല. എന്നാൽ, കേരളത്തിൽ എത്രയിനം മീൻകൊത്തികൾ ഉണ്ടെന്ന് അറിയാമോ? മീനുകളെമാത്രമാണോ അവ ഭക്ഷിക്കുന്നത്? എവിടെയാണ് മീൻകൊത്തികൾ കൂടുകൂട്ടുന്നത്.
കേരളത്തിൽ ഏഴിനം മീൻകൊത്തികളുണ്ട്. കാണാൻ അഴകുള്ള ഇവയുടെ വിശേഷങ്ങൾ അറിഞ്ഞാലോ…
മീൻകൊത്തിച്ചാത്തൻ (White-throated Kingfisher)
Halcyon smyrnensis
ഏറ്റവും സാധാരണമായി കാണുന്ന മീൻകൊത്തിയാണിത്. ജലാശയങ്ങളുടെ ഓരങ്ങളിൽമാത്രമല്ല വനങ്ങളിലും കടൽത്തീരങ്ങളിലും എന്നുവേണ്ട, നഗരങ്ങളിൽപ്പോലും ഇതിനെ കാണാറുണ്ട്. വീട്ടുവളപ്പുകളിൽ ഇതിനെ മിക്കപ്പോഴും കാണാം. ഇത് മീനുകളെമാത്രമല്ല ഭക്ഷിക്കുന്നത്. തവളകളും അരണകളും പല്ലികളും ഇതിന്റെ ഭക്ഷണമാണ്. കേരളത്തിൽ ഒട്ടേറെയിടങ്ങളിൽ ഇത് കൂടുകൂട്ടാറുണ്ട്. പൊതുവേ മണ്ണിലെ മാളങ്ങളിലാണ് കൂടുകൂട്ടുന്നത്. പശ്ചിമബംഗാളിന്റെ സംസ്ഥാനപക്ഷിയാണിത്.
പൊടിപ്പൊന്മാൻ (Blue-eared Kingfisher)
Alcedo meninting
കേരളത്തിൽ വിരളമായിമാത്രം കാണുന്ന ഒരു മീൻകൊത്തി. ഇതിനെ കണ്ടുകിട്ടുക അത്ര എളുപ്പമല്ല. പൊതുവേ, വനങ്ങളിലെ അരുവികളുടെയും തടാകങ്ങളുടെയും ഓരങ്ങളിലാണ് കാണപ്പെടുന്നത്. മത്സ്യങ്ങളാണ് മുഖ്യാഹാരം. കേരളത്തിൽ നവംബർമുതൽ മേയ്‌വരെയാണ് ഇവയെ കൂടുതൽ കാണാൻ സാധ്യതയുള്ളത്.
കരിന്തലയൻ മീൻകൊത്തി (Black-capped Kingfisher)
Halcyon pileata
കടൽത്തീരങ്ങളിലും കണ്ടൽക്കാടുകളിലും കാട്ടുപുഴയോരങ്ങളിലുമാണ് ഈ മീൻകൊത്തിയെ കാണാറുള്ളത്. പ്രാണികളാണ് മുഖ്യഭക്ഷണം. സെപ്‌റ്റംബർ മുതൽ മേയ്‌വരെയാണ് ഇതിനെ കേരളത്തിൽ കൂടുതൽ കണ്ടിട്ടുള്ളത്. അതിനാൽ, ഇത് ദേശാടനത്തിനായി കേരളത്തിൽ എത്തുന്നതാകാം. ഇതിന്റെ എണ്ണം കുറഞ്ഞുവരുന്നതിനാൽ അന്താരാഷ്ട്ര പ്രകൃതിസംരക്ഷണ സമിതി (IUCN) ഇതിനെ വംശനാശം നേരിടുന്ന പക്ഷിയായിട്ടാണ് (Vulnerable) പരിഗണിക്കുന്നത്.
മേനിപ്പൊന്മാൻ (Black-backed Dwarf-Kingfisher/
Oriental Dwarf Kingfisher)
Ceyx erithaca
നമ്മുടെ നാട്ടിൽ കാണുന്ന ഏറ്റവും അഴകുള്ള പക്ഷികളിലൊന്നാണിത്. വൈവിധ്യമാർന്ന വർണത്തൂവലുകളാണ് ഇവയെ അഴകുറ്റതാക്കുന്നത്. നമ്മുടെ മീൻകൊത്തികളിൽ ഏറ്റവും ചെറുതാണിത്. കേരളത്തിൽ ഇതിനെ വർഷത്തിൽ എല്ലാ മാസങ്ങളിലും കാണാറുണ്ടെങ്കിലും ഇതിന്റെ സഞ്ചാരത്തെക്കുറിച്ചോ പ്രജനനത്തെക്കുറിച്ചോ ഏറെയൊന്നും അറിയില്ല. വെളിച്ചം നന്നേ കുറഞ്ഞ ഇടങ്ങളിലാണ് ഇതിനെ കാണാറുള്ളത്. മിക്കപ്പോഴും ജലാശയങ്ങൾക്ക് സമീപത്താണ് ഇവ കഴിച്ചുകൂട്ടുന്നത്.
ചെറിയ മീൻകൊത്തി (Small Blue Kingfisher)
Alcedo atthis
ഭംഗിയുള്ള ഒരു കൊച്ചു മീൻകൊത്തി. പുഴകളുടെയും പാടങ്ങളുടെയും അരുവികളുടെയും ഓരങ്ങളിൽ സാധാരണ കാണാം. മീനുകളാണ് മുഖ്യഭക്ഷണം. ജലാശയങ്ങളിൽ പറന്നിറങ്ങി ചെറുമീനുകളെ കൊത്തിയെടുത്ത് പറക്കുന്നത് കാണാൻ ബഹുരസമാണ്. മീനുകളെക്കൂടാതെ ചെറിയ തവളകളെയും ചിത്രശലഭങ്ങളെയും തുമ്പികളെയും പിടിച്ചുതിന്നുന്നത് കണ്ടിട്ടുണ്ട്. മണ്ണിൽ മാളമുണ്ടാക്കിയാണ് കൂടുകൂട്ടുന്നത്. ആണും പെണ്ണും അടയിരിക്കും.
കാക്കമീൻകൊത്തി (Stork-billed Kingfisher)
Pelargopsis capensis
കാക്കയോളം വലുപ്പമില്ലെങ്കിലും കേരളത്തിലെ ഏറ്റവും വലിയ മീൻകൊത്തിയാണിത്. പാടങ്ങളുടെയും പുഴകളുടെയും അരുവികളുടെയും ഓരങ്ങളിൽ സാധാരണം. മത്സ്യങ്ങളാണ് മുഖ്യ ആഹാരമെങ്കിലും ഞണ്ടുകളെയും ഓന്തുകളെയും പിടിച്ചുതിന്നാറുണ്ട്. മണ്ണിലെ മാളങ്ങളിൽമാത്രമല്ല വൃക്ഷങ്ങളിലെ പൊത്തുകളിലും ഇത് കൂടുകൂട്ടാറുണ്ട്.
പുള്ളിമീൻകൊത്തി (Pied Kingfisher)
Ceryle rudis
കേരളത്തിലെ മീൻകൊത്തികളിൽ വലുപ്പത്തിൽ രണ്ടാംസ്ഥാനം പുള്ളിമീൻകൊത്തിക്കാണ്. നമ്മുടെ മീൻകൊത്തികളിൽ ബഹുവർണപ്പകിട്ടില്ലാത്ത ഒരേയൊരു മീൻകൊത്തി. കറുപ്പും വെളുപ്പും നിറമുള്ള തൂവലുകളാണിവയ്ക്ക്. ജലാശയങ്ങൾക്കുമീതേ വായുവിൽ പറന്നുനിന്ന് ജലത്തിൽ മീനുകളുണ്ടോയെന്ന് നിരീക്ഷിക്കുന്ന ശീലമുണ്ട്. പൊതുവേ ജലാശയങ്ങളുടെ തീരങ്ങളിൽമാത്രമേ ഇതിനെ കാണാറുള്ളൂ. തടാകങ്ങളുടെയും തോടുകളുടെയും പുഴകളുടെയും ഓരങ്ങളിൽ സാധാരണം. മണ്ണിൽ മാളമുണ്ടാക്കിയാണ് കൂടൊരുക്കുന്നത്.
Content Highlights: Detailed identification guide for the 7 Kingfisher species native to or migratory in Kerala., Insights into the diet and nesting habits of various Kingfisher types., Conservation status awareness for species like the Black-capped Kingfisher., Expert tips for bird watchers to spot these birds in their natural habitats.