ഫൈറ്ററോ റോക്കറ്റോ, ഏതാണ് സൂപ്പർ? കുട്ടിക്കൂട്ടത്തിന് മറുപടി നൽകി പ്രശാന്ത് ബാലകൃഷ്ണൻ നായർ

ഫൈറ്റർ വിമാനം പറത്തുന്നതോ എയർക്രാഫ്റ്റിൽ സഞ്ചരിക്കുന്നതോ ഏറ്റവും രസകരം? ചോദ്യത്തിന് മറുപടി പറഞ്ഞ് പ്രശാന്ത് ബാലകൃഷ്ണൻ നായർ. കുട്ടികളോട് തന്നെ അദ്ദേഹം ഈ ചോദ്യം ആവർത്തിച്ചു. ഫൈറ്റർ പറത്തലാണ് സൂപ്പറെന്ന് കുറച്ച് മിടുക്കർ. റോക്കറ്റിൽ പോകുന്നതാണ് അതിലും മികച്ചതെന്ന് മറ്റൊരു കൂട്ടർ. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ ആകാശയാത്രയുടെ അത്ഭുതങ്ങൾ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർക്കൊക്കെ ആസ്ട്രോനട്ട് ആകണമെന്ന് അദ്ദേഹം ചോദിച്ചപ്പോൾ എല്ലാവരും ഒരേ ആവേശത്തോടെ കൈയുയർത്തി. ബഹിരാകാശ യാത്രയെക്കുറിച്ചും അതിനുവേണ്ട പരിശീലനങ്ങളെയും കുറിച്ച് ചിത്രങ്ങൾ സഹിതം അദ്ദേഹം കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. കുട്ടികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും അദ്ദേഹം മറുപടി പറഞ്ഞു. മാതൃഭൂമി സീനിയർ സബ് എഡിറ്റർ എം. സന്ധ്യ മോഡറേറ്ററായി.