കിക്കിടു മാങ്ങാച്ചോറ് റെഡി... ഇനി നടക്കപ്പോറത് യുദ്ധം!

എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ വിഭവമാണ് മാങ്ങാച്ചോറ്. കഴിച്ചാൽ മതിവരാത്തത്ര രുചികരമാണ് ഈ വിഭവം. ഇതുണ്ടാക്കിയാൽ വീട്ടിൽ കൊതിയുദ്ധം ഉറപ്പ്.

ആവശ്യമായ സാധനങ്ങൾ:

പച്ചമാങ്ങ ഗ്രേറ്റ് ചെയ്തത് - 1 കപ്പ്
ചോറ് - 2 കപ്പ്
കടുക് - 1 ടീസ്പൂൺ
ഉഴുന്ന് പരിപ്പ് - 1 ടീസ്പൂൺ
കടലപ്പരിപ്പ് - 1 ടേബിൾസ്പൂൺ
നിലക്കടല - 2 ടേബിൾസ്പൂൺ
വറ്റൽ മുളക് - 2 എണ്ണം
പച്ചമുളക് നീളത്തിൽ കീറിയത് - 2-3 എണ്ണം
ഇഞ്ചി പൊടിയായി അരിഞ്ഞത് - ചെറിയ കഷ്ണം
കായപ്പൊടി - 1/4 ടീസ്പൂൺ
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
കറിവേപ്പില - 2 തണ്ട്
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടിക്കുക. ഇതിൽ ഉഴുന്ന് പരിപ്പ്, കടലപ്പരിപ്പ്, നിലക്കടല എന്നിവ ചേർത്ത് ഗോൾഡൻ നിറമാകുന്നത് വരെ വറുക്കുക. ഇതിലേക്ക് വറ്റൽ മുളക്, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.തീ കുറച്ചതിന് ശേഷം മഞ്ഞൾപ്പൊടിയും കായപ്പൊടിയും ചേർത്ത് ഒന്നിളക്കുക. തൊട്ടുപിന്നാലെ ഗ്രേറ്റ് ചെയ്തു വെച്ചിരിക്കുന്ന പച്ചമാങ്ങയും ആവശ്യത്തിന് ഉപ്പും ചേർത്ത് മാങ്ങയുടെ പച്ചമണം മാറി മൃദുവാകുന്നതുവരെ 2-3 മിനിറ്റ് നന്നായി വഴറ്റുക. ഇനി വേവിച്ചു വെച്ചിരിക്കുന്ന ചോറ് ഇതിലേക്ക് ചേർക്കാം. മസാലയും ചോറും നന്നായി യോജിക്കുന്നത് വരെ ചെറുതീയിൽ ഇളക്കുക. ഉപ്പും പുളിയും പാകമാണോ എന്ന് നോക്കിയ ശേഷം തീ അണയ്ക്കാം. രുചികരമായ മാങ്ങാച്ചോറ് തയ്യാർ! ഇത് പപ്പടമോ കൊണ്ടാട്ടമോ കൂട്ടി കഴിക്കാൻ നല്ല കോംബോ ആണ്.

Content Highlights: Mango rice recipe