നൂഡിൽസിന്റെ മമ്മിയെ കണ്ടെത്തിയതറിഞ്ഞോ?

നീളൻ നൂഡിൽസ് ഉണ്ടാക്കുന്നു
നീളൻ നൂഡിൽസ് ഉണ്ടാക്കുന്നു

ചൈനയിലാണ് ആദ്യ നൂഡിൽസ് ഉണ്ടായത് എന്നാണ് പൊതുവേ പറയപ്പെടുന്നതെങ്കിലും ശരിക്കും നൂഡിൽസിന്റെ പിറവി എവിടെനിന്നായിരുന്നുവെന്ന് ഇന്നും കൃത്യമായി കണ്ടുപിടിക്കപ്പെട്ടിട്ടില്ല.
നൂഡിൽസ് മമ്മി
2002ൽ ചൈനയിലെ പഴയനഗരത്തിന്റെ അവശേഷിപ്പുകൾ തിരയുന്നതിനിടെ ചരിത്രകാരൻമാർക്ക് തലകീഴായി കുഴിച്ചിട്ട ഒരു പാത്രം കിട്ടി. പാത്രം എടുത്തുനോക്കിയപ്പോൾ കണ്ടതോ, നാലായിരംവർഷം പഴക്കമുള്ള നൂഡിൽസ്. വിശദമായ പരിശോധനയിൽ അത് ചെറുധാന്യങ്ങളും പണ്ടത്തെ ഏതോ ധാന്യവും ചേർത്ത് നിർമിച്ചതാണെന്ന് മനസ്സിലായി.


മെയ്ഡ് ഇൻ ചൈന
ഏതാണ്ട് ഇതേ കാലയളവിലാണ് വ്യാപാരികൾ ചൈനയിലേക്ക് ഗോതമ്പ് കൊണ്ടുവരുന്നത് എന്ന് പിന്നീടുള്ള പഠനങ്ങളിൽ തെളിഞ്ഞു. ആ സമയത്ത് ചൈനക്കാർ ഗോതമ്പ് വളർത്തുകയും ഗോതമ്പുമാവുകൊണ്ടുണ്ടാക്കുന്ന വിഭവങ്ങൾക്ക്  മിയാൻ എന്ന പേരുനൽകുകയും ചെയ്തിരുന്നു. പശിമയുള്ള ഗോതമ്പുമാവ് വലിച്ചുനീട്ടി നീളമുള്ള നൂഡിൽസ് നിർമിക്കുന്ന വിദ്യ അവർ പെട്ടെന്നുതന്നെ പഠിച്ചെടുത്തു. ലാ മിയാൻ എന്നാണിതിന് നൽകിയ പേര്. ഒരു ബൗൾ നിറച്ചുള്ള ഗോതമ്പുമാവ് വലിച്ചുനീട്ടിയും അറ്റങ്ങൾ കൂട്ടിയൊട്ടിച്ചും പിന്നെയും വലിച്ചുനീട്ടിയും അവർ നല്ല നീളൻ നൂഡിൽസ് ഉണ്ടാക്കിത്തുടങ്ങി. ഇന്ന് ചൈനയിലെ ഒരു മാസ്റ്റർ ഷെഫിന് ഒരു ബൗൾ മാവിൽനിന്ന് ഒൻപത് അടിവരെ നീളമുള്ള (ഏതാണ്ട് 3 മീറ്റർ) നൂഡിൽസ് ഉണ്ടാക്കാൻ മിനിറ്റുകൾമാത്രം മതിയത്രേ.
മാർക്കറ്റുകളിലും മാളുകളിലും ചുകചുകന്ന റാമേയോൺ നൂഡിൽസാണ് ഇപ്പോൾ താരം. ജപ്പാനിലും കൊറിയയിലും വേരുകളുള്ള ഇൻസ്റ്റന്റ് സ്‌പൈസി നൂഡിൽസാണ് റാമേയോൺ. നൂഡിൽസ് പണ്ടേ തീൻമേശയിലെ താരമാണ്.
 ഒട്ടിപ്പിടിക്കുന്ന സ്പാഗെട്ടി വിഴുങ്ങുന്നത് ഇറ്റലിയിലെ കുട്ടികൾക്ക് ഒരു വിനോദമാണ്. ചൈനയിൽ തടിയൻ നൂഡിൽസ് സോസും കൂട്ടി ചോപ്പ്സ്റ്റിക്ക് ഉപയോഗിച്ച് കഴിക്കുന്നതാണ് പതിവ്. ജപ്പാനിലാണെങ്കിൽ അല്പം ശബ്ദത്തോടെ സോബ കഴിക്കും. ആയിരം വർഷത്തിലധികമായി ലോകത്തിന്റെ പലഭാഗത്തും നൂഡിൽസ് പല രീതിയിൽ പല പേരുകളിൽ ഉപയോഗിക്കുന്നു.


 

Content Highlights: history and amazing facts on noodles