ഭൂമി കറങ്ങുന്നത് ഓവർ സ്പീഡിലാണോ? സത്യമറിയാം

#അഞ്ജിത.കെ.എസ്

ഭൂമി കറങ്ങുന്നതിന്റെ വേഗം ഇടയ്‌ക്കൊക്കെ കൂടിയും കുറഞ്ഞുമൊക്കെ ഇരിക്കാറുണ്ട്. ഇങ്ങനെ വേഗം വ്യത്യാസപ്പെടുന്നതിന് പല കാരണങ്ങളുമുണ്ട്. ചന്ദ്രന്റെ ഗുരുത്വാകർഷണം, മാഗ്മയുടെ ചലനം, വായുപ്രവാഹങ്ങളുടെയും സമുദ്രജലപ്രവാഹങ്ങളുടെയും വേഗവും ദിശയും, ഹിമാനികൾ ഉരുകി വെള്ളമാകുന്നത് തുടങ്ങിയവ ചിലതാണ്.

ഇവയിലുണ്ടാകുന്ന വ്യത്യാസങ്ങൾ ഭൂമിയുടെ സന്തുലിതാവസ്ഥ തെറ്റിക്കുന്നതാണ് കാരണം. ഈ കഴിഞ്ഞ ജൂലായ് പത്തിനാണ് ഭൂമിയിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ പകലുണ്ടായത്. അന്നാവട്ടെ ഭൂമി സാധാരണ കറങ്ങാനെടുക്കുന്ന സമയത്തിൽനിന്ന് 1.36 മില്ലിസെക്കൻഡ് മാത്രമാണ് കുറവുണ്ടായത്.

ഈ വ്യത്യാസം നമ്മെ വലിയതോതിൽ ബാധിക്കാറില്ലെന്നതാണ് സത്യം. എന്നാൽ കംപ്യൂട്ടറുകൾ, കൃത്രിമ ഉപഗ്രഹങ്ങൾ, ജിപിഎസ് പോലുള്ള ആശയവിനിമയസാങ്കേതികവിദ്യകൾ തുടങ്ങിയവയിലെ അറ്റോമിക് ക്ലോക്കുകളിൽ ഈ വ്യത്യാസം ഒരു പ്രശ്‌നമാണ്.

ലീപ് സെക്കൻഡ് എന്നൊരു സെക്കൻഡ് സമയത്തിൽ അധികമായി ചേർത്താണ് ഈ വ്യത്യാസം ശാസ്ത്രജ്ഞർ ശരിയാക്കുന്നത്. 1972 മുതൽ 27 ലീപ് സെക്കൻഡാണ് അധികം ചേർത്തിട്ടുള്ളത്.

Content Highlights: earth roation and how the speed variation effect human life