വൈകീട്ടെന്താ ചായയ്ക്ക്? ഇന്ന് നൂഡിൽസ്കൊണ്ട് രസികൻ വട ഉണ്ടാക്കിയാലോ?

ആവശ്യമായ സാധനങ്ങൾ:
നൂഡിൽസ് വേവിച്ചത് : ഒരു കപ്പ്
പച്ചമുളക് നുറുക്കിയത് : ഒരു ടേബിൾസ്പൂൺ
സവാള നീളത്തിൽ അരിഞ്ഞത് : കാൽ കപ്പ്
മുട്ട : ഒന്ന്
മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല : കാൽ ടീസ്പൂൺ
നൂഡിൽസ് മസാല : ഒരു പാക്കറ്റ്
വെളിച്ചെണ്ണ, ഉപ്പ് : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
പച്ചമുളകും സവാളയും കൈകൊണ്ട് നന്നായി തിരുമ്മുക.
മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരംമസാല, ഉപ്പ് നൂഡിൽസ് മസാല എന്നിവ ഇട്ട് മുട്ട പൊട്ടിച്ചൊഴിക്കുക. എല്ലാം കൂടി കൂട്ടി ഇളക്കണം.
ഇതിലേക്ക് വേവിച്ച നൂഡിൽസ് ഇട്ട് നന്നായി യോജിപ്പിക്കണം.
ഇനി ഒരു തവയിൽ എണ്ണ ചൂടാക്കുക.
തയ്യാറാക്കി വച്ച നൂഡിൽസ് കൂട്ടിൽ നിന്ന് കുറേശ്ശെ എടുത്ത് വടയുടെ രൂപത്തിലാക്കി എണ്ണയിലേക്കിടുക.
നല്ല ബ്രൗൺ നിറമായിത്തുടങ്ങുമ്പോൾ വറുത്തുകോരിക്കോളൂ. നൂഡിൽസ് വട തയ്യാർ.
Content Highlights: Quick and easy evening snack using leftover or boiled noodles