രൂചികരമായ ബ്രെഡ് മസാല എളുപ്പത്തിൽ തയ്യാറാക്കാം...

ആവശ്യമുള്ള സാധനങ്ങൾ
1. ബ്രെഡ് - 8 എണ്ണം
2. ഓയിൽ -രണ്ട് ടേബിൾ സ്പൂൺ
3. ജീരകം -മുക്കാൽ ടീസ്പൂൺ
4. ഉള്ളി അരിഞ്ഞത് - അര കപ്പ്
5. പച്ചമുളക് അരിഞ്ഞത് -1
6. ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ്-ഒരു ടീസ്പൂൺ
7. തക്കാളി അരിഞ്ഞത്- മുക്കാൽ കപ്പ്
8. ഉപ്പ്- ആവശ്യത്തിന്
9. ഗരം മസാല -അര ടീസ്പൂൺ
10. മുളകുപൊടി-അര ടീസ്പൂൺ
11. വെള്ളം -മൂന്ന് ടേബിൾസ്പൂൺ
12. മല്ലിയില- 3 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ബ്രെഡ് നന്നായി മുറിച്ചെടുക്കുക. അടി കട്ടിയുള്ള പാത്രത്തിൽ എണ്ണ ചൂടാക്കി ജീരകം ഇടുക. പൊട്ടിത്തുടങ്ങുമ്പോൾ അരിഞ്ഞുവെച്ച ഉള്ളി ഇതിലേക്കിട്ട് നന്നായി വഴറ്റിയെടുക്കുക. ശേഷം ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഇതിലേക്ക് ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക. ഇനി അരിഞ്ഞുവെച്ച തക്കാളി, ഉപ്പ്, ഗരം മസാല, മുളകുപൊടി എന്നിവ ചേർക്കുക. മിശ്രിതം നന്നായി ഇളക്കണം. ഇതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ വെള്ളം ചേർക്കുക. വെള്ളം ആവിയായി പോകുന്നതുവരെ നന്നായി വേവിച്ചെടുക്കണം. വെള്ളമില്ലാത്ത രീതിയിൽ നല്ല കട്ടിയുള്ള പേസ്റ്റായി മിശ്രിതം മാറുമ്പോൾ മുറിച്ചുവെച്ച ബ്രെഡ് ഇതിലേക്ക് ചേർക്കാം. കൂടെ മല്ലിയിലയും. ഇനി ചെറുതായി ഇളക്കിക്കൊടുക്കുക. ബ്രെഡ് വല്ലാതെ പൊടിഞ്ഞുപോകുന്ന രീതിയിൽ ഇളക്കരുത്. ഉള്ളിയും തക്കാളിയും ചെറുതായി മുറിച്ചത്, ചെറുനാരങ്ങ പകുതിയായി മുറിച്ചത് എന്നിവ ഉപയോഗിച്ച് വേണമെങ്കിൽ അലങ്കരിക്കാം. ചൂടോടെ കഴിക്കാം.
Content Highlights: easy bread masala recipe for kids