എലിയും പുലിയും കാഴ്ചകൾ കാണാനിറങ്ങിയപ്പോൾ എന്തുസംഭവിച്ചെന്നറിയാമോ? കവിത വായിക്കാം

എലിയും പുലിയും പണ്ടൊരു നാളിൽ,
കാഴ്ചകൾ കാണാൻ നാട്ടിലിറങ്ങി
നേരമ്പോക്കുകൾ പലതും ചൊല്ലി,
ഇരുവരുമൊന്നായ് ചുറ്റിയടിച്ചു
വഴിയരികത്തൊരു പൂച്ച കരഞ്ഞു;
മൂഷികവീരൻ ഞെട്ടി വിറച്ചു!
എലിവെപ്രാളം കണ്ടു ചിരിച്ച്,
പുലി ചൊല്ലുന്നു: 'മുതുകിൽ കയറ്!'
പുലിമേലേറിയ എലിയെ കണ്ട്,
പൂച്ച വിരണ്ടിട്ടെങ്ങോ മണ്ടി!
നാട്ടുവിശേഷം കണ്ടു രസിച്ച്,
പിന്നെയുമിവരുടെ യാത്ര തുടർന്നു.
പെട്ടെന്നയ്യോ, പുലി ചെന്നിട്ടൊരു-
വലയുടെ ഉള്ളിൽ പെട്ടീടുന്നു!
പേടിച്ചലറും പുലി തൻ കാതിൽ,
എലി ചൊല്ലുന്നു: 'ഭയന്നീടേണ്ട!'
വല തൻ കണ്ണികൾ കണ്ടിച്ചിട്ടെലി,
പുലിയെ കൂട്ടി നടന്നീടുന്നു!
ഇക്കഥ പോലെ ഒരുമയിൽ വാണാൽ,
അകലും നമ്മുടെ ജീവിതക്ലേശം!
Content Highlights: An allegorical tale illustrating the power of unity