ജൂൺ മാസത്തിലെതെന്തൊക്കെയാ നടക്കണെ? കവിത വായിക്കാം

#രാധാകൃഷ്ണന്‍ എടച്ചേരി

ജൂണൊരു കുസൃതിപ്പെൺകുട്ടി

വികൃതികൾ കാട്ടിനടക്കുന്നു

മാനത്തേക്കു പറക്കുന്നു

മുകിലിനോടൊത്തു കളിക്കുന്നു

കവിളിൽ നുള്ളി രസിക്കുന്നു

മണ്ടയ്ക്കിട്ട് കിഴുക്കുന്നു

കാതിൽ മെല്ലെ പാടുന്നു:

''മുകിലേ, എന്തേ മിണ്ടാത്തൂ,

തൊണ്ടയിലെന്താ മുള്ളുണ്ടോ?''

മുകിലിൻ കണ്ണുകൾ നിറയുന്നു

തൊള്ള തുറന്നു കരയുന്നു

ഇടിയമ്മാവൻ മുരളുന്നു

മിന്നൽ ക്യാമറ ക്ലിക്കുന്നു

പെടപെട ചുട്ടടി കിട്ടിയപോൽ

ജൂണും തേങ്ങിക്കരയുന്നു

പള്ളിക്കൂടപ്പടിവാതിൽക്കൽ

കാറ്റല പായും നേരത്ത്

കോരിച്ചൊരിയും മാരിയിൽ ജൂണൊരു

കുടയും ചൂടിപ്പോകുന്നു!

Content Highlights: Personification of June as a mischievous girl