മുതലയെ പറ്റിച്ചേ! കുറുക്കച്ചൻ മുതലയെ പറ്റിച്ച കവിത

#ജോസ് ഗോതുരുത്ത്

ആഹാരത്തിനു വഴി തേടി

ആറിൽ നിന്നൊരു മുതലച്ചൻ

കരയിൽ കയറിയനങ്ങാതെ

കണ്ണുമടച്ചു കിടപ്പായി

കാടുമുഴുക്കെയലഞ്ഞിട്ടും

തിന്നാനൊന്നും കിട്ടാതെ

ആറിൻകരയിൽ ഇരതേടി

ആ വഴി വന്നു കുറുക്കച്ചൻ

അടുത്തുചെന്നാലപകടമാം

അടിച്ചുവീഴ്ത്തും മുതലച്ചൻ

അങ്ങനെ കരുതിയ നേരത്ത്

അടവുപയറ്റി കുറുക്കച്ചൻ

മുതലകൾ ചത്തുകിടക്കുമ്പോൾ

വാലാട്ടീടുക പതിവല്ലോ

അതുകേട്ടപ്പോൾ ആ നിമിഷം

വാലിട്ടാട്ടി മുതലച്ചാർ

അമ്പട മുതലേ അതുവേണ്ടാ

അപ്പണി കൈയിലിരിക്കട്ടെ

മുതലയെ നോക്കി കളിയാക്കി

ഓടിമറഞ്ഞു കുറുക്കച്ചൻ!

Content Highlights: Engaging Malayalam poem featuring a clever fox and a cunning crocodile,