എന്തേ കൊമ്പൻ ചിന്തിപ്പൂ? കവിത വായിച്ചാലോ?

#ഇന്ദുലേഖ പരമേശ്വരന്‍

അമ്പലമുറ്റത്തെന്തൊരു മേളം

വമ്പനൊരാനക്കൊമ്പനതാ!

കുഞ്ഞിക്കണ്ണുകൾ ചിമ്മിച്ചിമ്മി

എന്തേ കൊമ്പൻ ചിന്തിപ്പൂ?

തണുത്തകാറ്റിൻ വീടാം കാട്ടിൽ

തിരിച്ചുപോവാൻ വഴിയുണ്ടോ?

കിളുന്തുമുളകൾ നിറഞ്ഞ കാട്ടിൽ

തിരിച്ചുചെല്ലാൻ വഴിയുണ്ടോ?

കുളിർന്നവെള്ളം ചിന്നിപ്പായും

അരുവിയിൽ മുങ്ങാൻ കൊതിയുണ്ടേ

പെരുത്തകാട്ടിന്നകത്തു കയറി

ഒളിച്ചുനിൽക്കാൻ കൊതിയുണ്ടേ

ചുവന്നമണ്ണീ മേനിയിലാകെ

വിതറി രസിച്ചു തിമിർക്കുമ്പോൾ

മനസ്സിലങ്ങനെ മേളം നിറയും

ആഹ്ലാദത്തിൻ പൊടിപൂരം!

Content Highlights: Captures the emotional longing of a captive elephant for its forest home., Engaging and rhythmic Malayalam verses suitable for children.