മരം നടൽ മാത്രമാണോ പരിസ്ഥിതിസ്നേഹം? കുട്ടികൾക്ക് ഇവ പറഞ്ഞുകൊടുക്കാം...

''മിഠായിക്കടലാസ് ഇങ്ങനെ അവിടെയും ഇവിടെയും ഇടാതെ വേസ്റ്റ് ബാസ്‌ക്കറ്റിൽ കൊണ്ടിടൂ!'', പറഞ്ഞ ഉടൻ നന്ദമോൾ അനുസരിച്ചു. ചെറിയപ്രായത്തിൽ തന്നെ നല്ല ശീലങ്ങൾക്കൊപ്പം പരിസ്ഥിതിയെ സംരക്ഷിക്കാനും കുട്ടികളെ പഠിപ്പിക്കണം. ഇക്കാര്യത്തിൽ ചിലത് ശ്രദ്ധിക്കാം. മിഠായിക്കടലാസും ആവശ്യമില്ലാത്ത കവറുകളും അലക്ഷ്യമായി വലിച്ചെറിയാതെ വേസ്റ്റ് ബാസ്‌ക്കറ്റിൽ നിക്ഷേപിക്കാൻ കുട്ടികളെ ശീലിപ്പിക്കണം. യാത്ര ചെയ്യുമ്പോൾ വാഹനങ്ങളിൽനിന്ന് കവറുകൾ, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവ റോഡിലേക്ക് വലിച്ചെറിയരുതെന്ന് അവരെ പറഞ്ഞുമനസ്സിലാക്കാം. റോഡരികിൽ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ അലഞ്ഞുതിരിയുന്ന മൃഗങ്ങൾ ഭക്ഷിച്ചാൽ അതവയുടെ ജീവൻ പോലും അപകടത്തിലാക്കുമെന്ന ബോധ്യം കുട്ടികളിൽ ഉണ്ടാക്കണം. വീട്ടിലെപ്പോലെ സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും അവരോട് പറയാം. ലഞ്ച് ബോക്‌സ്, സ്‌നാക്‌സ് എന്നിവ സ്‌കൂളിലേക്ക് കൊണ്ടുപോകാൻ ഒരിക്കലും പ്ലാസ്റ്റിക് സഞ്ചികൾ കൊടുക്കരുത്. ഭക്ഷണാവശിഷ്ടങ്ങളും വേസ്റ്റ് പേപ്പറും സ്‌കൂളിൽ ഇതിനായി വച്ചിട്ടുള്ള പെട്ടികളിലേ നിക്ഷേപിക്കാവൂ എന്ന് സ്‌നേഹത്തോടെ നിർദേശിക്കണം.
പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കണമെന്നും ഇത് മണ്ണിൽ അടിയാതെ പരിസ്ഥിതി പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നുമുള്ള ഒരു അവബോധം അവരിൽ ഉണ്ടാക്കാൻ ശ്രമിക്കാം.
ചെറുപ്പകാലത്ത് പഠിക്കുന്ന കാര്യങ്ങളാണ് ജീവിതത്തിൽ ഉടനീളം അവർ പിൻതുടരുന്നത്. അതുകൊണ്ട് ഇത്തരം നല്ല ശീലങ്ങൾ പകർന്ന് കൊടുക്കാൻ മുതിർന്നവരെല്ലാം ശ്രദ്ധിക്കേണ്ടതാണ്.
Content Highlights: Discourage the use of plastic bags for school lunches and snacks