'സർക്കസ്സുകാർ എന്നെ പിടിച്ച് കൊണ്ടുപോവുമോ?', ലിറ്റിമോളുടെ പേടിക്ക് കാരണമെന്താവും?

വര: ദേവപ്രകാശ്
വര: ദേവപ്രകാശ്

ലിറ്റിമോൾ കുറച്ച് ദിവസമായി ക്ലാസ്സിൽ മിണ്ടാതിരിപ്പാണ്. എപ്പോഴും ഓടിച്ചാടി നടക്കുന്ന കുസൃതിക്കുട്ടിക്ക് എന്തു പറ്റി? ടീച്ചർ അവളെ ഒറ്റയ്ക്ക് വിളിച്ച് കാര്യം തിരക്കി. ''അച്ഛനും അമ്മേം എന്നെ സർക്കസ്സുകാർക്ക് കൊടുക്കാൻ പോകുവാ!'' ലിറ്റി പൊട്ടിക്കരഞ്ഞു. കുറേക്കൂടി സംസാരിച്ചപ്പോഴാണ് കാര്യം മനസ്സിലാവുന്നത്. ലിറ്റി കുറുമ്പ് കാണിക്കുമ്പോഴെല്ലാം അച്ഛനും അമ്മയും പറയും 'ഇനിയിങ്ങനെ കാണിച്ചാൽ നിന്നെ സർക്കസ്സുകാർക്ക് പിടിച്ച് കൊടുക്കും!' എന്ന്. അങ്ങനെയിരിക്കുമ്പോഴാണ് നഗരത്തിൽ സർക്കസ്സുകാർ എത്തുന്നതായി പരസ്യം വന്നുതുടങ്ങിയത്. അതോടെ ലിറ്റിക്ക് പേടിയായി. തന്നെ കൊണ്ടുപോകാനാണ് സർക്കസ്സുകാർ വരുന്നതെന്നുതന്നെ അവൾ വിശ്വസിച്ചു. അതോടെ അവളുടെ പ്രസരിപ്പെല്ലാം പോകുകയും ചെയ്തു.

അച്ഛനമ്മമാരെ വിട്ട് പോകാൻ ഒരു കുഞ്ഞും ഇഷ്ടപ്പെടില്ല. കുട്ടിക്കുറുമ്പുകളെ നേരിടാൻ, ഉപേക്ഷിച്ചു കളയും എന്നമട്ടിലുള്ള ഭീഷണി മുഴക്കുന്നത് അവരിൽ വല്ലാത്ത പിരിമുറുക്കം ഉണ്ടാക്കും. അത് കുട്ടികളുടെ സ്വഭാവത്തേയും ആത്മവിശ്വാസത്തേയും ഒക്കെ ബാധിക്കുകയും ചെയ്യും. ചെറിയ ചെറിയ കുസൃതികളും കുറുമ്പുകളുമൊക്കെ അതിൻ്റേതായ രീതിയിൽ മാത്രം എടുക്കുന്നതാണ് നല്ലത്. കുട്ടികളെല്ലാം മുതിർന്നവരെപ്പോലെ പക്വമായി പെരുമാറിയാൽ എന്തൊരു ബോറായിരിക്കും. കുസൃതികൾ വികൃതികളാകുമ്പോൾ അല്ലെങ്കിൽ അതിര് കടക്കുമ്പോൾ തിരുത്തുകയും വീണ്ടും ആവർത്തിച്ചാൽ ചെറിയ ശിക്ഷകൾ നൽകുകയും ചെയ്യാം. ഏതായാലും ലിറ്റിയുടെ അച്ഛനമ്മമാരെപ്പോലെ കുട്ടിയെ മാനസികമായി തകർക്കുന്ന ഭീഷണികൾ വേണ്ടേ വേണ്ട!
 

Content Highlights: Learn how empty threats can negatively impact a child`s behavior and confidence.