കുഞ്ഞുങ്ങള്‍ പച്ചക്കറി കഴിക്കുന്നില്ലേ? പരീക്ഷിച്ചു നോക്കാം ഇക്കാര്യങ്ങള്‍...

''അമ്മേ എനിക്കിത് വേണ്ട!'', പച്ചക്കറികള്‍ കഴിക്കാന്‍ കൊടുക്കുമ്പോള്‍ കുട്ടികള്‍ പതിവായി പറയാറുള്ളതാണ് ഇത്. ശരീരത്തിന് ധാരാളം പോഷകങ്ങള്‍ നല്‍കുന്ന സാധനമാണ് പച്ചക്കറികള്‍. എന്നാല്‍ മിക്ക കുട്ടികള്‍ക്കും അവ കഴിക്കാന്‍ മടിയാണ്. കുട്ടികളെക്കൊണ്ട് പച്ചക്കറികള്‍ കഴിപ്പിക്കാനായി വഴക്കിടുന്ന അമ്മമാര്‍ വീടുകളിലെ സ്ഥിരം കാഴ്ചയാണ്. എന്നാല്‍ ചില പൊടിക്കൈകളിലൂടെ അവരെ പച്ചക്കറികള്‍ കഴിപ്പിക്കാം. അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ.

പച്ചക്കറികള്‍ കഴിപ്പിക്കുന്നതിനേക്കാള്‍ അത് എങ്ങനെ കൊടുക്കുന്നു എന്നതിലാണ് കാര്യം. പലപ്പോഴും അവര്‍ക്ക് ഇഷ്ടമാകാത്ത രീതിയിലായിരിക്കും അവ ഉണ്ടാക്കി നല്‍കുന്നത്. മറ്റു ഭക്ഷണങ്ങള്‍ക്കൊപ്പം പച്ചക്കറികള്‍ ചേര്‍ത്ത് ആകര്‍ഷകമായ രൂപങ്ങളില്‍ വിളമ്പിയാല്‍ അത് കുട്ടികളില്‍ കൗതുകമുണ്ടാക്കും. വേവിച്ച പച്ചക്കറികളില്‍ അല്പം ഉപ്പും മസാലയുമെല്ലാം ചേര്‍ത്ത് ചപ്പാത്തിക്കുള്ളില്‍ വെച്ച് ചപ്പാത്തി റോളായി കൊടുക്കാം. ഫ്രൈഡ്റൈസും ന്യൂഡില്‍സുമൊക്കെ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് കുട്ടികള്‍. പച്ചക്കറികള്‍ അടങ്ങിയ ഫ്രൈഡ്റൈസ്, ന്യൂഡില്‍സ് എന്നിവ ഉണ്ടാക്കി അവര്‍ക്ക് നല്‍കണം.

വറുത്തതും പൊരിച്ചതുമായ സാധനങ്ങളോട് കുട്ടികള്‍ക്ക് പൊതുവെ താത്പര്യം കൂടുതലാണ്. ഉപ്പും മസാലയുമെല്ലാം ചേര്‍ത്ത് അല്പം എണ്ണയില്‍ പച്ചക്കറികള്‍ വറുത്തെടുത്താല്‍ രുചികരമായിരിക്കും.

പച്ചക്കറികളുടെ ഗുണങ്ങളെപ്പറ്റിയും അവ കഴിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും കുട്ടികളെ ബോധ്യപ്പെടുത്തണം. മുതിര്‍ന്നവര്‍ പച്ചക്കറികള്‍ കഴിച്ച് കുട്ടികള്‍ക്കു മാതൃകയാവണം. തീന്‍മേശയില്‍ ഇവ സ്ഥിരം വിഭവമായി കൊണ്ടുവരികയുംകൂടി ചെയ്താല്‍ ക്രമേണ പച്ചക്കറികള്‍ അവരുടെ ജീവിതത്തിന്റെയും ഭാഗമാകും.

Content Highlights: Picky eaters refusing vegetables? Discover fun ways to get kids to eat healthy! Make veggies appealing with these creative tips. Learn more now!