നിലത്ത് കിടന്നുരുണ്ടിട്ട് കാര്യമില്ല ഉണ്ണീ, ഞാൻ നോക്കില്ല!

കുട്ടികൾ നമ്മൾ പറയുന്നതൊന്നും കേൾക്കുന്നില്ല, വിചാരിച്ച കാര്യം സാധിക്കാൻ വേണ്ടി എപ്പോഴും നിലത്തു കിടന്നുരുണ്ട് വാശി പിടിക്കുന്നു എന്നതാണോ നിങ്ങളുടെ പരാതി? എന്നാൽ ഇനി വിഷമിക്കേണ്ട. മനഃശാസ്ത്രപരമായി കുട്ടികളുടെ ഇത്തരം വാശികളെ എങ്ങനെയെല്ലാം മാറ്റിയെടുക്കാമെന്ന് നോക്കാം:
കരഞ്ഞാൽ കാര്യം നടക്കരുത്…
കുട്ടി ഒരു കാര്യം സാധിക്കാൻ വേണ്ടി നിലത്തു കിടന്നുരുണ്ട് കരയുമ്പോൾ, ആ വാശിക്ക് വഴങ്ങി നിങ്ങൾ അത് സാധിച്ചു കൊടുത്താൽ 'കരഞ്ഞാൽ കാര്യം നടക്കും' എന്ന് കുട്ടി പഠിക്കും. പകരം, ആ സമയത്ത് കുട്ടിയെ പൂർണ്ണമായി അവഗണിക്കുക.
സൂപ്പർ ടിപ്പ്: ശാന്തമായി നല്ല രീതിയിൽ പെരുമാറുന്ന സമയത്ത് മാത്രം കുട്ടിക്ക് പരിഗണനയും അഭിനന്ദനങ്ങളും നൽകുക. കുട്ടി കാണിക്കുന്ന നല്ല മാറ്റങ്ങളെ അപ്പോൾത്തന്നെ കെട്ടിപ്പിടിച്ചോ ഉമ്മ നൽകിയോ പ്രോത്സാഹിപ്പിക്കാം. എന്നാൽ ഒരിക്കൽ നന്നായി പെരുമാറിയ കാര്യത്തിൽ നിന്ന് വീണ്ടും പുറകോട്ട് പോകുമ്പോൾ ഒരു കാരണവശാലും പ്രതിഫലമോ ശ്രദ്ധയോ നൽകരുത്.
ചൂതാട്ട തന്ത്രം- വിജയം ഉറപ്പ്
കുട്ടി ഒരു നല്ല കാര്യം എപ്പോഴും ചെയ്യാൻ തുടങ്ങിയാൽ, എല്ലാ തവണയും അതിന് സമ്മാനം കൊടുക്കരുത്. പകരം എപ്പോഴെങ്കിലും ഒരിക്കൽ മാത്രം കൊടുക്കുക. 'അടുത്ത തവണ എനിക്ക് സമ്മാനം കിട്ടുമോ ഇല്ലയോ' എന്ന കുട്ടിയുടെ ആകാംക്ഷ കുട്ടിയെ കൂടുതൽ നന്നായി പെരുമാറാൻ പ്രേരിപ്പിക്കും.
മോശം പെരുമാറ്റങ്ങളെ അവഗണിക്കുക
പല കുട്ടികളും വാശി പിടിക്കുന്നതും കുറുമ്പ് കാണിക്കുന്നതും മാതാപിതാക്കളുടെ ശ്രദ്ധ കിട്ടാനാണ്. നമ്മൾ വഴക്കുപറയുമ്പോൾ സത്യത്തിൽ കുട്ടിയുടെ ഉദ്ദേശ്യം (നമ്മുടെ ശ്രദ്ധ കിട്ടുക എന്നത്) നടക്കുകയാണ് ചെയ്യുന്നത്. ഇത്തരം വാശികളെ പൂർണമായി അവഗണിക്കുക. ശ്രദ്ധ കിട്ടാതാകുമ്പോൾ ആ സ്വഭാവം താനേ മാറിക്കോളും.
മാതൃകയാവുക
'അങ്ങനെ ചെയ്യരുത്, ഇങ്ങനെ ജീവിക്കണം' എന്ന് കുട്ടികളോട് നീണ്ട പ്രസംഗം നടത്തിയിട്ട് ഒരു കാര്യവുമില്ല. കാരണം, കുട്ടികൾക്ക് അത്തരം വലിയ തത്വങ്ങൾ മനസ്സിലാക്കാനുള്ള പ്രായമായിട്ടുണ്ടാകില്ല. കുട്ടികൾ എപ്പോഴും നമ്മളെ നോക്കിയാണ് പഠിക്കുന്നത്. അവർ എങ്ങനെ ജീവിക്കണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ, അതുപോലെ നിങ്ങൾ അവർക്ക് മുന്നിൽ ജീവിച്ചു കാണിക്കുക.
Content Highlights: Ignoring tantrums to discourage attention-seeking behavior