''നിന്റെ വർഗ്ഗമല്ലേ അവർ, ഞങ്ങളെ ഉപദ്രവിക്കരുതെന്ന് പറയൂ...'' പക്ഷികളും മൃഗങ്ങളും വനതിയോട് പറഞ്ഞു

തിവു പോലെ മുക്കുന്നിലിരിക്കുകയായിരുന്നു നിളയും കൂട്ടുകാരും. ഡുമിനി ഒരു പൂമ്പാറ്റയുടെ പിറകേ ഓടി കുത്തി മറിയുകയായിരുന്നു. പൂമ്പാറ്റ ഡുമിനിയെ കുറേ ചുറ്റിച്ചു. ഡുമിനി തോൽവി സമ്മതിച്ചു. അവൾ നിളയുടെ അടുത്ത് വന്നിരുന്നു. ഇത്തിരി നേരം കഴിഞ്ഞപ്പോൾ ഡുമിനി ചാടിയെഴുന്നേറ്റു. പിന്നെ ആകാശത്തേക്ക് നോക്കി കരയാൻ തുടങ്ങി. നിളയ്ക്ക് ഒന്നും മനസിലായില്ല. ഡുമിനി സന്തോഷം കൊണ്ടെന്ന പോലെ നിലത്തു കിടന്നുരുണ്ടു. പിന്നെ വീണ്ടും ആകാശത്തേക്ക് നോക്കി. അതങ്ങനെ രണ്ടുമൂന്ന് വട്ടം ആവർത്തിച്ചു.

''ഈ പൂച്ചക്കിതെന്താ പറ്റിയത്?'' - ദേവത ചോദിച്ചു.

''ദാ നോക്ക്.'' - ജാനകി പെട്ടെന്ന് ആകാശത്തേക്ക് വിരൽ ചൂണ്ടി.

അവർക്കു നേരെ ഒരു പേപ്പർ വിമാനം പറന്നു വരികയായിരുന്നു. അത് തൊട്ടടുത്ത് എത്തുന്നതിനനുസരിച്ച് ഡുമിനിയുടെ കുത്തിമറിയൽ കൂടി.

വിമാനം അവരെ ഒന്നു വലം വെച്ച ശേഷം നിലത്തിറങ്ങി.

നിള അത് കൈയ്യിലെടുത്തു. അതിലെന്തോ എഴുതിയിരിക്കുന്നത് അവൾ ശ്രദ്ധിച്ചു.

അവൾ വിമാനത്തിന്റെ മടക്കുകൾ ശ്രദ്ധയോടെ നിവർത്തി. അപ്പോൾ അതൊരു കത്തായി മാറി.

നിള കത്ത് വായിച്ചു.

''മൂന്നു പേർക്കും കണ്ണാടിയിലേക്ക് സ്വാഗതം. ആരുടേയും കണ്ണിൽപ്പെടാതെ വരിക - വനതി.''

കത്തു വായിച്ചപ്പോൾ ദേവതയ്ക്ക് സംശയം. പോണോ?

''വേണം.''- ജാനകി പറയുന്നതിനു മുമ്പേ നിള നടന്നു തുടങ്ങിയിരുന്നു.

ആരുടേയും കണ്ണിൽപ്പെടാതെ അവർ കണ്ണാടിക്കാട്ടിലേക്ക് കയറി. പുൽമേട്ടിൽ അവരെ കാത്തിരിക്കുകയായിരുന്നു മന്ത്രവാദിനി.

മൂന്നാളും വനതിക്കു മുന്നിൽ ചമ്രം പടിഞ്ഞിരുന്നു.

''എത്രയോ വർഷങ്ങൾക്കു ശേഷമാണ് ഞാൻ മനുഷ്യരോട് മര്യാദയ്ക്ക് സംസാരിക്കുന്നത്. നിങ്ങളെ മൂന്നാളേയും എനിക്കിഷ്ടമായി. പറയൂ എന്താണ് നിങ്ങൾക്ക് എന്നെ പറ്റി അറിയേണ്ടത്?''- വനതി ചോദിച്ചു.

''നിങ്ങൾ ശരിക്കും ആരാണ്? എങ്ങനെയാണ് മന്ത്രവാദിനിയായത്?''

നിളയുടെ ചോദ്യം കേട്ട് വനതി ചിരിച്ചു.

''ഞാൻ മന്ത്രവാദിനിയൊന്നുമല്ല. നിങ്ങളെ പോലെ ഒരു മനുഷ്യജീവി തന്നെയാണ് ഞാൻ. പിന്നെ ചില സൂത്രങ്ങൾ പഠിച്ചിട്ടുണ്ടെന്ന് മാത്രം. എന്റെ അമ്മയെ കണ്ട ഓർമ എനിക്കില്ല. ഞാൻ കുഞ്ഞായിരിക്കുമ്പോഴേ അമ്മ മരിച്ചു. പതിനെട്ട് വയസായപ്പോൾ അച്ഛനും. പിന്നെ എന്റെ കൂട്ട് മുഴുവൻ മറ്റു ജീവികളായിരുന്നു. അവരുടെ ലോകത്തേക്ക് ചെന്നപ്പോഴാണ് അവരുടെ ദുരവസ്ഥകൾ എനിക്കു മനസിലായത്. മനുഷ്യർ കാടും മേടുമെല്ലാം സ്വന്തമാക്കിയപ്പോൾ അവർക്ക് താമസിക്കാൻ ഇടമില്ലാതായി. ഇവിടെ മറ്റുജീവികൾക്ക് സ്വസ്ഥതയോടെ കഴിയാൻ കണ്ണാടിക്കാട് മാത്രമേയുള്ളൂ. ബാക്കിയൊക്കെ മനുഷ്യർ കൈയ്യേറി. അതിലവർക്ക് പരാതിയില്ല. പക്ഷേ, അത്യാഗ്രഹികളായ ചിലർ അതും കൈയ്യേറാൻ ശ്രമിച്ചു. പക്ഷികളും മൃഗങ്ങളും എന്നോട് പറഞ്ഞു:

''നിന്റെ വർഗ്ഗമല്ലേ അവർ. അവരോട് ഞങ്ങളെ ഉപദ്രവിക്കരുതെന്ന് പറയൂ.''

ഞാനത് മനുഷ്യരോട് പറഞ്ഞു. അവർ എന്നെ ഭ്രാന്തിയെന്ന് വിളിച്ചു. അവരോട് സംസാരിച്ചിട്ട് കാര്യമില്ലെന്ന് എനിക്ക് മനസിലായി. ഞാൻ നിയമത്തിന്റെ വഴി നോക്കി. പോലീസ് വന്ന് അവരെ വിലക്കി. മരംവെട്ടുകാർക്ക് എന്നോട് പകയായി. അവർ കണ്ണാടിക്കാടിന് തീ വെച്ചു.

വനതി കുറച്ചു നേരം നിശ്ശബ്ദയായി.

''എത്ര ജീവികളാണന്ന് വെന്ത് വെണ്ണീറായത്. പാമ്പ്, കീരി, ചിറക് മുളയ്ക്കാത്ത പക്ഷികൾ...''

വനതി വിതുമ്പി.

''ഒരു കുറുക്കൻ കുഞ്ഞുണ്ടായിരുന്നു. കണ്ണാടിയിലെ അവസാനത്തെ കുറുക്കനായിരുന്നു അത്. അതും തീയിൽ വെന്തു. ഇപ്പോ ഇവിടെ കുറുക്കന്മാരില്ല.''

ദേവതയും ജാനകിയും അത്ഭുതപ്പെട്ടു.

''ഞങ്ങൾ ഇന്നലെ കൂടി കണ്ടതാണല്ലോ കുറുക്കനെ.''

''അത് കുറുക്കനല്ല. കുറുനരിയാണ്.''

അവർക്കൊന്നും മനസിലായില്ല.

''കുറുക്കന് ഇംഗ്ലീഷിൽ എന്താ പറയുക?'' - വനതി ചോദിച്ചു.

''ഫോക്സ്.''

''അപ്പോ കുറുനരിക്കോ?''

''കുറുനരിക്കെന്താ പറയുക?''

''ജാക്കാൾ. നമ്മൾ സ്ഥിരമായി കാണുന്നത് ജാക്കാൾ എന്ന കുറുനരിയെയാണ്.''

''അപ്പോൾ കുറുക്കനെവിടെ?''

''നശിച്ചു പോയി. അവസാനത്തേത് തീയിൽ വേവുകയും ചെയ്തു.''

വനതി ഒരു തലയോട് എടുത്ത് മൃദുവായി തലോടി.

''വൾപ്പസ് ബംഗാളെൻസിസ്. ഇതായിരുന്നു അവസാനത്തേത്.''

അപ്പോഴാണവർക്ക് ആ നിഗൂഢമന്ത്രത്തിന്റെ ചുരുളഴിഞ്ഞത്. വൾപ്പസ് ബംഗാളെൻസിസ് എന്നത് കുറുക്കന്റെ ശാസ്ത്രീയനാമമായിരുന്നു.

''ആ സംഭവത്തിന് ശേഷമാണ് ഞാൻ കറുപ്പണിഞ്ഞു തുടങ്ങിയത്. ആ ദുഃഖം എന്നെ വിട്ടു പോയതേയില്ല. കണ്ണാടിക്കാടിന് തീ കൊളുത്തിയവരെയൊക്കെ ഞാൻ പിടികൂടി. അവരുടെ രഹസ്യങ്ങളിലേക്ക് ഞാൻ കടന്നു ചെന്നു. അവർ ചെയ്യുന്ന നിയമലംഘനങ്ങൾ ഞാൻ പുറത്തു കൊണ്ടു വന്നു. ആളുകൾ എന്നെ ദുർമന്ത്രവാദിനിയായി കണക്കാക്കാൻ തുടങ്ങി. ഞാനതു തിരുത്തിയില്ല. അവരുടെ പേടി ഞാൻ മുതലെടുത്തു. ഞാനെന്റെ കഴിവുകൾ വളർത്തി. പക്ഷിമൃഗാദികളുടെ ഭാഷ പഠിച്ചു. ആയോധനകലകൾ പഠിച്ചു. ഞാൻ കണ്ണാടിയിലെ ദുർമന്ത്രവാദിനിയായ് മാറി.''

കഥകൾ കേട്ട് നിളയും കൂട്ടുകാരും തരിച്ചിരുന്നു.

''ആ വേട്ടക്കാരന്റെ തോക്ക് എങ്ങനെ കൈക്കലാക്കി?'' - നിള ചോദിച്ചു.

വനതി ചിരിച്ചു.

''അതിനെന്നെ സഹായിച്ചത് പ്രാകൃതനാണ്.''

''അതാരാ?''

വനതി തൊട്ടടുത്ത മരത്തിലേക്ക് ചൂണ്ടി. മരക്കൊമ്പിൽ ഒരു കുരങ്ങനിരിക്കുന്നത് അവർ കണ്ടു.

കുരങ്ങൻ അവരെ നോക്കി ഇളിച്ചു. നിളയ്ക്ക് നാണമായി.

''ആളുകൾക്ക് രോഗം വന്നതോ?'' - ജാനകി ചോദിച്ചു.

''വനതി എന്ന ഞാൻ മരിച്ചാലും രോഗങ്ങൾ ഇവിടെത്തന്നെയുണ്ടാകും. കണ്ണാടിയിൽ ഒരാൾ തുമ്മിയാൽ പോലും അതെന്റെ കണക്കിലാണ്‌പെടുത്തിയിരുന്നത്.''

''ചേച്ചിയുടെ വിദ്യകൾ ഞങ്ങളേയും പഠിപ്പിക്കാമോ?'' - നിള പെട്ടെന്നാണത് ചോദിച്ചത്.

അതു കേട്ട് വനതി കുറേ നേരം ആലോചിച്ചു.

''എന്താ ഞങ്ങളെ വിശ്വാസമില്ലേ?''

വനതി ചിരിച്ചു.

''വിശ്വാസമാണ്.''

''പിന്നെന്താ പ്രശ്നം? കണ്ണാടിക്കാട് സംരക്ഷിക്കാൻ ഞങ്ങളും കൂടാം.''

''ഉറപ്പാണോ?''

''ഉറപ്പ്.''

''എങ്കിൽ വാക്കു തരൂ.'' - വനതി കൈ നീട്ടി.

മൂവരും കൈയിൽ കൈകൾ വെച്ചു.

''വാക്ക് തരുന്നു.'' - അവർ പറഞ്ഞു. നാലു കൈകൾ ഒന്നായി.

ആ കൈകളിലേക്ക് എവിടെ നിന്നോ ഒരു ചെമ്പകപ്പൂവ് പാറി വീണു. (തുടരും.......)

Content Highlights: The tragic backstory of forest destruction and the extinction of the Indian Fox (Vulpes bengalensis)., The distinction between a Fox and a Jackal explained through scientific context.