നിഗൂഢതയുടെ ചുരുളഴിയുന്നു, ചന്തുവിന്റെ പ്രതികാരയാത്രയ്ക്ക് പുതിയൊരു കൂട്ടാളി!

പുലർച്ചെ 4:00.

സെന്റ് ജൂഡ്സ് മെഡിക്കൽ അക്കാദമിയുടെ ഐടി സെക്ഷനിൽ മോണിറ്ററുകളുടെ തണുത്ത നീല വെളിച്ചം അമൽ അദേനിയുടെ കണ്ണുകളിൽ പ്രതിഫലിക്കുന്നുണ്ടായിരുന്നു.

പുറത്ത് ഇപ്പോഴും മഴയുടെ ആരവം അടങ്ങിയിട്ടില്ല.

സെർവർ റൂമിലെ കൂളിംഗ് യൂണിറ്റുകളുടെ നേർത്ത മൂളക്കവും ജനൽച്ചില്ലുകളിൽ വീഴുന്ന മഴത്തുള്ളികളുടെ താളവും ആ രാത്രിക്ക് ഒരുതരം അസ്വസ്ഥജനകമായ നിശബ്ദത നൽകി.

ഇരുപത്തിയേഴു വയസ്സുകാരനായ അമൽ അദേനിക്ക്. മെലിഞ്ഞതും ചുറുചുറുക്കുള്ളതുമായ ശരീരപ്രകൃതിയാനുള്ളത്; എപ്പോഴും വിവരങ്ങൾ തേടുന്നതുപോലെ തിളങ്ങുന്ന കണ്ണുകൾ; മുഖത്ത് അസാധാരണമായ ഏകാഗ്രതയുടെ കടുപ്പം.

കമ്പ്യൂട്ടർ സയൻസിൽ സ്വർണ്ണമെഡൽ നേടിയ അമൽ, സൈബർ സെക്യൂരിറ്റിയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും അപാരമായ പാണ്ഡിത്യമുള്ള പ്രതിഭയായിരുന്നു.

വർഷങ്ങൾക്ക് മുൻപ് അക്കാദമിയിലെ ഐടി വിഭാഗത്തിലേക്ക് കടന്നുവന്ന അമലിന്റെ ബുദ്ധികൂർമ്മതയും സാങ്കേതിക മികവും തിരിച്ചറിഞ്ഞതോടെ, സ്ഥാപനത്തിന്റെ മുഴുവൻ ഡിജിറ്റൽ നാഡീവ്യൂഹത്തിന്റെയും ചുമതല അവനിൽ വന്നുചേർന്നു.

ഹോസ്പിറ്റൽ മാനേജ്‌മെന്റ് സംവിധാനങ്ങൾ, പാത്തോളജി ലാബിലെ ത്രിമാന സ്പെസിമെൻ ഡാറ്റാബേസുകൾ, ഗവേഷണ സെർവറുകൾ, അക്കാദമിയിലുടനീളം വ്യാപിച്ചുകിടക്കുന്ന സിസിടിവി ശൃംഖലയും ഇലക്ട്രോണിക് ആക്സസ് കൺട്രോൾ സംവിധാനങ്ങളും, സെന്റ് ജൂഡ്സിന്റെ ഓരോ ഡിജിറ്റൽ സ്പന്ദനവും അമലിന്റെ വിരൽത്തുമ്പിലായിരുന്നു.

എന്നാൽ, താൻ കാത്തുസൂക്ഷിക്കുന്ന ഈ സാങ്കേതിക കോട്ടയുടെ അകത്തളങ്ങളിൽ നടക്കുന്ന ഇരുണ്ട രഹസ്യങ്ങളെക്കുറിച്ച് അവന് പൂർണ്ണമായ അറിവുണ്ടായിരുന്നില്ല. കാരണം ഡോ.ജോസഫ് കുര്യാക്കോസ് കുരിയാപ്പിയുടെയും കുരിയാപ്പി ഗ്രൂപ്പിന്റെയും കർശന നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുമാണ് അവൻ ജോലി ചെയ്തിരുന്നത്.

അമലിന്റെ വിരലുകൾ കീബോർഡിൽ അതിവേഗം ചലിച്ചുകൊണ്ടിരുന്നു.

അപ്പോഴാണ് അക്കാദമിയുടെ സെൻട്രൽ സെക്യൂരിറ്റി സെർവറിൽ അസാധാരണമായ ഒരു 'ഇലക്ട്രോ-മാഗ്നറ്റിക് സ്പൈക്ക്' അവന്റെ ശ്രദ്ധയിൽപ്പെട്ടത്.

സാധാരണ നിലയിൽ അക്കാദമിയിലെ ഏറ്റവും സുരക്ഷിതമായ മേഖലയായ റെക്കോർഡ്‌സ് റൂമിന്റെ പരിസരത്താണ് ആ സിഗ്നൽ വ്യതിയാനം സംഭവിച്ചിരിക്കുന്നത്.

ആ മുറിയിലേക്ക് ആർക്കും പ്രവേശനമില്ല; കുരിയാപ്പിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള, ഏരിയൽ ഇവാൻ മാത്രം കാവൽ നിൽക്കുന്ന രഹസ്യ അറയാണത്.

നെറ്റി ചുളിച്ച് അമൽ തന്റെ പ്രധാന സ്‌ക്രീനിൽ റെക്കോർഡ്‌സ് റൂമിന്റെ ഹൈ-ഡെഫനിഷൻ സിസിടിവി ഫീഡ് തുറന്നു.

സ്‌ക്രീനിൽ തെളിഞ്ഞ കാഴ്ച കണ്ട് അമലിന്റെ ശ്വാസം ഒരു നിമിഷം നിലച്ചുപോയി!

മുറിയുടെ നടുവിൽ, ഒരു കൽപ്രതിമ പോലെ മരവിച്ചുനിൽക്കുകയാണ് ഏരിയൽ ഇവാൻ!

അയാളുടെ കണ്ണുകൾ ഭീതിയാൽ പുറത്തേക്ക് തള്ളിയിരിക്കുന്നു; ശ്വാസോച്ഛ്വാസത്തിന്റെ നേരിയ ചലനം പോലുമില്ലാതെ, ഏതോ അദൃശ്യശക്തിയാൽ ബന്ധിക്കപ്പെട്ടതുപോലെ അയാൾ നിശ്ചലനാണ്.

അമൽ പരിഭ്രാന്തനായി ക്യാമറ ഫീഡ് പിന്നിലേക്ക് ഓടിച്ചുനോക്കി.

എന്നാൽ ദൃശ്യങ്ങളിൽ ഒരു മനുഷ്യരൂപം പോലും വ്യക്തമായിരുന്നില്ല.

പകരം, വായുവിൽ തെന്നിനീങ്ങുന്ന കടുംനീല നിറത്തിലുള്ള പ്രഭാവലയങ്ങളും, ഭൂഗുരുത്വ നിയമങ്ങളെ വെല്ലുവിളിച്ച് പുറകോട്ട് ഒഴുകുന്ന ഏതോ നിഴൽരൂപത്തിന്റെ അവ്യക്തമായ ചലനങ്ങളും മാത്രമാണ് ക്യാമറയിൽ പതിഞ്ഞിരുന്നത്.

ഇവാനിൽ സംഭവിച്ചിരിക്കുന്നത് സാധാരണ പക്ഷാഘാതമല്ല. മനുഷ്യമസ്തിഷ്‌കത്തിലെ നാഡീവ്യൂഹങ്ങളെ നിമിഷനേരം കൊണ്ട് നിശ്ചലമാക്കുന്ന ഏതോ അജ്ഞാതമായ 'ന്യൂറോ-ഇലക്ട്രിക് ലോക്ക്' ആണെന്ന് അമലിന്റെ സാങ്കേതിക ബുദ്ധി തിരിച്ചറിഞ്ഞു.

പാത്തോളജി ലാബിൽ അസാധാരണമായി എന്തോ നടന്നിരിക്കുന്നുവെന്ന് അമലിന്റെ മനസ്സിൽ മിന്നൽ പിണരുപോലെ തെളിഞ്ഞു.

നെഞ്ചിടിപ്പ് വർദ്ധിച്ച അമൽ, സെർവർ ലോഗുകൾ സുരക്ഷിതമാക്കിയ ശേഷം പകൽ ഷിഫ്റ്റിന് മുൻപ് തീർക്കാനുള്ള ചില പ്രധാന ഫയലുകൾ പരിശോധിക്കാനായി ലാപ്ടോപ്പുമെടുത്ത് പാത്തോളജി ലാബിലേക്ക് നടന്നു.

രാത്രി മുഴുവൻ എഴുപത്തിരണ്ടുകാരനായ രത്തൻ റാവുത്തറുടെയും പകൽ സമയം അമലിന്റെയും ചുമതലയിലായിരുന്നു ആ ലാബ്. എന്നാൽ, സാധാരണഗതിയിൽ അകത്തുനിന്ന് പൂട്ടിയിടാറുള്ള ലാബിന്റെ വാതിൽ ഈ അസമയത്ത് പാതി തുറന്നുകിടക്കുന്നത് അമലിനെ അത്ഭുതപ്പെടുത്തി.

ഫോർമാലിന്റെയും ഏതോ അപരിചിതമായ പച്ചമരുന്നുകളുടെയും രൂക്ഷഗന്ധം ഇടനാഴിയിലേക്ക് ഒഴുകിയെത്തുന്നുണ്ടായിരുന്നു. അമൽ പതുക്കെ വാതിൽ തള്ളിത്തുറന്നു.

അകത്തെ കാഴ്ച അവന്റെ കാലുകളെ നിലത്തുറപ്പിച്ചു നിർത്തി.

അമൽ പതിവായി ഇരിക്കാറുള്ള കറങ്ങുന്ന കസേരയിൽ, കറുത്ത കൗബോയ് ഹാറ്റ് നെറ്റിയിലേക്ക് താഴ്ത്തിയിട്ട്, കാലിന്മേൽ കാൽ കയറ്റിവെച്ച് അപരിചിതനായ ഒരു യുവാവ് ഇരിക്കുന്നു!

അവന്റെ വെങ്കലനിറമുള്ള ശരീരത്തിൽ റാവുത്തറുടെ പഴയ വെളുത്ത ലാബ് കോട്ട് അലസമായി കിടപ്പുണ്ടായിരുന്നു.

അവന് മുന്നിൽ, എഴുപത്തിരണ്ട് വയസ്സുള്ള രത്തൻ റാവുത്തർ ഭയഭക്തിബഹുമാനങ്ങളോടെ, കൈകൾ കൂപ്പി വിറച്ചുനിൽക്കുന്നു!

'അമൽ അദേനി.. കമ്പ്യൂട്ടർ സയൻസിൽ ഗോൾഡ് മെഡലിസ്റ്റ്. പക്ഷേ ഡോ.കുരിയാപ്പിയുടെ അടിമയായി ഈ ഇരുണ്ട ലാബിൽ ജീവിതം ഹോമിക്കുന്നവൻ... സ്വാഗതം!'

ആ മുറിയുടെ ഭിത്തികളിൽ തട്ടി പ്രതിധ്വനിച്ച ആ ഘനഗംഭീരമായ സ്വരം കേട്ട് അമൽ വിറച്ചുപോയി.

'ആരാ.. ആരാണ് നിങ്ങൾ? റാവുത്തറണ്ണാ, ഇതാരാണ്?' അമലിന് വാക്കുകൾ മുറിഞ്ഞുപോയി.

പെട്ടെന്ന് അമലിന്റെ കണ്ണുകൾ ലാബിന്റെ തെക്കേ ഭിത്തിയിലെ ഏറ്റവും നിർണ്ണായകമായ ഷെൽഫിലേക്ക് നീങ്ങി-ജാർ നമ്പർ 20!

സെന്റ് ജൂഡ്സ് മെഡിക്കൽ അക്കാദമിയുടെ ഏറ്റവും വലിയ അത്ഭുതവും അധികാരത്തിന്റെ പ്രതീകവുമായിരുന്നു ആ ഗ്ലാസ് ഭരണി. ഇരുപത് വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സ്ഥാപകരായ ഡോ.വിശ്വനാഥ് വർമ്മയുടെയും ഡോ.ശ്രീദേവിയുടെയും എട്ടര മാസം പ്രായമുള്ള ഭ്രൂണത്തെ സംരക്ഷിച്ചിരുന്ന ആ ജാർ നിന്നിടം ഇപ്പോൾ ശൂന്യം!

ആ നിമിഷം അമലിന്റെ തലച്ചോറിലൂടെ ഒരു മിന്നൽപ്പിണർ പാഞ്ഞു. റെക്കോർഡ്‌സ് റൂമിൽ മരവിച്ചുനിൽക്കുന്ന ഏരിയൽ ഇവാനെയും, സിസിടിവിയിലെ ആ നീല പ്രഭാവലയത്തെയും അവൻ ഈ കാഴ്ചയുമായി കൂട്ടിയിണക്കി.

'റാവുത്തറണ്ണാ..' അമൽ ഭയത്തോടെ അലറി.

'എവിടെ ജാർ ഇരുപത്? ആ ഭ്രൂണം? നിങ്ങൾ അത് വിറ്റോ? ഈ വിദേശ ഏജന്റിന് വേണ്ടി നിങ്ങൾ അക്കാദമിയുടെ അന്തസ്സ് ഒറ്റുകൊടുത്തോ?'

റാവുത്തർ വിറയ്ക്കുന്ന ചുണ്ടുകളോടെ കൈകൾ ഉയർത്തി: 'അല്ല അമൽ... ഇത് നീ വിചാരിക്കുന്നതുപോലെയല്ല. ഇത് ഒരു മഹാത്ഭുതമാണ്..'

'ഇത് കൊടുംചതിയാണ്!' അമൽ ലാപ്ടോപ്പ് നെഞ്ചോട് ചേർത്തുപിടിച്ച് പിന്നിലേക്ക് ചുവടുവെച്ചു.

'കുരിയാപ്പി സാർ ഇതറിഞ്ഞാൽ നമ്മൾ രണ്ടുപേരും നാളെ സൂര്യനുദിക്കുന്നത് കാണില്ല!'

പെട്ടെന്ന് കസേരയിലിരുന്ന യുവാവ് എഴുന്നേറ്റു.

കണ്ണിമവെട്ടുന്ന വേഗതയിൽ, ഭൂഗുരുത്വ നിയമങ്ങളെ പരിഹസിച്ചുകൊണ്ട് ഒരു മൂൺവാക്ക് ചുവടിലൂടെ അവൻ വായുവിൽ തെന്നിനീങ്ങി അമലിന്റെ തൊട്ടുമുന്നിലെത്തി!

അപ്പോൾ അമലിന്റെ കയ്യിലിരുന്ന ലാപ്ടോപ്പിലെ സെൻസറുകൾ അകാരണമായി 'ബീപ്.. ബീപ്..' എന്ന അപായശബ്ദം പുറപ്പെടുവിക്കാൻ തുടങ്ങി.

'അമൽ, ആ ജാറിലെ കുഞ്ഞ് അക്കാദമിയുടെ അഭിമാനമായിരുന്നില്ല. കുരിയാപ്പിയുടെ ക്രൂരതയുടെയും എന്റെ മാതാപിതാക്കളുടെ ചോരയുടെയും അടയാളമായിരുന്നു.' അവൻ തന്റെ കൗബോയ് ഹാറ്റ് പതുക്കെ ഉയർത്തി.

ആ കടുംനീല കണ്ണുകളിലേക്ക് നോക്കിയ അമൽ സ്തംഭിച്ചുപോയി.

ആ കണ്ണുകളിൽ മനുഷ്യസഹജമായ തിളക്കമായിരുന്നില്ല. ആഴക്കടലിലെ ചുഴികൾ പോലെ ഭയാനകമായ ഒരു കാന്തികശക്തിയായിരുന്നു.

'നീ വിശ്വസിക്കുന്നില്ലേ? ആ ജാറിൽ ഇരുപത് വർഷം ശ്വാസം മുട്ടിക്കിടന്നത് ഞാനാണ് അമൽ! നീയും ഈ ലോകവും ഒരു പ്രദർശനവസ്തുവായി കണ്ട ആ എട്ടര മാസം പ്രായമുള്ള ഭ്രൂണം ഇന്ന് നിന്റെ മുന്നിൽ നിൽക്കുന്നു-ചന്ദ്രകാന്ത് വർമ്മ!'

അമൽ വിറയ്ക്കുന്ന കൈകളോടെ പിന്നിലേക്ക് മാറി പോക്കറ്റിൽ നിന്ന് മൊബൈൽ ഫോൺ പുറത്തെടുത്തു.

'ഞാൻ പോലീസിനെ വിളിക്കും.. നിങ്ങൾ ഏതോ വിദേശ ചാരനാണ്. നിങ്ങൾ പറയുന്ന ഈ അസംബന്ധ കഥ ഞാൻ വിശ്വസിക്കുമെന്നാണോ? ഒരു ഭ്രൂണം മണിക്കൂറുകൾക്കുള്ളിൽ പൂർണ്ണവളർച്ചയെത്തിയ യുവാവാകാൻ ശാസ്ത്രം അനുവദിക്കില്ല!'

'തീർച്ചയായും അമൽ! നിന്റെ യുക്തിക്ക് അത് ഉൾക്കൊള്ളാൻ പ്രയാസമുണ്ടാകും. പക്ഷേ, നീ ഒരു ശാസ്ത്രജ്ഞനല്ലേ? പോലീസിനെ വിളിക്കും മുൻപ്, നിന്റെ മുന്നിൽ നിൽക്കുന്ന സത്യത്തെ നിന്റെ സാങ്കേതികവിദ്യ കൊണ്ട് ഒന്ന് പരീക്ഷിച്ചു നോക്കൂ!'

ചന്തുവിന്റെ ശബ്ദത്തിൽ പരിഹാസവും ആത്മവിശ്വാസവും കലർന്നിരുന്നു.

അമലിന്റെ ഉള്ളിലെ ടെക്നീഷ്യൻ ഉണർന്നു.

ഫോൺ താഴ്ത്തിവെച്ച് അവൻ തൊട്ടടുത്ത മേശയിൽ ലാപ്ടോപ്പ് തുറന്നുവെച്ചു.

അക്കാദമിയിലെ എല്ലാ സ്പെസിമെനുകളുടെയും ഡിജിറ്റൽ രേഖകൾ സൂക്ഷിക്കുന്നയാളെന്ന നിലയിൽ, ജാർ നമ്പർ 20-ലെ ഭ്രൂണത്തിന്റെ ഹൈ-റെസല്യൂഷൻ ത്രിമാന ചിത്രങ്ങളും ഡിഎൻഎ ഘടനയും അമലിന്റെ ലാപ്ടോപ്പിലുണ്ടായിരുന്നു.

അമൽ ഉടൻ തന്നെ തന്റെ ഏറ്റവും പുതിയ 'AI ഫോറൻസിക് ഏജിംഗ് പ്രോഗ്രാം' പ്രവർത്തിപ്പിച്ചു.

ആ ഭ്രൂണത്തിന്റെ മുഖത്തെ അസ്ഥികളുടെ ഘടനയും ജനിതക വിവരങ്ങളും ആധാരമാക്കി, ഇരുപത് വർഷത്തെ സ്വാഭാവിക വളർച്ച പൂർത്തിയാക്കിയാൽ ആ കുട്ടി എങ്ങനെയിരിക്കും എന്ന് പുനർനിർമ്മിക്കാനായിരുന്നു അവന്റെ നീക്കം.

ലാബിലെ മരവിച്ച നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ലാപ്ടോപ്പിലെ കൂളിംഗ് ഫാൻ അതിവേഗം ഇരമ്പി.

സ്‌ക്രീനിൽ അക്കങ്ങളും ഗ്രാഫുകളും മിന്നിമറഞ്ഞു. സെക്കൻഡുകൾക്കുള്ളിൽ, പ്രോസസ്സിംഗ് പൂർത്തിയായി എന്ന ശബ്ദത്തോടെ സ്‌ക്രീനിൽ ഒരു യുവാവിന്റെ മുഖം തെളിഞ്ഞുവന്നു.

അമലിന്റെ ശ്വാസം നിലച്ചു.

അവന്റെ കൺപോളകൾ വിടർന്നു.

വിറയ്ക്കുന്ന കൈകളോടെ അമൽ ലാപ്ടോപ്പ് പതുക്കെ തിരിച്ച് തന്റെ മുന്നിൽ നിൽക്കുന്ന അപരിചിതന് നേരെ പിടിച്ചു.

സ്‌ക്രീനിലെ AI നിർമ്മിത രൂപത്തെയും, ചാരെ നിൽക്കുന്ന ചന്തുവിനെയും അവൻ മാറിമാറി നോക്കി.

അമലിന്റെ സപ്തനാഡികളും തളർന്നുപോയി!

രണ്ടും ഒന്നുതന്നെ!

ഒരേ വീതിയുള്ള നെറ്റിത്തടം, ഒരേ നാസികാത്തുമ്പ്, ചുണ്ടുകളുടെ അതേ വളവ്, എല്ലാറ്റിനുമുപരി സ്‌ക്രീനിലും നേരിട്ടും ഒരുപോലെ ജ്വലിക്കുന്ന ആ അവിശ്വസനീയമായ കടുംനീല കണ്ണുകൾ!

കാലം ഒട്ടും മാറ്റം വരുത്താത്തതുപോലെ, ഒരേ അച്ചിൽ വാർത്തതുപോലെ ഇരുരൂപങ്ങളും മുന്നിൽ നിൽക്കുന്നു!

അമലിന്റെ കൈകൾ തളർന്ന് ലാപ്ടോപ്പ് നിലത്തേക്ക് വഴുതിവീഴാൻ പോയി.

ആ നിമിഷം മിന്നൽ വേഗത്തിൽ ചന്തു മുന്നോട്ടാഞ്ഞ് അമലിന്റെ തോളിൽ പിടിച്ചു.

ആ സ്പർശനത്തിൽ അമലിന്റെ ശരീരത്തിലൂടെ ഒരു വൈദ്യുത തരംഗം പാഞ്ഞുകയറി, അസാധാരണമായ ഒരുതരം ഹിമശീതളമായ ഊർജ്ജം!

'നിങ്ങൾ... നിങ്ങൾ ആരാണ്?' അമൽ കിതച്ചുകൊണ്ട് ചോദിച്ചു. 'മനുഷ്യശരീരത്തിന് ഇത്രയും വേഗതയും താപനിലയിൽ ഇത്രയും മാറ്റവും വരുത്താൻ കഴിയില്ല. നിങ്ങൾ ഏതെങ്കിലും രഹസ്യ പരീക്ഷണശാലയിൽ നിന്ന് കടന്നുവന്ന സൈബോർഗ് ആണോ?'

ചന്തു ഒരടി കൂടി മുന്നോട്ട് വെച്ചു. അവന്റെ കണ്ണുകളിലെ നീലത്തിളക്കം ലാബിലെ ഇരുട്ടിനെ കീറിമുറിച്ചു.

'യന്ത്രമല്ല അമൽ. ശാസ്ത്രത്തിന് ഇതുവരെ ചെന്നെത്താൻ കഴിയാത്ത ഒരു ജൈവപരിണാമത്തിന്റെ പൂർണ്ണരൂപമാണ് ഞാൻ. എന്റെ അച്ഛൻ ഡോ.വിശ്വനാഥ് വർമ്മ കണ്ടെത്തിയ ആ അമൂല്യമായ സെല്ലുലാർ റീജനറേഷൻ ഫോർമുലയും, ഇരുപത് വർഷത്തെ എന്റെ പകയും ചേർന്നപ്പോൾ പ്രകൃതി തന്നെ എനിക്ക് ജന്മം നൽകിയതാണ്. ആ ജാറിനുള്ളിലെ തടവുകാരൻ ഇന്ന് സ്വതന്ത്രനായിരിക്കുന്നു!'

അമൽ അവിശ്വസനീയതയോടെ റാവുത്തറെ നോക്കി.

റാവുത്തർ തലയാട്ടി സമ്മതിച്ചപ്പോൾ, അമലിന്റെ മനസ്സിലെ അവസാനത്തെ സംശയവും അലിഞ്ഞില്ലാതായി.

'എനിക്ക് നിന്നെ വേണം അമൽ..' ചന്തുവിന്റെ ശബ്ദം ഒരു കല്പന പോലെ മുഴങ്ങി.

'നിന്റെ വിരലുകൾ കമ്പ്യൂട്ടർ കീബോർഡിൽ തീർക്കുന്ന ആ മാജിക്, എന്റെ ഈ പ്രതികാരയാത്രയിൽ ഒരു ആയുധമാകണം. കുരിയാപ്പിയുടെ സാമ്രാജ്യത്തിന്റെ ഉള്ളറകളിലേക്ക് നുഴഞ്ഞുകയറാൻ ഒരു ഡിജിറ്റൽ ചാരനെ എനിക്ക് ആവശ്യമുണ്ട്. എന്റെ കൂടെയുണ്ടാവുമോ, അതോ റെക്കോർഡ്‌സ് റൂമിലെ ഏരിയൽ ഇവാനെപ്പോലെ നിനക്കും നിശ്ചലമാകണോ?'

റെക്കോർഡ്‌സ് റൂമിലെ ആ ഭീകരദൃശ്യം അമലിന്റെ മനസ്സിലൂടെ വീണ്ടും കടന്നുപോയി.

താൻ സിസിടിവിയിൽ കണ്ട ആ മരവിച്ച രൂപം ഇയാളുടെ സൃഷ്ടിയാണെന്ന് അവൻ തിരിച്ചറിഞ്ഞു.

'നിന്റെ സാങ്കേതികവിദ്യ തന്നെ നീതിക്ക് സാക്ഷ്യം പറഞ്ഞിരിക്കുന്നു അമൽ. ഇനി പറയൂ.. നീ ഈ നീതിയുടെ പക്ഷത്താണോ, അതോ എന്റെ മാതാപിതാക്കളെ കൊന്ന കൊലയാളികൾക്കൊപ്പമോ?'

അമൽ അദേനി നിവർന്നുനിന്നു.

അവന്റെ കണ്ണുകളിലെ ഭയം മാറി, അവിടെ ഒരു പുതിയ നിശ്ചയദാർഢ്യം തെളിഞ്ഞു. 'ഞാൻ കൂടെയുണ്ട്.. ചന്തു.'

പുറത്ത് മഴ തോർന്ന് ആകാശത്ത് നേർത്ത വെള്ളിവെളിച്ചം വീണുതുടങ്ങിയിരുന്നു. ലാബിലെ കമ്പ്യൂട്ടറുകൾ അണച്ച ശേഷം, രത്തൻ റാവുത്തർ തന്റെ പഴയ ഡയറി തുറന്ന് വിറയ്ക്കുന്ന വിരലുകളാൽ ഇങ്ങനെ കുറിച്ചു:

'ശാസ്ത്രത്തെ സാക്ഷിയാക്കി സത്യം വെളിപ്പെട്ടിരിക്കുന്നു; അമൽ അദേനിയുടെ ലാപ്ടോപ്പിലെ ആ ചിത്രം ചന്തുവിന്റെ വിധി മാറ്റിമറിച്ചിരിക്കുന്നു. ഇനി വരാനിരിക്കുന്നത് ചതിയുടെ കോട്ടകൾ തകരുന്ന പടയോട്ടമാണ്!'

(തുടരും...)

Content Highlights: Suspense Thriller Jar No20 Part 7