തറയിൽ നിശ്ചലയായിക്കിടക്കുന്ന അനിതയെ കണ്ടു ശോഭ നിലവിളിച്ചു

'രാമേട്ടാ..?' രവി അറിയാതെ ഉറക്കെ വിളിച്ചു പോയി.
'രവി സാറെ..! എന്റെ ഭാര്യ... എന്റെ മോൾ...!'
രാമേട്ടൻ പൊട്ടിക്കരഞ്ഞു. എന്തു ചെയ്യണമെന്നറിയാതെ സ്തംഭിച്ചു നിൽക്കുകയായിരുന്നു രവി.
ഹരി ഉറങ്ങിയിരുന്നില്ല. മുറിക്കു പുറത്തു നിന്നാരോ ഉറക്കെ കരയുന്നതു കേട്ടുകൊണ്ടവൻ ഇറങ്ങി വന്നു.
ആ കാഴ്ച കണ്ടു ഹരി ഞെട്ടിപ്പോയി!
തന്റെ വെടിയേറ്റാണ് രാമേട്ടൻ മരിച്ചത്. പക്ഷേ...!
'ഹരിക്കുഞ്ഞെ...' ഹരിയെക്കണ്ട് രാമേട്ടൻ ഓടി വന്നു.
'ഞാൻ കുഞ്ഞിനെ ചെറുപ്പത്തിൽ എന്തോരം എടുത്തുകൊണ്ട് നടന്നിട്ടുണ്ട്.... ആ കുഞ്ഞു തന്നെ ഈ രാമേട്ടനെ കൊന്നുകളഞ്ഞല്ലോ....!' അയാൾ പറഞ്ഞത് സത്യമാണെന്ന് ഒരു നിമിഷം ഹരി ഓർത്തു.
പെട്ടെന്ന് പുറത്തു നിന്നും ഒരു തീഗോളം പാഞ്ഞു വന്നു. അത് വാതിലിലൂടെ കടന്ന് അവർ നിൽക്കുന്നിടത്ത് വന്ന് സോപ്പു കുമിളപോലെ പൊട്ടിച്ചിതറി. ആ പ്രകാശധാര പൊലിഞ്ഞു.
അടുത്ത നിമിഷം രവിയും ഹരിയും ഞെട്ടലോടെ ആ കാഴ്ച്ചകണ്ടു!
രാമേട്ടൻ നിന്നിടം ശൂന്യമായിരുന്നു. അവർ ചുറ്റും നോക്കി. രാമേട്ടനെ അവിടെയെങ്ങും കാണാനുണ്ടായിരുന്നില്ല!
അനിത പറഞ്ഞ മന്ത്രവാദിയുടെ കഥ കേട്ട് കിരൺമോൻ സാവധാനം ഉറക്കത്തിലേക്ക് വഴുതിവീണു.
അനിത ബെഡ് ലാമ്പ് അണച്ചു.
ബ്ലാങ്കെറ്റെടുത്ത് കിരണിനെ പുതപ്പിച്ചു. മറ്റേ അറ്റം അവളും പുതച്ചു. അനിതയും ഉറക്കത്തിന്റെ പിടിയിലമർന്നു.
സ്വീകരണമുറിയിലെ ക്ലോക്കിൽ ഒരുമണി അടിച്ചു. കിഴക്ക് മലകൾക്കുമുകളിൽചന്ദ്രിക ഉയർന്നിട്ടുണ്ടായിരുന്നു.
അപ്പോൾ ദൂരെയുള്ള മലയുടെ പിന്നിൽനിന്നും ഒരു തീഗോളം മരങ്ങൾക്കിടയിലൂടെ തറവാടുവീടിനെ ലക്ഷ്യമാക്കി പറന്നുവന്നു. അത് വീടിന്റെ മുകളിൽ നിശ്ചലം നിന്നു.
ആ ഭാഗത്തെ നിലാവിനെ ഏതോ നിഴൽ മറച്ചുകളഞ്ഞു. കണ്ണിൽ കുത്തിയാൽ അറിയാത്ത കനത്ത അന്ധകാരം എങ്ങും പടർന്നു.
ആ തീഗോളത്തിൽനിന്നും പുക ഉയരാൻ തുടങ്ങി. ഒരു തൂണു പോലെ അത് വീടിന്റെ ജനാലയിലൂടെ അകത്തേക്കു കയറി.
ഒടുവിൽ പുകതൂൺ അപ്രത്യക്ഷമായി. അപ്പോൾ ആ തീഗോളവും മാഞ്ഞുപോയി.
തനിക്കു ശ്വാസം മുട്ടുന്നതുപോലെ അനിതയ്ക്കു തോന്നി. പെട്ടെന്നവൾ ഞെട്ടിയുണർന്നു. തന്റെ കഴുത്തിൽ എന്തോ അമർന്നിരിക്കുന്നതുപോലെ അവൾക്കു തോന്നി. അനിത കഴുത്തിൽ തപ്പിനോക്കി.
'അയ്യോ..!' അവളുടെ നിലവിളി തൊണ്ടയിൽ കുടുങ്ങി.
അസ്ഥികൾ എഴുന്നു നിൽക്കുന്ന ഒരു കൈ ആയിരുന്നു അത്. അവൾ കുതറിക്കൊണ്ട് ചാടിയെണീറ്റു.
കൈയുടെ പിടുത്തം അയഞ്ഞു.
അനിത മുറിയിലെ ലൈറ്റിട്ടു.
അടുത്ത നിമിഷം അവൾ നിലവിളിച്ചു!
ബെഡ്ഡിൽ കിരൺമോൻ ഇല്ല. പകരം ഒരു ഭീകര സത്വം കിടക്കുന്നു. അത് എണീറ്റ് അവൾക്കുനേരെ വന്നു.
ആ സത്വത്തിന്റെ തലയുടെ ഭാഗത്ത് ചെന്നായുടെ തലക്കു സമാനമായ തലയായിരുന്നു.
ചെന്നായ നാക്കു നീട്ടുന്നതുപോലെ അത് നാക്കു നീട്ടി അണച്ചു.
അത് അനിതയ്ക്കുനേരെ കൈനീട്ടി.
ആ കൈകളിൽ കരടിയുടേതുപോലുള്ള രോമങ്ങളും, കൂർത്ത നഖങ്ങളും അവൾ കണ്ടു.
അത് വാപൊളിച്ചുകൊണ്ട് അനിതയ്ക്കു നേരെ വന്നു.
അവൾ പിന്നോട്ടു നീങ്ങി. ഒടുവിൽ ഭിത്തിയിൽ തട്ടി നിന്നു. ആ സത്വം അവൾക്കരികിലെത്തി. അനിത ചുറ്റും നോക്കി.
അപ്പോഴാണ് ഇരുമ്പിന്റെ സ്റ്റൂൾ അവളുടെ കണ്ണിൽപ്പെട്ടത്. അനിത പെട്ടെന്ന് സ്റ്റൂൾ എടുത്ത് ആ സത്വത്തിന്റെ നേരെ എറിഞ്ഞു.
ഉരുക്കു ഭിത്തിയിൽ തട്ടിത്തെറിക്കുന്നതുപോലെ സ്റ്റൂൾ തെറിച്ച് ബെഡിൽ ചെന്ന് വീണു.
ആ ജന്തുവിന്റെ രൂപം മാറിമാറിവന്നു. തലയിൽ കൊമ്പുള്ള രൂപമായി അതുമാറി. ആ സത്വത്തിന്റെ കൈ നീണ്ടുവന്നു.
അവൾ മാസ്മരനിദ്രക്കടിമപ്പെട്ടതുപോലെ നിശ്ചലം നിന്നു. ഭീകരന്റെ കൈകൾ അനിതയുടെ തോളിൽ അമർന്നു.
ശരീരത്തിലൂടെ ആയിരം കിലോവാൾട്ട് വൈദ്യുതി കടന്നുപോകുന്നതുപോലുള്ള അനുഭവം അവൾക്കുണ്ടായി.
'മോളെ...' വാതിലിൽ ആരോ തട്ടി. വാതിൽ തനിയെ തുറന്നു.
അനിതയുടെ നിലവിളികേട്ട് ഉറക്കം തെളിഞ്ഞ് എഴുന്നേറ്റുവന്ന ശോഭയായിരുന്നു അത്.
തറയിൽ നിശ്ചലയായിക്കിടക്കുന്ന അനിതയെ കണ്ടു ശോഭ നിലവിളിച്ചു.
അവൾ പാഞ്ഞുചെന്ന് അനിതയെ കുലുക്കിവിളിച്ചു. 'മോളെ... എണീക്ക്...!'
അപ്പോൾ മാർബിൾ പതിച്ച തറയിലെ ഒരു ദ്വാരത്തിലൂടെ വൃത്തികെട്ട ഒരു കൈ ഉയർന്ന്‌വന്ന് ശോഭയുടെ കാലിൽ പിടിച്ചു.
ശോഭ നിലവിളിച്ചുകൊണ്ട് കാൽവലിച്ചു. അപ്പോൾ ആ കൈകൾ അപ്രത്യക്ഷമായി. ശോഭ തറയിൽ സൂക്ഷിച്ചുനോക്കി.
അവിടെ അങ്ങനെ ഒന്നും കാണാനേയില്ല. അവൾ അത്ഭുതപ്പെട്ടു.
ശോഭ അനിതയെ തട്ടിവിളിച്ചു.
അനിത കണ്ണു തുറന്ന് അമ്മയെ മിഴിച്ചു നോക്കി.
'എന്തുപറ്റി മോളെ നിനക്ക്...! കിരൺ എവിടെ?'
ശോഭ ചോദിച്ചു.
'എനിക്കറിയില്ല അമ്മേ...കിരണിനെ ഞാനും കണ്ടില്ല.'
'വാ താഴേയ്ക്കു പോകാം.'
ശോഭയും അനിതയും ഒന്നിച്ച് താഴേക്കു ചെന്നു.
അവർ രവിയുടെ വാതിലിൽ മുട്ടി.
കുറച്ചു സമയം കഴിഞ്ഞപ്പോൾ മുറിക്കുള്ളിൽ ലൈറ്റു കത്തി.
രവി എഴുന്നേറ്റ് വാതിൽ തുറന്നു.
'എന്താ ഏട്ടത്തീ? '
രവി ചോദിച്ചു. അയാൾ ഉറങ്ങിയിരുന്നില്ല.
'കിരൺ മോൻ ഇങ്ങോട്ടു വന്നോ?'
'വന്നു. ഒന്നുറങ്ങിക്കഴിഞ്ഞ് അവൻ എഴുന്നേറ്റുപോന്നു.'
അതുകേട്ട് അമ്പരപ്പോടെ അനിത അമ്മയെ നോക്കി.
'വാ. മോളെ.'
ശോഭ അനിതയെയും വിളിച്ചുകൊണ്ട് മുറിയിലേക്ക് പോയി.
ഇപ്രാവശ്യം അമ്മയും മോളും ഒരു ബെഡിലാണ് കിടന്നത്.
രവി കിരണിനെ നോക്കി.
അവൻ സുഖമായി ഉറങ്ങുന്നു. അയാൾ പുതപ്പെടുത്ത് അവനെ പുതപ്പിച്ചു. എന്നിട്ട് ലൈറ്റ് ഓഫ് ചെയ്ത് ബെഡിൽ കയറി കിടന്നു. ഇതൊന്നുമറിയാതെ ജലജ നല്ല ഉറക്കമായിരുന്നു.
ഹരിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല.
ഹരിയുടെ മുറിയുടെ ജനാലക്കൽ ഒരു നിഴൽ പ്രത്യക്ഷപ്പെട്ടു. ആ നിഴൽ പതുക്കെ ചലിച്ചു.
ആരോ തന്നെ വിളിക്കുന്നതുപോലെ തോന്നിയ ഹരി ജനാലയിലേക്ക് നോക്കി.
ജനാലയ്ക്കൽ നിന്നാരോ മാറിയതുപോലെ തോന്നി.
'ആരാ അത്?' പുറത്തുനിൽക്കുന്നയാളിനു കേൾക്കാൻ പറ്റുന്ന ഉച്ചത്തിൽ ചോദിച്ചു. അതിനു മറുപടി ഉണ്ടായില്ല.
ഹരി ടോർച്ചെടുത്ത് എഴുന്നേറ്റ് വാതിൽ തുറന്ന് സിറ്റൗട്ടിലേക്കിറങ്ങി.
അയാൾ മുറ്റത്തേക്കു നോക്കി. ആരേയും കാണാനുണ്ടായിരുന്നില്ല.
തൊടിയിൽ ഒരു നിഴൽ ചലിച്ചു. ഹരിടോർച്ചടിക്കാതെ മുറ്റത്തേക്കിറങ്ങി. ജയേട്ടന്റെ ശവക്കൂനക്കു സമീപം ആരോ നിൽക്കുന്നതുപോലെ ഹരിക്കുതോന്നി. ഹരിടോർച്ചു തെളിച്ചു.
അടുത്ത നിമിഷം ഹരി ഞെട്ടിപ്പോയി.
(തുടരും….)
Content Highlights: Kadal Chekuthan| Horror Novel| Part 10