പക്ഷികൾ വനതിയുടെ ചാരപ്പണി ചെയ്യുന്നവരാണെന്നാണ് വിശ്വാസം |കണ്ണാടിയിലെ മന്ത്രവാദിനി |ഭാഗം 10

വീട്ടിലെത്തിയപ്പോൾ നിളയെ കാത്തിരിക്കുകയായിരുന്നു ദേവതയും ജാനകിയും. നിള ഓടിപ്പോയി അവർക്ക് കയ്യിലെ ചരട് കാട്ടിക്കൊടുത്തു.
''കൊള്ളാലോ. ഇനി ആ ദുർമന്ത്രവാദിനിയെ പേടിക്കണ്ട.''- ദേവത പറഞ്ഞു.
നിള അവരോട് വഴിയിൽ നടന്ന സംഗതികളൊക്കെ വിശദീകരിച്ചു. അവർ രണ്ടുപേരും അത്ഭുതപ്പെട്ടു. ''ശരിക്കും അങ്ങനെ സംഭവിച്ചോ?''- ജാനകി ചോദിച്ചു.
''പിന്നേ, ഞങ്ങൾ തൊട്ടടുത്തു നിൽക്കുകയായിരുന്നു. ഫൈറ്റ് ശരിക്ക് കാണാൻ കഴിഞ്ഞില്ല. പക്ഷേ, രണ്ടുപേരും പറന്നുവന്നു വീഴുന്നത് കണ്ടു.''
ആ കാഴ്ച കാണാൻ കഴിയാത്തതിൽ ജാനകിക്കും ദേവതയ്ക്കും ഭയങ്കര നിരാശ തോന്നി.
ഭക്ഷണം കഴിച്ച് ഇത്തിരി വിശ്രമിച്ചതിനു ശേഷം അവർ സ്‌കൂളിലേക്ക് പോകാനൊരുങ്ങി. രണ്ടുദിവസം കഴിഞ്ഞാൽ അച്ഛനും അമ്മയും തിരികെ ബാംഗ്ലൂരിലേക്ക് പോകും. അതിനുമുമ്പ് നിളയെ സ്‌കൂളിൽ ചേർക്കണം.
''ഞങ്ങളും വരട്ടെ?''- ദേവതയും ജാനകിയും ചോദിച്ചു.
നിളയ്ക്ക് സന്തോഷമായി.
അങ്ങനെ അച്ഛനും അമ്മയും നിളയും ജാനകിയും ദേവതയും കൂടി സ്‌കൂളിലേക്ക് പുറപ്പെട്ടു. പഴയൊരു കെട്ടിടമായിരുന്നു കണ്ണാടി യു.പി സ്‌കൂൾ. അച്ഛൻ പഠിച്ച അതേ സ്‌കൂൾ കാര്യമായ മാറ്റങ്ങൾ ഒന്നുമില്ലാതെ നിളയെ വരവേറ്റു. സ്‌കൂളിനു മുന്നിലും പിന്നിലും ധാരാളം മരങ്ങളും പൂച്ചെടികളുമുണ്ടായിരുന്നു. നിളയ്ക്ക് സ്‌കൂൾ ഒറ്റനോട്ടത്തിലേ ഇഷ്ടപ്പെട്ടു.
ചമ്പാവതി എന്നായിരുന്നു ഹെഡ്മിസ്ട്രസിന്റെ പേര്. ആ പേരും ഹെഡ്മിസ്ട്രസിനെയും നിളയ്ക്ക് ഒരുപോലെ ഇഷ്ടപ്പെട്ടു.
''മിടുക്കിയായി പഠിക്കണം കേട്ടോ.''- പേപ്പർ വർക്കുകൾ കഴിഞ്ഞപ്പോൾ ഹെഡ്മിസ്ട്രസ് നിളയുടെ കവിളിൽ തലോടി പറഞ്ഞു. നിള തലകുലുക്കി.
അങ്ങനെ നിള കണ്ണാടി യുപി സ്‌കൂളിൽ ചേർന്നു. അച്ഛനും അമ്മയും ഹെഡ്മിസ്ട്രസ്സിനോട് എന്തൊക്കെയോ കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു. ആ സമയം ദേവതയും ജാനകിയും കൂടി നിളയെ ക്ലാസ്മുറിയും പരിസരവും ഒക്കെ ചുറ്റിക്കാണിക്കാൻ കൊണ്ടുപോയി. സ്‌കൂളിന് പിൻവശത്ത് റെയിൽപ്പാളമായിരുന്നു. അവർ നോക്കുമ്പോൾ പാളത്തിലൂടെ ഒരു മോട്ടോർ ട്രോളി നീങ്ങുന്നുണ്ടായിരുന്നു. പുരാണകഥകളിലെ രഥം പോലെയുണ്ടായിരുന്നു അതിന്റെ പോക്ക്. ആ അന്തരീക്ഷം നിളയ്ക്ക് വല്ലാതെ ഇഷ്ടമായി. ബാംഗ്ലൂരിലെ നിന്ന് എത്ര വ്യത്യസ്തമാണ് കണ്ണാടി. സ്‌കൂൾ വേഗം തുറന്നെങ്കിലെന്ന് നിളയ്ക്ക് തോന്നി പോയി.
തിരിച്ചുപോരുമ്പോൾ ഹെഡ്മിസ്ട്രസ് അവർക്ക് മൂന്നാൾക്കും ഓരോ പുസ്തകങ്ങൾ സമ്മാനിച്ചു. നിളക്ക് ഭയങ്കര സന്തോഷമായി. അപൂർവമായിട്ടാണ് അവൾക്ക് പുസ്തകങ്ങൾ സമ്മാനമായി കിട്ടുന്നത്. ഹെഡ്മിസ്ട്രസ് തന്ന പുസ്തകത്തിന്റെ പേര് അവൾ വായിച്ചു നോക്കി. 'പക്ഷികളുടെ അത്ഭുത പ്രപഞ്ചം' എന്നായിരുന്നു ആ പുസ്തകത്തിന്റെ പേര്. ഇന്ദുചൂഡൻ എന്ന ഒരു പക്ഷി നിരീക്ഷകൻ എഴുതിയ പുസ്തകം ആയിരുന്നു അത്. അവൾക്ക് അതിശയം തോന്നി. തനിക്ക് പക്ഷികളെ ഇഷ്ടമാണെന്ന് ഹെഡ്മിസ്ട്രസിന് എങ്ങനെ മനസ്സിലായി?
ബാംഗ്ലൂർ സിറ്റിയിൽ അവൾ വളരെ ചുരുക്കം ചില പക്ഷികളെ മാത്രമേ കണ്ടിരുന്നുള്ളൂ. കൂടുതലും കൂട്ടിലിട്ട് വളർത്തു പക്ഷികളായിരുന്നു. അപൂർവമായി മാത്രമേ മറ്റു പക്ഷികളെ അവൾ കണ്ടിരുന്നുള്ളൂ. കണ്ണാടിയിൽ എത്തിയപ്പോൾ അവൾക്ക് ഏറെ സന്തോഷം തോന്നിയതും അക്കാര്യത്തിലാണ്. കാരണം കൂട്ടിലിടാത്ത, സ്വതന്ത്രരായി പാറി നടക്കുന്ന ധാരാളം പക്ഷികളെ അവൾക്ക് കാണാൻ കഴിഞ്ഞു. പക്ഷേ, അവൾക്ക് നിരാശ തോന്നിയ കാര്യം അതൊന്നുമായിരുന്നില്ല. അവൾക്ക് തോന്നിയ കൗതുകമൊന്നും നാട്ടുകാർക്ക് പക്ഷികളോടില്ലായിരുന്നു.
സുന്ദരന്മാരും സുന്ദരികളുമായ പക്ഷികളൊക്കെ വനതി എന്ന ദുർമന്ത്രവാദിനിയുടെ ചാരപ്പണി ചെയ്യുന്നവരാണെന്നാ കണ്ണാടിക്കാരുടെ വിശ്വാസം. അവൾക്ക് അത് അംഗീകരിക്കാൻ ഒരിക്കലും കഴിഞ്ഞില്ല. അതെങ്ങനെ ശരിയാവും? പക്ഷികൾ പക്ഷികൾ മാത്രമാണ്. മനുഷ്യർക്കു വേണ്ടി ചാരപ്പണി ചെയ്യലല്ല അവരുടെ ജോലി.
പക്ഷേ, വനതി മനുഷ്യവർഗ്ഗത്തിൽപ്പെട്ടതല്ല എന്നാണ് കണ്ണാടിക്കാർ പറയുന്നത്. അവരെ സംബന്ധിച്ചിടത്തോളം വനതി മനുഷ്യരൂപം പൂണ്ട പിശാചാണ്. ചീത്ത മാലാഖ. അങ്ങനെയെങ്കിൽ അവൾ പക്ഷികളെ പാട്ടിലാക്കിയിരിക്കുകയാണോ?
നിളയ്ക്ക് ഒരു നിഗമനത്തിലെത്താൻ കഴിഞ്ഞില്ല. (തുടരും....)
Content Highlights: Kannadiyile Manthravadhini Novel part 10