നൂറ്റാണ്ടുകൾക്കുമുമ്പ് കടലിൽ ഉപേക്ഷിച്ച പ്രതിമയുടെ പിന്നിലെ ദുരൂഹമായ കഥ

'മിസ്റ്റർ ഹരിശങ്കറിന് ഈ പ്രതിമ എവിടുന്നാണ് കിട്ടിയത്..?'

പ്രതിമ തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് ഫാദർ ഡൊമിനിക്ക് തിരക്കി.

'കച്ചവട കപ്പലിലാണ് എനിക്ക് ജോലി. ഏതാണ്ട് ആറുമാസം മുമ്പ് ഞങ്ങളുടെ കപ്പൽ ആഫ്രിക്കയിലെ മുംബാബെ തുറമുഖത്ത് അടുത്തു. ഒരാഴ്ച അവിടെ ഉണ്ടായിരുന്നു. കപ്പലിന്റെ ക്യാപ്റ്റന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ ഞങ്ങൾ ഡിന്നർ കഴിക്കാൻ പോയി. അപ്പോഴാണ് ഞാൻ ആദ്യമായി പ്രതിമ കാണുന്നത്. അവിടെ ഒരു മുത്തശ്ശി ഉണ്ടായിരുന്നു. ആ മുത്തശ്ശി സ്‌നേഹത്തോടെ എനിക്ക് സമ്മാനമായി ഈ പ്രതിമ തന്നു. വർഷങ്ങൾക്കു മുമ്പ് അവരുടെ ഭർത്താവ് ഫിഷിങ്ങിന് പോയപ്പോൾ വലയിൽ കുടുങ്ങിയതാണത്രെ ഈ പ്രതിമ. മസായി വർഗ്ഗക്കാരുടെ ദൈവമാണിതെന്ന് മുത്തശ്ശി എന്നോട് പറഞ്ഞു. കാണാൻ കൗതുകം ഉള്ളതുകൊണ്ട് ഞാൻ പ്രതിമ വാങ്ങി ബാഗിൽ വെച്ചു. നാട്ടിൽ വന്നപ്പോൾ കിരൺ മോന് കൊടുക്കുകയും ചെയ്തു. ഈ പ്രതിമ കൊണ്ട് ഇത്രയധികം പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല...' ഹരി പറഞ്ഞു നിർത്തി.

ഫാദർ ഡൊമിനിക്ക് കുറച്ചുനേരം ചിന്തയിലാണ്ടു. എന്നിട്ട് പറഞ്ഞു.

'ഞാൻ എറോക്കിനെക്കുറിച്ച് പഠിച്ചു. ജർമ്മനിയിലെ ഒരു ലൈബ്രറിയിൽ നിന്നും എനിക്ക് മസായി ഗോത്രവർഗക്കാരെക്കുറിച്ചുള്ള പുസ്തകം കിട്ടി. അവരുടെ ദൈവമല്ല, ദുർമൂർത്തിയാണ് എറോക്ക്...

അഞ്ഞൂറോ, അറുനൂറോ വർഷങ്ങൾക്ക് മുമ്പ് ആഫ്രിക്കൻ തീരത്ത് ഒഴുകിയെത്തിയ ഒരു തിമിംഗലത്തിൽ നിന്നാണ് എറോക്ക് എന്ന ബാധ മസായി ഗ്രാമത്തെ വേട്ടയാടാൻ തുടങ്ങിയത്. ഒരുപാട് ആളുകളെയും മൃഗങ്ങളെയും ഈ ചോരകുടിയൻ കൊന്നു രക്തം കുടിച്ചു.

വിവരങ്ങൾ കേട്ടറിഞ്ഞ് പേർഷ്യയിൽ നിന്നും വന്ന ഒരു മന്ത്രവാദി എറോക്കിനെ കീഴ്‌പ്പെടുത്തി ഒരു പ്രതിമയിൽ ബന്ധിച്ചു. പിന്നെ ആ പ്രതിമ ചെപ്പുകുടത്തിൽ അടച്ചു നടുക്കടലിൽ എറിഞ്ഞു കളഞ്ഞു. ആ പ്രതിമയായിരിക്കണം ഇത്. പ്രതിമയിൽ എഴുതിയിരിക്കുന്ന ചില ലിപികൾ കണ്ടിട്ട് എനിക്ക് അങ്ങനെ തോന്നുന്നു... '

ഡൊമിനിക്ക് പറഞ്ഞത് കേട്ട് രവിശങ്കറും ഹരിശങ്കറും ഞെട്ടിപ്പോയി!

'പ്രതിമയുടെ തല ഉടലിൽ നിന്നും വേർപെട്ടപ്പോൾ അതിൽ ബന്ധിച്ചിരുന്ന ബാധ സ്വതന്ത്രനായി പുറത്തിറങ്ങിക്കാണണം. അവന് ഏത് രൂപത്തിലും സഞ്ചരിക്കാം. എത്ര വർഷം മുമ്പ് മരിച്ചു പോയവരെയും പുനർജീവിപ്പിച്ച് കൊണ്ടുവരാനും കഴിയും. അതിശക്തനായ പ്രേതരൂപിയാണ് എറോക്ക്. അവനെ പെട്ടെന്ന് ഉന്മൂലനം ചെയ്യാൻ പറ്റുമോ എന്ന് പറയാൻ പ്രയാസമാണ്. എന്തെങ്കിലും വഴികൾ ഉണ്ടോ എന്ന് പരിശോധിക്കണം. പേർഷ്യൻ മന്ത്രവാദി അവനെ എങ്ങനെയാണ് പ്രതിമയിൽ ബന്ധിച്ചതെന്ന് അറിഞ്ഞാൽ നമ്മുടെ ജോലി എളുപ്പമായി.'

ഫാദർ ഡൊമിനിക്ക് പ്രതിമയെടുത്ത് ബാഗിനുള്ളിൽ നിക്ഷേപിച്ചു. പിന്നെ, ബാഗിൽ നിന്ന് ഒരു പുസ്തകമെടുത്ത് തുറന്നു, ഒരു ചിത്രം അവരെ കാണിച്ചു. അത് എറോക്കിന്റെ ചിത്രമായിരുന്നു.

'കിരൺ എവിടെ..? ' ഫാദർ ഡൊമിനിക് തിരക്കി.

'അവൻ മുകളിൽ ടെറസിൽ ഉണ്ട്...'

'എങ്കിൽ വരൂ...അവനെയൊന്നു കാണാം...'

ഫാദർ ഡൊമിനിക്ക് പുസ്തകം അടച്ച് ബാഗിൽ വച്ചുകൊണ്ട് എണീറ്റു.

അപ്പോൾ പുറത്ത് ഇരുട്ട് വീണു കഴിഞ്ഞിരുന്നു.

രവിശങ്കറിനും ഹരിക്കും പിന്നാലെ ഫാദറും ഡോക്ടറും സ്റ്റെപ്പുകൾ കയറി മുകളിലേക്കു ചെന്നു.

വീടിനു മുകളിലത്തെ നിലയിൽ ടെറസിൽ ഇരിക്കുകയായിരുന്നു കിരൺ. അവരെ കണ്ടതും അവൻ ചാടിയെണീറ്റു. പിന്നെ അവന്റെ മുഖഭാവം മാറി. ശരീരത്തിന്റെ രൂപത്തിനും മാറ്റം സംഭവിച്ചു.

'നിങ്ങൾ വൈകിപ്പോയി, ഫാദർ ഡൊമിനിക്ക്..' കിരൺ ഗർജ്ജിച്ചു.

ആ അലർച്ചയിൽ ടെറസിന്റ ഒരു ഭാഗം തകർന്നു വീണു.

മരിച്ചു പോയ ജയശങ്കറിന്റെ രൂപം ഇരുട്ടിൽ നിന്നും പുറത്തുവന്ന് ഹരിശങ്കറെ പിടികൂടി.

ഫാദർ ഡൊമിനിക് വേഗം ബാഗ് തുറന്ന് ആ പ്രതിമ പുറത്തെടുത്തു. പിന്നെ ബാഗിന്റെ മറ്റൊരു അറയിൽ നിന്നും കട്ടിയേറിയ ഒരു പശ എടുത്തു പ്രതിമയുടെ ഉടലും തലയും തമ്മിൽ കൂട്ടി യോജിപ്പിച്ചു.

'എറോക്ക് നിനക്കിനി രക്ഷയില്ല...' ഡൊമിനിക് മന്ത്രിച്ചു.

പ്രതിമയുടെ കണ്ണുകൾ! പവിഴക്കല്ല് കൊണ്ട് തീർത്ത ചുവന്ന കണ്ണുകൾ ഇരുട്ടിൽ ജ്വലിക്കുന്നത് പോലെ. ഫാദർ അത് മേശപ്പുറത്ത് വെച്ചു. പെട്ടെന്ന്, ജനൽവാതിലുകൾ ശക്തിയായി ആഞ്ഞടിച്ചു. പുറത്ത് കാറ്റില്ലായിരുന്നു, പക്ഷേ, ദൂരെ കാടിന്റെ ഉള്ളിൽ നിന്ന് ആയിരക്കണക്കിന് ആളുകൾ ഒരേ സ്വരത്തിൽ മൂളുന്നത് പോലെ ഒരു ശബ്ദം ഉയർന്നു.

'ഹും... ഹും... മാസാ... എറോക്ക്...'

ഫാദർ ഡൊമിനിക് ഞെട്ടിപ്പോയി. അത് മസായികളുടെ യുദ്ധഗാനമായിരുന്നു! ഫാദർ ജനലിലൂടെ പുറത്തേക്ക് നോക്കി. മഞ്ഞിൽ പുതച്ച വയനാടൻ കാടിനുള്ളിൽ, തീപ്പന്തങ്ങളുമായി ഉയരമുള്ള കറുത്ത രൂപങ്ങൾ നൃത്തം ചെയ്യുന്നത് പോലെ തോന്നി.

ഭയത്തോടെ എല്ലാവരും പ്രതിമയിലേക്ക് നോക്കി. നേരത്തെ അടഞ്ഞ നിലയിലായിരുന്ന പ്രതിമയുടെ വായ ഇപ്പോൾ അല്പം തുറന്നിരിക്കുന്നു. അതിൽ നിന്ന് ചോര പോലെ ചുവന്ന ഒരു ദ്രാവകം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.

പെട്ടെന്ന്, വീടിനുള്ളിലെ ലൈറ്റുകൾ ഒന്നടങ്കം കെട്ടു.

പുറത്തെ മഞ്ഞിലൂടെ അരിച്ചിറങ്ങുന്ന നേർത്ത നിലാവെളിച്ചം മാത്രം മുറിയിലുണ്ട്. ആ വെളിച്ചത്തിൽ, എറോക്കിന്റെ പവിഴക്കണ്ണുകൾ കൂടുതൽ തീക്ഷ്ണമായി തിളങ്ങി. തങ്ങൾക്കു പിന്നിൽ ആരോ ഭാരമേറിയ പാദങ്ങളോടെ നടക്കുന്ന ശബ്ദം അവർ കേട്ടു. അത് വെറുമൊരു നടത്തമായിരുന്നില്ല; മസായി യോദ്ധാക്കൾ യുദ്ധത്തിന് മുൻപ് ചവിട്ടുന്ന 'അഡുമു' നൃത്തത്തിന്റെ താളം പോലെ തോന്നിച്ചു!

'വരൂ... നമുക്ക് താഴേക്ക് പോകാം. ഇനി ഇവിടെ നിന്നാൽ ശരിയാവില്ല.... '

എന്തോ ആലോചിച്ചു ഉറപ്പിച്ചുകൊണ്ട് ഫാദർ ഡൊമിനിക്ക് പറഞ്ഞു

ഹരിശങ്കർ മൊബൈൽ ടോർച്ച് തെളിച്ചു. ആ വെളിച്ചത്തിൽ അവർ താഴേക്കുള്ള സ്റ്റെപ്പുകൾ ഓരോന്നായി ഇറങ്ങി. താഴെ ഹാളിൽ എത്തിയപ്പോൾ അവർ മരവിച്ചു നിന്നു പോയി.

ഹാളിന്റെ നടുവിൽ, പുകമഞ്ഞുപോലെ ഒരു രൂപം നിൽക്കുന്നു. ഏഴടിയോളം ഉയരം, മെലിഞ്ഞുണങ്ങിയ ശരീരം, കയ്യിൽ നീളമുള്ള ഒരു കുന്തം. അത് ഒരു മസായി യോദ്ധാവിന്റെ നിഴലായിരുന്നു. പക്ഷേ, അതിന്റെ മുഖത്തിന് പകരം അവിടെ എറോക്കിന്റെ വിചിത്രമായ മുഖമായിരുന്നു.

'ആരാണ് നീ?' ഫാദർ ഗർജിക്കുന്ന ശബ്ദത്തിൽ ചോദിച്ചു.

ആ രൂപം മറുപടി നൽകിയില്ല. പകരം, അത് തന്റെ കുന്തം തറയിൽ ശക്തിയായി അടിച്ചു. ആ ശബ്ദം ഒരു ഭൂകമ്പം പോലെ വീടിനെ ഉലച്ചു. ഫാദറിന്റെ കാതുകളിൽ ആഫ്രിക്കൻ വന്യതയിലെ സിംഹങ്ങളുടെ ഗർജ്ജനം മുഴങ്ങി.

നിനക്ക് എന്നെ തടയാനാവില്ല, ഫാദർ ഡൊമിനിക്...' ഇരുട്ടിൽ നിന്നും പുറപ്പെട്ടത് എറോക്കിന്റെ ഇരമ്പുന്ന ശബ്ദമായിരുന്നു.

പെട്ടെന്ന്, തറവാടിന് ചുറ്റുമുള്ള മഞ്ഞ് കനത്തു. സാധാരണ വയനാടൻ മഞ്ഞല്ല അത്. ആ മഞ്ഞിന് ചാരത്തിന്റെ ഗന്ധമായിരുന്നു. കാഴ്ച മറയ്ക്കുന്ന ആ പുകമറയ്ക്കുള്ളിൽ നിന്ന് വിചിത്രമായ രൂപങ്ങൾ പുറത്തുവന്നു. അവ രവിശങ്കറിന്റെ മരിച്ചു പോയ അച്ഛനും സഹോദരൻ ജയശങ്കറും പിന്നെ രാമേട്ടനും ശോഭേടത്തിയും മകൾ അനിതയുമായിരുന്നു!

അവരുടെ മുഖത്ത് ക്രൂരമായൊരു പുഞ്ചിരി ഉണ്ടായിരുന്നു.

'ഹരീ... മോനേ...'

ശോഭയുടെ ശബ്ദം കേട്ടതും ഹരി അറിയാതെ ഒരടി മുന്നോട്ടു വെച്ചു.

'ഏട്ടത്തി...'

'ഹരീ... നീ എന്നെ മറന്നോ? നിന്റെ ശോഭേട്ടത്തിയല്ലേ ഞാൻ...'

അവൾ കൈകൾ നീട്ടി.

ഹരിയുടെ കണ്ണുകൾ നിറഞ്ഞു.

'ഹരീ... അരുത്!'

ഫാദർ ഡൊമിനിക്ക് അലറി.

പക്ഷേ ഹരി അത് കേട്ടില്ല.

'ഏട്ടത്തി...'

അയാൾ ശോഭയുടെ അടുത്തേക്ക് നടന്നു.

പെട്ടെന്ന് ശോഭയുടെ മുഖം വികൃതമായി. കണ്ണുകൾ പുറത്തേക്ക് തള്ളി. വായിൽ നിന്നും നീണ്ട രണ്ട് കോമ്പല്ലുകൾ പുറത്തേക്കു വന്നു.

അവൾ ഹരിയുടെ കഴുത്തിലേക്ക് ചാടിവീഴാൻ ശ്രമിച്ചു.

(തുടരും....)

Content Highlights: Horror Novel Kadal Chekuthan Part 18