സ്‌കൂള്‍ കാലത്തെ ഓര്‍മകളുണര്‍ത്തുന്ന ഒരു റെസ്‌കിന്‍ ബോണ്ട് പുസ്തകം

#തയ്യാറാക്കിയത് : അഞ്ജന ശശി
Cover, Ruskin bond
Cover, Ruskin bond

കുട്ടികൾക്കായുള്ള പുസ്തകങ്ങൾ എഴുതിയ എക്കാലത്തെയും മികച്ച രചയിതാക്കളിൽ ഒരാളായ റസ്കിൻ ബോണ്ടിന്റെ സ്കൂൾ ഓർമകളിൽനിന്നുള്ള ചെറുകഥകളുടെ ഒരു ശേഖരമാണ് 'വിസിലിങ് സ്കൂൾ കുട്ടിയും സ്കൂൾജീവിതത്തിലെ മറ്റ് കഥകളും' (The Whistling Schoolboy and other stories of school life) തന്റെ സ്കൂൾ കാലത്തെ അവിസ്മരണീയമായ ചില സംഭവങ്ങളാണ് എഴുത്തുകാരൻ പുസ്തകത്തിൽ വിവരിക്കുന്നത്. സ്കൂളിൽ പോകുന്നവരും പോയവരുമായ എല്ലാ തരക്കാർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പുസ്തകമാണിത്.

ബോർഡിങ് സ്കൂളിൽ പഠിക്കുമ്പോൾ നാണംകുണുങ്ങിയും ശാന്തനുമായിരുന്നു റസ്കിൻ. മറ്റു കുട്ടികൾ ഫുട്ബോൾ കളിക്കുമ്പോൾ കുഞ്ഞു റസ്കിൻ പുസ്തകങ്ങളും വായനശാലയുമാണ് തിരഞ്ഞെടുത്തത്. ബോയ്സ് സ്കൗട്ട്പ്രസ്ഥാനത്തിൽ അംഗമായിരുന്ന അവൻ അവർക്കിടയിലെ മികച്ച പാചകക്കാരനായും അറിയപ്പെട്ടു.

സ്കൂളിൽ പോകുന്ന കുട്ടികൾ സുഹൃത്തുക്കളുമായി പങ്കിടുന്ന വിചിത്രമായ കെട്ടിച്ചമച്ച കഥകളുടേതും അനുഭവിച്ച അവസരങ്ങളുടേതുമായ ചെറുകഥകളുടെ ഒരു കൂട്ടമാണിത്. പ്രേത സംഭാഷണങ്ങൾ, കർശനമായ പ്രിൻസിപ്പൽ, സ്കൂൾ സുഹൃത്തുക്കൾക്കിടയിലെ പ്രിയപ്പെട്ട കായിക വിനോദങ്ങൾ, ഇരുട്ടിലെ മുഖം, വെള്ള വസ്ത്രത്തിലെ സ്ത്രീ, കാണാതായ പ്രിൻസിപ്പൽ, ഗ്രാമത്തിൽ പുള്ളിപ്പുലി, സുഹൃത്തിന്റെ വേർപിരിയൽ, സ്കൂളിൽ എത്താൻ വളരെ ദൂരം സഞ്ചരിക്കുന്ന വിദ്യാർഥി തുടങ്ങി രണ്ടു ഭാഗങ്ങളിലായി പതിനാറു കഥകളാണുള്ളത്. പുസ്തകത്തിൽ പറയുന്ന ഓരോ കഥയും എല്ലാ കുട്ടികൾക്കും അവരവരുട ജീവിതവുമായി താരതമ്യം ചെയ്യാൻ പറ്റുന്നതും രസകരമായ ഘടകങ്ങൾ നിറഞ്ഞതുമാണ്. സിംലയിലെ ബോർഡിങ് സ്കൂളിൽ താമസിച്ചിരുന്നപ്പോഴുണ്ടായിരുന്ന കാര്യങ്ങളും കഥാപാത്രങ്ങളും മടുക്കാത്ത രീതിയിൽ അതിമനോഹരമായാണ് ബോണ്ട് വിവരിച്ചിരിക്കുന്നത്.

അവസാനത്തെ കഥയായ 'പൈൻ മരത്തിനിടയിലെ സ്കൂൾ' എന്നതിൽ വളരെദൂരം താണ്ടി സ്കൂളിലെത്താൻ കഷ്ടപ്പെട്ടിരുന്ന കുട്ടികളുടെ അവസ്ഥ വിവരിക്കുന്നുണ്ട്. പ്രകൃതിസംരക്ഷണത്തിന്റെ സന്ദേശംകൂടി ഇതിലൂടെ നൽകുന്നു. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവർക്കും ആസ്വദിക്കാവുന്ന ഈ പുസ്തകം കൂട്ടുകാർ വാങ്ങി വായിക്കൂ, ആസ്വദിക്കൂ.

റസ്കിൻ ബോണ്ട്

ബ്രിട്ടീഷ് വംശജനായ ഇന്ത്യൻ എഴുത്തുകാരനാണ് റസ്കിൻ ബോണ്ട്. അഞ്ഞൂറിലധികം ചെറുകഥകളും ഉപന്യാസങ്ങളും നോവലുകളും എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രശസ്തമായ നോവൽ 'ദി ബ്ലൂ അംബ്രല്ല' 2007 ൽ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡിന് അർഹനായി. കുട്ടികൾക്കായി 50-ലധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഇന്ത്യ കൊളോണിയൽ ഭരണത്തിൻ കീഴിലായിരുന്നപ്പോൾ ബ്രിട്ടീഷ് ദമ്പതികളുടെ മകനായി ജനിച്ച അദ്ദേഹം കുട്ടിക്കാലം ജാംനഗറിലും ഷിംലയിലും ചെലവഴിച്ചു. പതിനാറാം വയസ്സിൽ തന്റെ ആദ്യത്തെ ചെറുകഥകളിലൊന്ന് എഴുതി. 1999 ൽ പദ്മശ്രീ, 2014 ൽ പദ്മഭൂഷൺ എന്നിവ ലഭിച്ചു.

(വിദ്യയിൽ പ്രസിദ്ധീകരിച്ചത്)

Content highlights :ruskin bond book The Whistling Schoolboy and other stories of school life review

Content Highlights: