പോസ്റ്റുണ്ടോ പോസ്റ്റ്... എന്തായിരുന്നു പണ്ടത്തെ പോസ്റ്റ്?

പോസ്റ്റ് എന്ന് പറഞ്ഞാൽ ഇന്ന് ഇൻസ്റ്റയും ഫേസ്ബുക്കുമൊക്കെയാണ് ഓർമ വരിക. എന്നാൽ പണ്ടൊക്കെ പോസ്റ്റുണ്ടോ എന്ന് ചോദിച്ചാൽ തപാലിൽ കത്തോ മറ്റോ വന്നിട്ടുണ്ടോ എന്നായിരുന്നു അർത്ഥം.
തപാലിൽ കത്തയക്കുന്നതൊക്കെ ഇന്ന് പഴങ്കഥയായി മാറിക്കഴിഞ്ഞു. എങ്കിലും ധാരാളം സേവനങ്ങൾക്ക് ഇന്നും തപാൽ വകുപ്പ് നമ്മെ സഹായിക്കുന്നുണ്ട്. സ്പീഡ് പോസ്റ്റും പാഴ്‌സലുകളും തപാൽ ബാങ്കിങ്ങുമൊക്കെ അതിൽ ചിലതാണ്.
തപാൽ സംവിധാനത്തിന്റെ പ്രാധാന്യത്തെ ഓർമ്മിപ്പിക്കുന്ന രണ്ട് പ്രധാനപ്പെട്ട ദിവസങ്ങളാണ് ലോക തപാൽ ദിനവും ദേശീയ തപാൽ ദിനവും.
ലോക തപാൽ ദിനം (World Post Day):
എല്ലാ വർഷവും ഒക്ടോബർ 9 ആണ് ലോക തപാൽ ദിനമായി ആചരിക്കുന്നത്. 1874 ഒക്ടോബർ 9 ന് സ്വിറ്റ്‌സർലൻഡിലെ ബേൺ നഗരത്തിൽ യൂണിവേഴ്‌സൽ പോസ്റ്റൽ യൂണിയൻ (UPU) സ്ഥാപിതമായതിന്റെ ഓർമ്മയ്ക്കായാണ് ഈ ദിവസം ലോക തപാൽ ദിനമായി ആഘോഷിക്കുന്നത്. ലോകമെമ്പാടുമുള്ള തപാൽ ശൃംഖലകളെ പരസ്പരം ബന്ധിപ്പിക്കുന്നതിലും സന്ദേശങ്ങൾ കൈമാറുന്നതിലും തപാൽ വകുപ്പ് വഹിക്കുന്ന പങ്കിനെ നന്ദിയോടെ സ്മരിക്കാൻ ഈ ദിവസം നമ്മെ സഹായിക്കുന്നു.
ദേശീയ തപാൽ ദിനം (National Post Day):
ലോക തപാൽ ദിനത്തിന്റെ തുടർച്ചയായി ഇന്ത്യയിൽ എല്ലാ വർഷവും ഒക്ടോബർ 10 ദേശീയ തപാൽ ദിനമായി ആചരിക്കുന്നു. ഇന്ത്യൻ തപാൽ വകുപ്പിന്റെ (India Post) സേവനങ്ങളെയും രാജ്യത്തിന്റെ പുരോഗതിയിൽ അത് വഹിച്ച പങ്കിനെയും ജനങ്ങളിലേക്ക് എത്തിക്കാനാണ് ഈ ദിവസം ആഘോഷിക്കുന്നത്. ഇന്ത്യയിൽ ഒക്ടോബർ 9 മുതൽ 15 വരെയുള്ള ദിവസങ്ങൾ തപാൽ വാരമായി (National Postal Week) ആചരിക്കാറുണ്ട്.
ഈ വിവരങ്ങൾ ഓർത്തുവെക്കാം
ലോകത്തിലെ ഏറ്റവും വലിയ തപാൽ ശൃംഖലയുള്ള രാജ്യം ഇന്ത്യയാണ്.
ഇന്ത്യയിൽ ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത് 1852-ൽ ആണ് (സിന്ധ് ഡാക്).
ഇന്ത്യയിലെ കത്തുകളിൽ ഉപയോഗിക്കുന്ന ആറക്ക പിൻകോഡ് സംവിധാനം നിലവിൽ വന്നത് 1972 ഓഗസ്റ്റ് 15 നാണ്.
ഇന്ത്യയിൽ ആദ്യത്തെ ഒഴുകുന്ന പോസ്റ്റ് ഓഫീസ് നിലവിൽ വന്നത് കാശ്മീരിലെ ദാൽ തടാകത്തിലാണ്.
ഇന്ന് മൊബൈൽ ഫോണുകളും ഇന്റർനെറ്റും സജീവമാണെങ്കിലും, കുറഞ്ഞ ചെലവിൽ സാധാരണക്കാരിലേക്ക് സേവനങ്ങൾ എത്തിക്കുന്നതിൽ തപാൽ വകുപ്പ് ഇന്നും വലിയ പങ്കുവഹിക്കുന്നു.
Content Highlights: World Post Day is observed globally on October 9, commemorating the establishment of the UPU in 1874