സ്വന്തം വീടും ചുമന്ന് നടക്കുന്ന ആമയുടെ കഥ അറിയാമോ?

പണ്ടുപണ്ട് ദേവന്മാരുടെ രാജാവായ ജൂപ്പിറ്റർ വിവാഹം കഴിക്കാൻ തീരുമാനിച്ചു. വിവാഹം വലിയ ആഘോഷമാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.
വിവാഹത്തിന് കാട്ടിലെ എല്ലാ മൃഗങ്ങളെയും പക്ഷികളെയും ക്ഷണിച്ചു.
''എല്ലാവരും വരണം. നല്ലൊരു വിരുന്നാണ് ഒരുക്കിയിരിക്കുന്നത്!'', ജൂപ്പിറ്റർ പറഞ്ഞു.
വിവാഹദിവസമെത്തി. ദേവലോകം മുഴുവൻ ആഘോഷത്തിരക്കിലായി. എല്ലായിടത്തും മനോഹരമായ അലങ്കാരങ്ങൾ. അതിഥികൾക്കായി രുചികരമായ വിഭവങ്ങളും ഒരുക്കിയിരുന്നു.
സിംഹവും കടുവയും ആനയും മാനുമെല്ലാം വിരുന്നിനെത്തി. കുരങ്ങനും മുയലും കുറുക്കനും എത്തി. പക്ഷികളും കൂട്ടത്തോടെ പറന്നെത്തി.
എല്ലാവരും സന്തോഷത്തോടെ വിരുന്നിൽ പങ്കെടുത്തു.
എന്നാൽ, ഒരാൾമാത്രം എത്തിയില്ല. ആരാണെന്നോ?
നമ്മുടെ ആമ!
ജൂപ്പിറ്ററിന് അദ്ഭുതമായി.
''എല്ലാവരും വന്നിട്ടും ആമയെമാത്രം കാണാനില്ലല്ലോ! എന്തുപറ്റിയാവോ?'
കുറച്ചുദിവസങ്ങൾക്കുശേഷം ജൂപ്പിറ്റർ ആമയെ കണ്ടുമുട്ടി.
''ആമേ, നീയെന്താ എന്റെ വിവാഹവിരുന്നിന് വരാതിരുന്നത്? എല്ലാവരും വന്നിരുന്നല്ലോ!''
ആമ പതുക്കെ തലയുയർത്തി.
''എനിക്ക് പുറത്തുപോകാനൊന്നും വലിയ ഇഷ്ടമില്ല. സ്വന്തം വീട്ടിലിരിക്കുന്നതാണ് ഏറ്റവും സുഖം. എന്റെ വീടുപോലെ മറ്റൊരിടവുമില്ല!''
ആമയുടെ മറുപടി കേട്ടപ്പോൾ ജൂപ്പിറ്ററിന് ദേഷ്യം വന്നു.
''ഓഹോ! അപ്പോൾ സ്വന്തം വീടുവിട്ടിറങ്ങാൻ നിനക്ക് ഇഷ്ടമല്ല, അല്ലേ?''
''അതെ!'' ആമ മറുപടി പറഞ്ഞു.
''എങ്കിൽ ഇനി നീ ഒരിക്കലും വീടുവിട്ടുപോകേണ്ട! എവിടെപ്പോയാലും നിന്റെ വീടും കൂടെയുണ്ടാകട്ടെ!''
ജൂപ്പിറ്റർ ആമയെ ശപിച്ചു.
അതോടെ ആമയുടെ പുറത്ത് കട്ടിയുള്ള ഒരു പുറന്തോട് പ്രത്യക്ഷപ്പെട്ടു. അതുതന്നെയായി ആമയുടെ വീട്!
ആമ അദ്ഭുതത്തോടെ സ്വന്തം പുറം തിരിഞ്ഞുനോക്കി.
''അയ്യോ! ഇനി എവിടെപ്പോയാലും ഈ വീടും ചുമക്കണമല്ലോ!''
പക്ഷേ, എന്തുചെയ്യാൻ? ജൂപ്പിറ്ററിന്റെ ശാപം മാറ്റാൻ ആമയ്ക്ക് കഴിഞ്ഞില്ല.
അന്നുമുതൽ ആമ സ്വന്തം വീടും ചുമന്നാണ് നടക്കുന്നതെന്നാണ് കഥ!
Content Highlights: Retelling of the classic fable about Jupiter's wedding and the tortoise