മൂന്നാമൻ എവിടെ? ഒരു ഗുണപാഠ കഥ വായിച്ചാലോ?

ഒരു ഞായറാഴ്ചയാണ് സംഭവം. മൂന്ന് വികൃതികളായ ചെറുപ്പക്കാർ ഒരു സ്കൂളിന് സമീപത്തുള്ള കലുങ്കിൽ ഇരിക്കുകയായിരുന്നു. അതിനടുത്തുള്ള പാടത്ത് കുറേ ആടുകൾ മേയുന്നുണ്ട്. ഇതുകണ്ടപ്പോൾ അവർക്കൊരു വികൃതിതോന്നി. പാടത്തുനിന്ന് മൂന്ന് ആടുകളെ അവർ പിടികൂടി. എന്നിട്ട് ഒന്നിന്റെമേൽ ഒന്ന് എന്ന അക്കം എഴുതി. രണ്ടാമത്തേതിന്റെമേൽ രണ്ട് എന്നും എഴുതി. എന്നാൽ മൂന്നാമത്തെ ആടിന്റെമേൽ അവർ നാല് എന്നാണ് എഴുതിയത്. എന്നിട്ട് എന്തുചെയ്തെന്നോ. മൂന്ന് ആടുകളേയും അവർ സ്കൂളിന്റെ ഗേറ്റ് തുറന്ന് അകത്തേക്ക് കയറ്റിവിട്ടു.
ഞായറാഴ്ചയായിരുന്നതിനാൽ സ്കൂളിൽ ആരുമില്ലായിരുന്നു. ആടുകൾ സ്കൂളിൽ തലങ്ങും വിലങ്ങും ഓടി. അവിടെ നട്ടുപിടിപ്പിച്ച ചെടികളെല്ലാം തിന്നുനശിപ്പിച്ചു.
പിറ്റേന്ന് സ്കൂൾ അധികൃതർ വന്ന് ഗേറ്റ് തുറന്നപ്പോഴുള്ള കാഴ്ചകണ്ട് അന്തംവിട്ടുപോയി. സ്കൂളും പരിസരവുമെല്ലാം ആടുകൾ നാശമാക്കിയിരിക്കുന്നു. വേഗം ആടുകളെ പിടിച്ചുകെട്ടാൻ നിർദേശം നൽകി. സെക്യൂരിറ്റിജീവനക്കാർ ആടുകളെയെല്ലാം പിടിച്ചുകെട്ടി ഹെഡ്മാസ്റ്ററുടെ മുന്നിലെത്തിച്ചു. 'ഒന്ന്, രണ്ട്, ..., നാല്'. ഹെഡ്മാസ്റ്റർ ആടുകളുടെ പുറത്തെഴുതിയ നമ്പർ ശ്രദ്ധിച്ചു. ''ങേ, മൂന്നാമത്തെ ആട് എവിടെ?''
അപ്പോഴാണ് മറ്റുള്ളവരും അത് ശ്രദ്ധിച്ചത്. ''വേഗം മൂന്നാമത്തെ ആടിനെക്കൂടി കണ്ടെത്തിക്കൊണ്ടുവാ.'' ഹെഡ്മാസ്റ്റർ ഓഡറിട്ടു.
സ്കൂൾജീവനക്കാരും അധ്യാപകരും നാലുവഴിക്കും പാഞ്ഞു. എല്ലാ മുക്കുംമൂലയും അവർ അരിച്ചുപെറുക്കി. പക്ഷേ, മൂന്നാമത്തെ ആടിനെമാത്രം കണ്ടുകിട്ടിയില്ല. അതോടെ എല്ലാവരും അങ്കലാപ്പിലായി. അന്ന് സ്കൂളിന് അവധികൊടുത്തുകൊണ്ട് മുഴുവൻ ആൾക്കാരും മൂന്നാമത്തെ ആടിനുവേണ്ടി സ്കൂൾ മുഴുവനും തിരച്ചിൽ തുടർന്നു. വൈകുന്നേരമായിട്ടും ആടിനെ കണ്ടുകിട്ടാതായതോടെ എല്ലാവരും നിരാശരും ക്ഷീണിതരുമായി.
എങ്ങനെ അവർക്ക് മൂന്നാമത്തെ ആടിനെ കിട്ടും? വാസ്തവത്തിൽ അങ്ങനെ ഒരാടില്ല എന്നുള്ളകാര്യം അവർക്ക് അറിയില്ലല്ലോ. പിന്നെ എത്ര പരതിയാലും അതിനെ കിട്ടുമോ?
ഇതുപോലെയാണ് ജീവിതവും. കിട്ടേണ്ടതൊക്കെ കിട്ടിയാലും ഇല്ലാത്ത ഒന്നിനുവേണ്ടിയുള്ള ഓട്ടത്തിലാണെല്ലാവരും. കൈയിൽ കിട്ടിയതിനെയല്ല, കിട്ടാൻ പ്രയാസമുള്ള കാര്യങ്ങൾക്കുവേണ്ടിയാണ് ആൾക്കാർ കൂടുതൽ സമയവും ചെലവഴിക്കുന്നത്. അതുകൊണ്ട് മൂന്നാമത്തെ ആടിനുവേണ്ടിയുള്ള ശ്രമം ഉപേക്ഷിച്ച് കൈയിൽകിട്ടിയ കാര്യങ്ങളെ പൊലിപ്പിച്ചെടുക്കുമ്പോഴാണ് ജീവിതവിജയമുണ്ടാകുന്നത്.
Content Highlights: An amusing story of three mischievous youths pranking a school with goats labeled 1, 2, and 4.