'ഇരതേടി പറന്ന് അലയാനൊന്നും എനിക്ക് വയ്യ', എന്നുപറഞ്ഞ വവ്വാൽ പക്ഷിയുടെ കഥ വായിച്ചാലോ?

ഒരിടത്ത് ഒരു വവ്വാലുണ്ടായിരുന്നു. ചെറുജീവികളെയും ഉറുമ്പുകളെയുമൊക്കെ പിടിച്ചുതിന്നാണ് അവൻ ജീവിച്ചിരുന്നത്. ജീവികളെ അങ്ങനെ എളുപ്പത്തിലൊന്നും കിട്ടില്ല. അതിന് കുറച്ച് ബുദ്ധിമുട്ടുണ്ട്. നമ്മുടെ വവ്വാലിന് അങ്ങനെ ബുദ്ധിമുട്ടി ഇരതേടാൻ ഒരു താത്പര്യവുമില്ലായിരുന്നു. എങ്കിലും വിശക്കുമ്പോൾ അവൻ മടിച്ചുമടിച്ച് വല്ലതുംതേടി ഇറങ്ങുമെന്ന് മാത്രം.
അങ്ങനെ ഒരുദിവസം ഇരതേടി പറക്കുമ്പോഴാണ് അവൻ അത് കണ്ടത്. ഒരുവീട്ടിൽ ഒരുപക്ഷിക്കൂട് തൂക്കിയിട്ടിരിക്കുന്നു. അതിൽ നല്ലൊരു പക്ഷിയും. പക്ഷിയുടെ മുന്നിലാണെങ്കിൽ അടിപൊളി ഭക്ഷണവും. പക്ഷി അതിന്റെ ആഹാരം കൊത്തിക്കൊത്തി തിന്നുന്നത് കണ്ടപ്പോൾ വവ്വാലിന് അസൂയതോന്നി.
'ഹൊ, അതിന്റെയൊരു ഭാഗ്യം. ഇരതേടി പറന്ന് അലയേണ്ട. സമയാസമയം ഭക്ഷണം മുമ്പിലെത്തും. കാറ്റും മഴയും വെയിലും ഏൽക്കാതെ സുഖമായി കഴിയാം'. വവ്വാൽ ഓർത്തു.
ഇങ്ങനെ ഏതെങ്കിലും വീട്ടിൽ അരുമയായി വളരാൻ കഴിഞ്ഞെങ്കിലെന്ന് വവ്വാൽ ആഗ്രഹിച്ചു. അതിനുവേണ്ടിയായി പിന്നെ അവന്റെ ശ്രമം. കുട്ടികൾ ഒത്തുകൂടുന്ന പാർക്കിലും കളിസ്ഥലങ്ങളിലുമൊക്കെ അവൻ എല്ലാവരും കാൺകെ തൂങ്ങിക്കിടക്കാൻ തുടങ്ങി. വവ്വാലിനെ ആർക്കും അത്ര ഇഷ്ടമല്ലല്ലോ. അതുകൊണ്ടുതന്നെ അവനെ ആരും ശ്രദ്ധിച്ചില്ല. തന്റെ രൂപംതന്നെയാണ് മറ്റുള്ളവരെ ആകർഷിക്കാത്തത് എന്ന് അവന് മനസ്സിലായി.
പിറ്റേന്ന് വവ്വാൽ എവിടുന്നോ കുറേ പക്ഷിത്തൂവലുകൾ കൊണ്ടുവന്ന് ദേഹത്ത് ഒട്ടിച്ചുവെച്ചു. വായുടെ മുന്നിൽ ഒരു ചുണ്ടും ഫിറ്റുചെയ്തു. പിന്നെ കുറേനേരം കിളികളുടെ ഒച്ചയുണ്ടാക്കാനും അവയെപ്പോലെ നേരേയിരിക്കാനും പരിശീലിച്ചു.
അങ്ങനെ കിളിയുടെ വേഷം കെട്ടിയ വവ്വാൽ ഒരു വീടിന്റെ മുന്നിലെ മരത്തിന്റെ താണചില്ലയിൽ ചെന്നിരുന്നു. കിളിയെപ്പോലെ ഒച്ചയുണ്ടാക്കി. പ്രത്യേകശബ്ദം കേട്ട് വീട്ടുകാർ വന്ന് നോക്കി. അതാ ഒരു അപൂർവയിനം പക്ഷി. അധികം കണ്ടിട്ടില്ലാത്ത ആ പക്ഷിയെ വീട്ടുകാർ പിടികൂടി കൂട്ടിലിട്ടു.
'ഹോ, ഒടുവിൽ താൻ ആഗ്രഹിച്ചത് നടന്നു'. വവ്വാലിന് ഭയങ്കര സന്തോഷമായി. ഇങ്ങനെയൊരു ബുദ്ധി പ്രയോഗിച്ചതിൽ അവന് അഭിമാനം തോന്നി. ഒപ്പം മണ്ടന്മാരായ മറ്റ് വവ്വാലുകളെക്കുറിച്ച് പുച്ഛവും.
നല്ലരസമുള്ള കൂട്. വെയിലും തണുപ്പും ഏൽക്കാതെ ഇനിയുള്ളകാലം ഭക്ഷണവും കഴിച്ച് ഇതിൽ കഴിയാം. അവൻ ഒരു കിളിയെപ്പോലെ തോന്നിപ്പിക്കാനായി ബദ്ധപ്പെട്ട് ശബ്ദമുണ്ടാക്കി അഭിനയിച്ച് കൂട്ടിലിരുന്നു.
എന്നാൽ കുറച്ചുകഴിഞ്ഞപ്പോഴാണ് താൻ വിചാരിച്ചതുപോലെയല്ല കാര്യങ്ങൾ എന്ന് മനസ്സിലായത്. തനിക്ക് തിന്നാൻ വീട്ടുകാർ കൊണ്ടുവെച്ച ഭക്ഷണം കണ്ട് അവൻ ഞെട്ടി. കിളികൾക്ക് കൊടുക്കുന്ന തീറ്റ. ചെറിയ പൊടിയരിപോലുള്ള എന്തോ ധാന്യം. പ്രാണികളെയും ഉറുമ്പുകളെയുമൊക്കെ തിന്നുന്ന താൻ ഇത് എങ്ങനെ കഴിക്കും? അവൻ തനിക്കുകിട്ടിയ തീറ്റയിൽ നോക്കി അന്തംവിട്ടിരുന്നു. ഒന്നും തിന്നാനാവാതെ അവന് വിശന്ന് വയറ് കത്താൻ തുടങ്ങി.
ആദ്യമൊന്നും വീട്ടുകാർ ഇത് ശ്രദ്ധിച്ചില്ല. രണ്ടുദിവസം കഴിഞ്ഞ് അവർ നോക്കിയപ്പോഴാണ് തങ്ങളുടെ കിളി ഒന്നും തിന്നാതെ മെലിഞ്ഞുവരുന്നത് കണ്ടത്. കിളി പട്ടിണികിടന്ന് ചത്തുപോകാതിരിക്കാൻ അവർ ഒരു സ്പൂണും സിറിഞ്ചുമായി വന്നു. എന്നിട്ട് കിളികളുടെ തീറ്റ സ്പൂണിൽ കോരി ബലമായി അവന്റെ വാതുറന്ന് അതിലേക്കിട്ടു. എന്നിട്ട് സിറിഞ്ചിൽ വെള്ളമെടുത്ത് വായിലേക്ക് ചീറ്റിയൊഴിച്ചു. വവ്വാൽ തന്റെ ജീവിതത്തിൽ ഇത്രയും പീഡനം അനുഭവിച്ചിട്ടില്ല. ഇങ്ങനെ തുടർന്നാൽ താൻ വൈകാതെ ഇവർ തരുന്ന തീറ്റതിന്ന് ചത്തുപോകുമെന്ന് അവന് തോന്നി. എങ്ങനെയെങ്കിലും ഈ കൂട്ടിൽനിന്ന് രക്ഷപ്പെടണമെന്ന് വവ്വാൽ തീരുമാനിച്ചു.
അങ്ങനെ ഒരുദിവസം പതിവുപോലെ വീട്ടുകാർ ഭക്ഷണം സ്പൂണിൽ തരുവാൻ വേണ്ടി കൂടിന്റെ വാതിൽ തുറന്നതും അവൻ തന്റെ സർവശക്തിയും എടുത്ത് കൂട്ടിൽനിന്നും കുതറി പുറത്തേക്ക് പറന്നു.
ദൂരെ ഒരു മരച്ചില്ലയിൽചെന്ന് തൂങ്ങിക്കിടന്ന് തന്റെ മണ്ടത്തരം ഓർത്ത് അവൻ ദീർഘനിശ്വാസം വിട്ടു. താൻ ഫിറ്റ്‌ചെയ്ത ചുണ്ടും തൂവലുകളുമെല്ലാം അവൻ കുടഞ്ഞ് ദൂരേക്കെറിഞ്ഞു. എന്നിട്ട് വവ്വാൽ എന്നും ചെയ്യാറുള്ളപോലെ തന്റെ സ്വന്തം തീറ്റതേടി പറന്നു, എന്തെന്നില്ലാത്ത സന്തോഷത്തോടെ.
ജീവിതത്തിൽ കഷ്ടപ്പെടാതെ ജീവിക്കാൻ കഴിയില്ല. അല്പം കഷ്ടപ്പെട്ടാലും സ്വാതന്ത്ര്യത്തോടെ ജീവിക്കുമ്പോഴാണ് ജീവിതം സുന്ദരമാകുന്നത് എന്ന് വവ്വാലിന് മനസ്സിലായി.
Content Highlights: A lazy bat envies a caged pet bird and wants an easy life without hunting.