കോലുമിഠായിക്ക് കാഴ്ചകൾ കാണാൻ ആഗ്രഹം. അത് നടക്കുമോ? ഈ കഥ വായിക്കൂ...

ഒരിടത്തൊരിടത്തൊരു കടയിൽ ഒരു ചുവചുവപ്പൻ കോലുമിഠായി ഉണ്ടായിരുന്നു. കടയിൽ വല്ല കുട്ടികളും വന്നാൽ ബാക്കിയുളള മിഠായികളെല്ലാം പേടിച്ചൊളിക്കും. എന്നാൽ ചുവപ്പൻ കോലുമിഠായി മാത്രം തന്നെയാരെങ്കിലും വാങ്ങുന്നതും കാത്തിരിക്കും. അലിഞ്ഞലിഞ്ഞ് തീരുംമുൻപ് പലപല നാടുകൾ കാണണമെന്നായിരുന്നു അവന്റെ ആഗ്രഹം.
നൊട്ടിനുണഞ്ഞു രസിക്കാനായ്
കുട്ടികളിപ്പോഴെത്തീടും
അവരോടൊപ്പം കണ്ടീടാം
കാഴ്ചകൾ പലതരമനവധിയായ്!
അങ്ങനെയിരിക്കെ ഒരുദിവസം എങ്ങാണ്ടുനിന്നോ ഒരു ആൺകുട്ടി വന്ന് ആ കോലുമിഠായി വാങ്ങിച്ചു. ആ കുട്ടിക്കൊപ്പം അച്ഛനും അമ്മയും ഉണ്ടായിരുന്നു. മിഠായിയും വാങ്ങി അവർ നേരെ പോയത് കടൽത്തീരത്തേക്കാണ്. അതും കാറിൽ. ചുവപ്പൻ കോലുമിഠായി കുട്ടിയുടെ കൈയിലിരുന്ന് കാറിന്റെ ജനാലയിലൂടെ പുറത്തെ കാഴ്ചകൾ അന്തംവിട്ടുനോക്കി.
ബീച്ചിലെത്തിയതും കുട്ടി കാറിന്റെ സീറ്റിൽ വച്ച അവന്റെ പട്ടമെടുത്ത് പറത്താൻ തുടങ്ങി. അപ്പോഴും മിഠായി അവൻ ഒന്നു നക്കുകപോലും ചെയ്യാതെ കൈയിൽത്തന്നെ ചേർത്തു പിടിച്ചു. അവന്റെ പട്ടം ആകാശത്ത് പാറിപ്പറന്നു. പട്ടത്തെ വിസ്മയത്തോടെ കോലുമിഠായിനോക്കി നിന്നു.
തണുത്ത കാറ്റടിച്ചപ്പോൾ കോലുമിഠായിക്ക് നല്ല സുഖം തോന്നി. മിഠായി മനസ്സിൽ ഒരു പാട്ടുപാടി:
''കണ്ട കാഴ്ചയെല്ലാം
നല്ലതാണതിഷ്ടം
വാനമുണ്ട് മേലെ
മനുഷ്യരുണ്ട് കൂടെ!
അപ്പോഴാണ് ബലൂൺവിൽക്കുന്ന ഒരു കൊച്ചുപെൺകുട്ടി അടുത്തെത്തിയത്. അവന്റെ അത്ര പ്രായം തന്നെയേ അവൾക്കും കാണൂ. ബലൂൺ വാങ്ങിയില്ലെങ്കിലും മിടുക്കനായ അവൻ വേഗം ആ കോലുമിഠായി അവൾക്കു കൊടുത്തു. ആ കൊച്ചുപെൺകുട്ടി മിഠായി നൊട്ടിനൊട്ടി നുണഞ്ഞ് ബീച്ചിലാകെ കറങ്ങി നടന്നു. കോലുമിഠായിയാകട്ടെ അലിഞ്ഞുതീരുംമുൻപ് ചുറ്റുമുള്ള കാഴ്ചകൾ മതിവരാതെ നോക്കി നിന്നു.
പെട്ടെന്ന് രണ്ട് കുട്ടികൾ ഓടിവന്നു. ബലൂൺ വില്പനക്കാരിയെ തട്ടിയാണ് അവർ ഓടിപ്പോയത്. കഷ്ടം! നമ്മുടെ ചുവപ്പൻ കോലുമിഠായി താഴെ വീണു. ഉടനെ ഒരു തിരവന്ന് കോലുമിഠായിയെ കടലിലേക്ക് കൊണ്ടുപോയി. എന്നിട്ടോ? കടലിലെ കാഴ്ചകൾ കണ്ട്, മീനുകൾ കണ്ട് കോലുമിഠായി പതുക്കെ വെള്ളത്തിൽ അലിഞ്ഞുപോയി.
Content Highlights: A charming story about a red lollipop with a big dream of seeing the world.