പാട്ടുകാരനായ നീലൻ അണ്ണാൻ ഒരു പാഠം പഠിച്ചു. ആ കഥ വായിക്കാം

കാട്ടിലെ പാട്ടു മത്സരത്തിൽ ചിന്നുത്തത്തയ്ക്ക് ഒന്നാം സമ്മാനം കിട്ടി. ചിന്നുവിനെ എല്ലാവരും വാഴ്ത്തി.
പക്ഷേ, നീലൻ അണ്ണാൻ മാത്രം കൂട്ടത്തിൽ കൂടിയില്ല. പാട്ടു മത്സരങ്ങളിൽ അവനായിരുന്നു തുടർച്ചയായി വിജയിച്ചു കൊണ്ടിരുന്നത്.
ചിന്നുത്തത്തയുടെ സന്തോഷം കണ്ട് അവന് അസൂയമൂത്തു.
''പാട്ടിൽ കേമൻ ഞാൻ തന്നെ
എന്നെ വെല്ലാൻ മുതിരണ്ട
എന്നെ ചെറിയവനാക്കീടിൽ
വെറുതെവിടില്ലെന്നോർത്തോളൂ!''
നീലൻ കുന്നുകയറാൻ തുടങ്ങി. കുന്നിൻ മുകളിലെ അത്തി മരത്തിലാണ് ചിന്നുത്തത്തയുടെ കൂട്. കൂടു പൊളിക്കാനാണ് നീലന്റെ പോക്ക്. ദേഷ്യം കൊണ്ട് അവന്റെ മുഖം ചുവന്നു തുടുത്തിരുന്നു. ഒടുവിൽ അവൻ അത്തിമരത്തിന്റെ ചോട്ടിൽ എത്തി.
''പാട്ടിൽ വലിയവളായിട്ട്
അവളീ കാട്ടിൽ കഴിയണ്ട
അവളുടെ കൂട് തകർക്കും ഞാൻ
അവളിനി പാട്ടുകൾ പാടേണ്ട!''
മുകൾചില്ലയിലെ കൂട് ലക്ഷ്യമാക്കി നീലൻ മരംകയറാൻ തുടങ്ങി. അതൊരു വേനൽക്കാലം ആയിരുന്നു. കമ്പുകളിൽ പലതും ഉണങ്ങിപ്പൊടിഞ്ഞിരുന്നു.
കൂടുതകർത്ത് ചിന്നുവിനെ വിഷമിപ്പിക്കണം എന്ന ഒറ്റച്ചിന്തയോടെ മുകളിലേക്ക് കയറിക്കൊണ്ടിരുന്ന നീലൻ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല. അതിനിടെ ആഞ്ഞു ചവിട്ടിയ ഉണക്കക്കമ്പ് ഒടിഞ്ഞ് ദേ കിടക്കുന്നു നീലൻ നിലത്ത്. മുതുകും കാലും ഉളുക്കി കുന്നിറങ്ങുമ്പോൾ എല്ലു നുറുങ്ങുന്ന വേദന കാരണം ദേഷ്യവും അസൂയയുമൊക്കെ അവനെ വിട്ട് പൊയ്ക്കഴിഞ്ഞിരുന്നു. അർഹതയുള്ളവരെ അംഗീകരിക്കാൻ പഠിക്കണമെന്ന തിരിച്ചറിവ് ആ വേദന നീലന് സമ്മാനിച്ചു.
Content Highlights: Chinnu Thatha wins the forest singing competition, making Neelan Annan jealous