കല്ലും മണ്ണും നിറഞ്ഞ ചപ്പാത്തിയുമായി നെഹ്‌റു ജയിൽ സൂപ്രണ്ടിനടുത്തേക്ക്

ഇന്ത്യൻ സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ട സമയം. സമരനായകന്മാരിൽ ഒരാളായ നെഹ്‌റു നാസിക്കിലെ ജയിലിൽ അടയ്ക്കപ്പെട്ടു. അദ്ദേഹം എഴുത്തിലും വായനയിലും മുഴുകി ദിവസങ്ങൾ തള്ളിനീക്കി.

ഒരുദിവസം കൂട്ടുതടവുകാരിൽ ഒരാൾ നെഹ്‌റുവിനെ കാണാൻവന്നു. ''ചാച്ചാജീ...'',അയാൾ ദുഃഖത്തോടെ പറഞ്ഞുതുടങ്ങി: ''ഇവിടെയുള്ള പ്രായമായ പലരും ഭക്ഷണം കഴിക്കാതെ അവശനിലയിലാണ്. അങ്ങ് ഒന്ന് ഇടപെട്ടിരുന്നെങ്കിൽ...''

അതു കേട്ട് നെഹ്‌റു അദ്ഭുതപ്പെട്ടു: ''എന്തു പറ്റി? അവർക്ക് ഭക്ഷണം കിട്ടുന്നില്ലേ?''

'ദേ, ഇതു കണ്ടോ?'' അയാൾ തന്റെ കൈയിൽ സൂക്ഷിച്ചിരുന്ന ഉണക്ക ചപ്പാത്തി പുറത്തെടുത്തു: ''ഈ ഉണക്ക ചപ്പാത്തിയിൽ ആകെ കല്ലുകളാണ്. പല്ലില്ലാത്ത കിഴവന്മാർ ഇതെങ്ങനെ കഴിക്കാൻ?''

അയാൾ പറഞ്ഞത് ശരിയായിരുന്നു. സദാ ചിന്തകളിൽ മുഴുകിയിരുന്ന നെഹ്‌റു ഭക്ഷണക്കാര്യങ്ങൾക്ക് വലിയ ശ്രദ്ധ കൊടുത്തിരുന്നില്ല. നിറയെ കല്ലുകൾ ഉള്ള ആ ചപ്പാത്തിയുമെടുത്ത് നെഹ്‌റു ജയിൽ സൂപ്രണ്ടിനെ സന്ദർശിച്ചു. ''നോക്കൂ, ഈ ചപ്പാത്തി എങ്ങനെയാണ് ഞങ്ങൾ കഴിക്കുക? ഇതിൽ നിറയെ കല്ലും മണ്ണുമാണ്.''

പരാതി കേട്ട സൂപ്രണ്ടിന് അരിശം കയറി. ''അതുശരി. നിങ്ങളെല്ലാം ജന്മനാടിനെ സേവിക്കാനാണോ, അതോ മൃഷ്ടാന്ന ഭോജനം നടത്താനാണോ ഇവിടെ വന്നിരിക്കുന്നത്?''

നെഹ്‌റു പുഞ്ചിരിയോടെ മറുപടി പറഞ്ഞു: ''ഒരു സംശയവും വേണ്ട. മാതൃഭൂമിയെ രക്ഷിക്കാനാണ് ഞങ്ങൾ വന്നത്. അല്ലാതെ പിറന്ന നാടിനെ ചപ്പാത്തിക്കൊപ്പം ഭക്ഷിക്കാനല്ല.''

നെഹ്രുവിന്റെ മറുപടി കേട്ട് ജയിൽ സൂപ്രണ്ട് ഇളിഭ്യനായി.

Content Highlights: Recounts an inspiring historical event involving Jawaharlal Nehru during his imprisonment in Nasik jail.