ശ്രീകൃഷ്ണന്റെ ശംഖ് ! പുരാണ കഥ വായിച്ചാലോ?

ശ്രീകൃഷ്ണന്റെ ശംഖാണ് പാഞ്ചജന്യം. ഈ ശംഖ് ശ്രീകൃഷ്ണന് കിട്ടിയതിന് പിന്നിൽ ഒരു കഥയുണ്ട്. ശ്രീകൃഷ്ണനും ബലരാമനും സാന്ദീപനിമുനിയുടെ ശിഷ്യന്മാരായി ആശ്രമത്തിൽ കഴിയുന്ന കാലം. പഠിത്തം കഴിഞ്ഞ് മടങ്ങാറായപ്പോൾ ഇരുവരും ഗുരുവിനെ ചെന്ന് കണ്ടു. ഗുരുദക്ഷിണയായി തങ്ങൾ എന്താണ് നൽകേണ്ടത് എന്ന് ചോദിച്ചു. മുനി എന്താണ് ഗുരുദക്ഷിണയായി ആവശ്യപ്പെട്ടതെന്നോ? കുട്ടിക്കാലത്ത് കുളിച്ചുകൊണ്ടിരുന്നപ്പോൾ മുങ്ങിമരിച്ച തന്റെ മകനെ.
ശ്രീകൃഷ്ണനും ബലരാമനും സമുദ്രതീരത്തെത്തി വരുണനെ കണ്ട് മുനിയുടെ മകനെ തിരികെ നൽകാൻ ആവശ്യപ്പെട്ടു. അപ്പോൾ വരുണൻ പറഞ്ഞു: ''സമുദ്രത്തിനടിയിൽ ഒരു കൂറ്റൻ ശംഖുണ്ട്. അതിൽ പഞ്ചജൻ എന്ന അസുരൻ താമസിക്കുന്നുണ്ട്. അവനാണ് ഗുരുപുത്രനെ പിടിച്ചുകൊണ്ടുപോയത്.'' അത് കേട്ട ശ്രീകൃഷ്ണൻ സമുദ്രത്തിനടിയിൽ ചെന്ന് പഞ്ചജനുമായി യുദ്ധം തുടങ്ങി. ഒടുവിൽ ആ അസുരനെ കൃഷ്ണൻ വധിച്ചു. പക്ഷേ, ഗുരുപുത്രൻ അവിടെയെങ്ങും ഇല്ലായിരുന്നു.
ശ്രീകൃഷ്ണനും ബലരാമനും പിന്നീട് എന്തുചെയ്തെന്നോ? ആ ശംഖുമെടുത്ത് നേരേ യമലോകത്തേക്ക് ചെന്ന് ശംഖ് ഉറക്കെ ഊതി. ആ ശബ്ദം കേട്ട് യമദേവൻ ഇറങ്ങിവന്നു. ശ്രീകൃഷ്ണൻ യമനോട് തങ്ങളുടെ ആവശ്യം പറഞ്ഞു. ഉടനെ യമദേവൻ സാന്ദീപനിമുനിയുടെ മകനെ തിരികെ നൽകി. മുനിപുത്രനുമായി അവർ ഇരുവരും ആശ്രമത്തിലേക്ക് ചെന്നു.
അങ്ങനെ വേണ്ടുംവിധം ഗുരുദക്ഷിണ നൽകിയ ശ്രീകൃഷ്ണനും ബലരാമനും ഗുരുവിന്റെ അനുഗ്രഹവും വാങ്ങി അമ്പാടിയിലേക്ക് മടങ്ങി. പിന്നീട് ആ ശംഖ് ശ്രീകൃഷ്ണൻ ഉപയോഗിക്കാനും തുടങ്ങി.
Content Highlights: Lord Krishna and Balarama studied under Sage Sandipani., Sage Sandipani asked for his drowned son back as Gurudakshina., Krishna fought the demon Panchajanah who lived inside a giant conch in the ocean