സന്യാസിയും ഉറുമ്പും: അനുകമ്പ വിനയായതിനെക്കുറിച്ചുള്ള കഥ വായിച്ചാലോ?

#ജി.കെ.പിള്ള

ആൾപ്പാർപ്പില്ലാത്ത കുന്നിൻചരിവിലുള്ള മരച്ചുവട്ടിൽ ഒരു സന്യാസി തപസ്സിരിക്കുന്നുണ്ടായിരുന്നു. ശുദ്ധനും സൗമ്യനും നിഷ്‌കളങ്കനും ദയാലുവുമായിരുന്നു ആ സന്യാസി.

പക്ഷികളും പൂമ്പാറ്റകളും മാത്രമായിരുന്നു അദ്ദേഹത്തിന് കൂട്ട്. പതിവുപോലെ ഒരുദിവസം സന്യാസി തപസ്സിരിക്കുമ്പോൾ കാലിൽ ഒരു ജീവി ഇഴഞ്ഞുകയറുന്നതായി തോന്നി. എന്നാൽ സന്യാസി അത് സാരമാക്കിയില്ല.

അല്പസമയംകൊണ്ട് അതിഴഞ്ഞിഴഞ്ഞ് അദ്ദേഹത്തിന്റെ കഴുത്തിലെത്തി. എന്നാൽ തന്റെ ധ്യാനം തടസ്സപ്പെടാതിരിക്കാൻ അതിനെ തുടച്ചുനീക്കാൻ സന്യാസി ശ്രമിച്ചില്ല. അല്പസമയംകൂടി കഴിഞ്ഞപ്പോൾ ആ ജീവി താടിയിലൂടെ മുകളിലേക്ക് കയറുന്നതായി സന്യാസിക്ക് അനുഭവപ്പെട്ടു. അപകടം മനസ്സിലാക്കിയ അദ്ദേഹം ജീവിയെ നോക്കി സഹതാപത്തോടെ മനസ്സിൽ പറഞ്ഞു: ''ഇതൊരു പുളിയനുറുമ്പാണല്ലോ. എങ്ങനെ വേദനിപ്പിക്കാതെ ഇതിനെ ഒഴിവാക്കും? കൈകൊണ്ട് പിടിച്ചാൽ ഇതിന് വേദനിക്കില്ലേ.''

പെട്ടെന്ന് സന്യാസിക്കൊരു ബുദ്ധിതോന്നി. ഇതിന്റെ കൂടെവിടെയെന്ന് കണ്ടുപിടിച്ച് ഇതിനെ അതിലേക്ക് കയറ്റിവിടാം.

സന്യാസി താടിയിൽ കയറിയ ഉറുമ്പുമായി കൂടുതേടാൻ തുടങ്ങി. തപസ്സിരുന്ന മരത്തിന്റെ ചാഞ്ഞുകിടന്ന കൊമ്പിന്റെ അറ്റത്തായി ഒരു കൂട് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. സന്യാസി ഏന്തിവലിഞ്ഞ് ആ മരക്കൊമ്പ് ഒന്നുകൂടെ താഴ്ത്തിവെച്ച് തന്റെ താടി ഉറുമ്പിന്റെ കൂട്ടിലേക്ക് വെച്ചുകൊടുത്തു.

ഉറുമ്പ് കൂട്ടിലേക്ക് കയറുമെന്നായിരുന്നു നിഷ്‌കളങ്കനായ സന്യാസി വിചാരിച്ചത്. എന്നാൽ ഉടൻതന്നെ കൂട്ടിലുണ്ടായിരുന്ന ഉറുമ്പുകൾ കൂട്ടത്തോടെ സന്യാസിയുടെ താടിയിലേക്കും മുഖത്തേക്കും കയറിക്കടിച്ചു. വേദനകൊണ്ട് സഹികെട്ട സന്യാസി ഇരുകൈകളും കൂട്ടി താടി അമർത്തിത്തിരുമ്മി. ഉറുമ്പുകൾ കൂട്ടത്തോടെ ചത്ത് നിലത്തുവീണു.

സഹാനുഭൂതിയായാലും ബുദ്ധിയോടുകൂടി മാത്രമേ പ്രയോഗിക്കാവൂ എന്നാണ് ഈകഥ നമ്മെ പഠിപ്പിക്കുന്നത്.

Content Highlights: A gentle hermit is disturbed by a stinging ant while meditating., Instead of killing the ant, the hermit tries to return it to its nest out of pure compassion.