പിണങ്ങി നടന്നാൽ എന്തുപറ്റും? പുള്ളിപ്പാന്റിന്റെയും പുള്ളിഷർട്ടിന്റെയും കഥ വായിച്ചോളൂ...

#പ്രവീണ

ഒരു മിടുമിടുക്കൻ വാവയാണ് ഗിബ്ബു. അവന് നല്ല ഭംഗിയുള്ള ഒരു പുള്ളിപ്പാന്റും പുള്ളിഷർട്ടും ഉണ്ട്. അത് ഇടുമ്പോൾ ഗിബ്ബുവിനെ കാണാൻ എന്തു ഭംഗിയാണെന്നോ.

''പുള്ളിയുള്ള ഷർട്ട്

നല്ല പുള്ളിയുള്ള പാന്റ്

ഗിബ്ബു രണ്ടുമിട്ടാൽ

നല്ല ഭംഗിയാണ് കേട്ടോ!''

പക്ഷേ, പറഞ്ഞിട്ടെന്താ കാര്യം. ഈ പുള്ളിപ്പാന്റും പുള്ളിഷർട്ടും തമ്മിൽ എപ്പോഴും വഴക്കോടു വഴക്കായിരുന്നു. അങ്ങനൊരു ദിവസം എന്തോ കാര്യത്തിനു വഴക്കുണ്ടാക്കി രണ്ടു പേരും തമ്മിൽ പിണങ്ങി. ''നിന്നോടിനി ഞാൻ മിണ്ടുകയേ ഇല്ല!'', എന്നു പറഞ്ഞ് പുള്ളിപ്പാന്റ് അലമാരയിൽനിന്ന് എടുത്തൊരു ചാട്ടം. എന്നിട്ട് ഒരു ബാഗിനകത്തു ചെന്ന് കിടപ്പായി. ''നിന്നോടു ഞാനും മിണ്ടില്ല!'', പുള്ളിഷർട്ടും വിട്ടുകൊടുത്തില്ല. അവൻ അലമാരയുടെ മുകളിലെ തട്ടിൽ ചാടിക്കയറി മുഖവും വീർപ്പിച്ചിരുന്നു.

''പുള്ളിക്കാരൻ പാന്റും

പിന്നൊരു പുള്ളിക്കാരൻ ഷർട്ടും

തമ്മിൽ മിണ്ടില്ലല്ലോ

തമ്മിൽ കണ്ടാൽ മിണ്ടില്ലല്ലോ!''

ഗിബ്ബുവിന്റെ അമ്മ വന്നു നോക്കുമ്പോൾ പുള്ളിഷർട്ടും കാണുന്നില്ല പുള്ളിപ്പാന്റും കാണുന്നില്ല. ''ശ്ശെടാ, ഇതെവിടെപ്പോയി. ഗിബ്ബുവിനെ പാർക്കിൽ കൊണ്ടുപോകാനുള്ളതായിരുന്നു!'' തിരയാൻ സമയം ഇല്ലാത്തതുകൊണ്ട് അമ്മ ഗിബ്ബുവിനിടാൻ ഒരു പച്ചഷർട്ടും ചുവന്നപാന്റും അലമാരയിൽ നിന്നെടുത്തു.

അമ്മയുടെ കൈയിലിരുന്നപ്പോൾ പച്ചഷർട്ടിന്റെയും ചുവന്നപാന്റിന്റെയും ആനന്ദം ഒന്നു കാണേണ്ടതു തന്നെയായിരുന്നു. ''ഞങ്ങൾ പാർക്കിൽ പോവാണേ...'', അവർ വിളിച്ചുപറഞ്ഞു.

ഇതുകേട്ടപ്പോൾ പുള്ളിപ്പാന്റിനും പുള്ളിഷർട്ടിനും ഉണ്ടായ സങ്കടം! ''പിണങ്ങിയില്ലായിരുന്നെങ്കിൽ ഇന്നു നമുക്ക് പാർക്കിലെ കാഴ്ചകൾ കാണാമായിരുന്നു, അല്ലേഡാ പുള്ളിഷർട്ടേ?'', പുള്ളിപ്പാന്റ് ചോദിച്ചു.

''ശരിയാ!'' പുള്ളിഷർട്ട് സങ്കടത്തോടെ തലയാട്ടി. എന്നിട്ട് നേരത്തെ ഇരുന്ന സ്ഥലത്ത് വന്നിരുന്നു. പുള്ളിപ്പാന്റും ബാഗിൽനിന്ന് കയറി പുള്ളിഷർട്ടിന്റെ അടുത്ത് ഇരിപ്പായി.

പിന്നൊരിക്കലും അവർ കലഹിച്ചിട്ടേയില്ല. ഗിബ്ബുവിനൊപ്പം പിന്നീട് മൃഗശാലയും സർക്കസും കടൽത്തീരവും മലയും പുഴയും ഒക്കെ കാണാൻ പറ്റിയത് അവർ പിണങ്ങാതെ എപ്പോഴും ഒരുമിച്ച് ഇരുന്നതുകൊണ്ടല്ലേ.

Content Highlights: Discover the charming story of Gibbu`s polka dot pants and shirt, and how their quarrel made them miss out on fun. Will they learn to get along?