കാട്ടിലെ ചിത്രരചനാമത്സരത്തിൽ എന്തുണ്ടായി? ഇക്കഥ വായിക്കണേ...

കാട്ടിൽ ചിത്രരചനാ മത്സരം നടക്കുകയാണ്. നല്ലൊരു ചിത്രം വരച്ച് നിറം കൊടുക്കുകയാണ് വേണ്ടത്. ഏറ്റവും നല്ല ചിത്രത്തിന് സമ്മാനവുമുണ്ട്

''കാട്ടിലിന്നു മത്സരം

കൂട്ടരെല്ലാമെത്തി

ചായക്കൂട്ടൊരുക്കി

വർണമേളമായി!''

മുയലുണ്ണി നൃത്തം ചെയ്യുന്ന മയിലിന്റെ ചിത്രം വരച്ചു. ഹിപ്പോക്കുട്ടൻ ഒരു പൂമരം വരച്ചു. കുട്ടൻ കരടി വലിയൊരു മരത്തിലെ തേൻകൂടാണ് വരച്ചത്. പറഞ്ഞ സമയത്തിനുള്ളിൽ കൂട്ടുകാരെല്ലാവരും വര പൂർത്തിയാക്കി നിറവും കൊടുത്തു. ഇനി മാർക്കിടാനുള്ള സമയമാണ്. പേരുകേട്ട ചിത്രകാരനായ ബിംബി ജിറാഫാണ് മാർക്കിടാൻ വരുന്നത്.

''പലപല ചിത്രം വിരിയുന്നു

അവയിൽ വർണം വിടരുന്നു

ഓരോ താളിലുമാഹാഹാ

കാഴ്ചകൾ കേമം കെങ്കേമം!''

പക്ഷേ, അതിനിടെ പെട്ടെന്നായിരുന്നു അത് സംഭവിച്ചത്. മത്തങ്ങാപ്പാത്രത്തിലെ വെള്ളം കുരങ്ങുണ്ണി തട്ടി മറിച്ചു. പൂക്കളും പൂമ്പാറ്റകളുമൊക്കെയുള്ള നല്ലൊരു ചിത്രമായിരുന്നു അവൻ വരച്ചത്. ആ ചിത്രത്തിലേക്ക് വെള്ളം പരന്നൊഴുകി. പിന്നത്തെ കാര്യം പറയാനുണ്ടോ. കുരങ്ങുണ്ണിയുടെ ചിത്രം വെള്ളം പടർന്ന് ചീത്തയായി. കൂട്ടുകാരും ബിംബൻ ജിറാഫുമൊക്കെ ഓടി വന്നു.

''കുരങ്ങുണ്ണീ, നീ വിഷമിക്കണ്ട. ഏറ്റവും നല്ല ചിത്രം നിന്റേതായിരുന്നെന്ന് ഞങ്ങൾക്കെല്ലാവർക്കും അറിയാം...'' ഹിപ്പോക്കുട്ടൻ പറഞ്ഞതു കേട്ട് കുരങ്ങുണ്ണി ചിരിച്ചു. ''മത്തങ്ങാപ്പാത്രം മറിഞ്ഞത് എന്റെ അശ്രദ്ധ കൊണ്ടാണ്. എന്റെ ചിത്രം നാശമായെങ്കിലും അശ്രദ്ധ നന്നല്ലെന്ന് മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞല്ലോ. നല്ലതും ചീത്തയുമായ ഓരോ അനുഭവവും ഓരോരോ പാഠങ്ങൾ പറഞ്ഞു തരും. അങ്ങനെ നമ്മൾ നേടുന്ന തിരിച്ചറിവുകൾ എത്ര വലുതാണെന്നോ!'', കുരങ്ങുണ്ണി ചിരിച്ചുകൊണ്ടു പറഞ്ഞു. എന്തിലും നന്മ കാണുന്ന കുരങ്ങുണ്ണിയുടെ നല്ല മനസ്സിനെ ബിംബൻ ജിറാഫ് അഭിനന്ദിച്ചു. എല്ലാവരും അവനു വേണ്ടി കൈയടിച്ചു.

Content Highlights: A fun painting competition takes place in the forest with various animals participating.