തെറ്റ് സമ്മതിച്ചാൽ ഭയപ്പെടേണ്ട ആവശ്യമുണ്ടോ? ഈ കഥ വായിച്ചോളൂ...

വര: അഭിലാഷ് എൻ.
വര: അഭിലാഷ് എൻ.

അനുവും ബിനുവും അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും വീട്ടിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയതാണ്. ബിനു മഹാവികൃതിയാണ്. അവൻ കളിക്കുന്നതിനിടെ കല്ലെടുത്ത് ചുമ്മാതെ മരത്തിലും മറ്റും എറിയും.

ഒരുദിവസം ബിനു കല്ലെറിഞ്ഞ് കളിക്കുന്നതിനിടെ, അമ്മൂമ്മ വീട്ടിൽ വളർത്തുന്ന ഒരു കോഴിയുടെ തലയ്ക്ക് കൊണ്ടു. അതോടെ അത് അവിടെ വീണ് ചത്തു. ബിനു ആകെ പരിഭ്രമിച്ചു. ഇത് കണ്ടുകൊണ്ടാണ് അവന്റെ ചേച്ചി അനു അങ്ങോട്ടുവന്നത്. ''അയ്യോ, ഇനി എന്തുചെയ്യും? അമ്മൂമ്മ അറിഞ്ഞാൽ ആകെ കുഴപ്പമാവുമല്ലോ.'' അവൾ അവനെ പേടിപ്പിച്ചു.

പകച്ചുനിൽക്കുന്ന ബിനുവിനെ നോക്കി അനു പറഞ്ഞു: ''ഞാൻ പറയുന്നതുപോലെ നിന്നാൽ ഈ പ്രശ്‌നം അമ്മൂമ്മ അറിയാതെ കൈകാര്യംചെയ്തുതരാം.'' ബിനു അത് സമ്മതിച്ചു.

അവൾ ചത്തകോഴിയെ എടുത്ത് അടുത്തുള്ള പൊന്തക്കാട്ടിലേക്ക് പോയി. അനുവും ബിനുവും ചേർന്ന് അതിനെ കുഴിച്ചിട്ടു. അപ്പോഴും ബിനുവിന്റെ മനസ്സിൽ പേടിയായിരുന്നു. ഇക്കാര്യം അമ്മൂമ്മയറിഞ്ഞാൽ എന്തായിരിക്കും പിന്നീടുണ്ടാവുക. എന്തായാലും തന്റെ ചേച്ചി തന്നെ ചതിക്കില്ല എന്നവൻ വിശ്വസിച്ചു.

ഉച്ചഭക്ഷണം കഴിഞ്ഞപ്പോൾ അമ്മൂമ്മ അനുവിനെ വിളിച്ചു: ''അനൂ, അടുക്കളയിലേക്കുവന്ന് കുറച്ച് പാത്രങ്ങൾ കഴുകി സഹായിക്ക്.''

അപ്പോൾ അനു, ബിനുവിനെ ചൂണ്ടി പറഞ്ഞു: ''അമ്മൂമ്മേ, ഇവന് അമ്മൂമ്മയെ സഹായിക്കണമെന്നുണ്ട്. ഇന്നലെക്കൂടി അവൻ ഇത് പറഞ്ഞതേയുള്ളൂ.'' ഇതുകേട്ട് അന്തംവിട്ടിരുന്ന ബിനുവിനെ നോക്കി കണ്ണിറുക്കിയിട്ട് പതിയെ പറഞ്ഞു: ''കോഴിയുടെ കാര്യം മറക്കണ്ട.''

ചേച്ചി കോഴിയുടെ കാര്യം പറഞ്ഞ് തന്നെ ബ്ലാക്മെയിൽ ചെയ്യുകയാണെന്ന് അവന് മനസ്സിലായി. അവൻ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് പോയി.

പിറ്റേന്ന് അപ്പൂപ്പൻ കുട്ടികളെ വിളിച്ചു: ''രണ്ടുപേരും വാ, നമുക്ക് പുഴയിൽ ചൂണ്ടയിടാൻ പോകാം.''

അപ്പോൾ അമ്മൂമ്മ പറഞ്ഞു: ''അയ്യോ, പിള്ളേരെ വിളിച്ചോണ്ട് പോകല്ലേ. അടുക്കളയിൽ എന്നെ സഹായിക്കാൻ അനു ഇവിടെ നിൽക്കട്ടെ.''

ഇതുകേട്ടതും അനു പറഞ്ഞു: ''അമ്മൂമ്മേ, ബിനുവിന് ചൂണ്ടയിടുന്നതിനേക്കാൾ ഇഷ്ടം അടുക്കളപ്പണിയാ. അവനിവിടെ നിന്നോളും. ഞാൻ അപ്പൂപ്പന്റെകൂടെ വരാം.'' അവൾ ബിനുവിനെ നോക്കി ഒരു കള്ളച്ചിരിയോടെ കണ്ണിറുക്കിയിട്ട് അപ്പൂപ്പന്റെയൊപ്പം പോയി.

ഇങ്ങനെ പലതവണയായി. അനുവിനെ ഏല്പിക്കുന്ന പല പണികളും അവൾ കോഴിയുടെ കാര്യം പറഞ്ഞ് ബിനുവിനെക്കൊണ്ട് ചെയ്യിക്കാൻ തുടങ്ങി. ഒടുവിൽ ബിനുവിന് സഹികെട്ടു. രണ്ടുംകല്പിച്ച് അവൻ അമ്മൂമ്മയുടെ അടുത്തെത്തി താൻചെയ്ത കുറ്റം ഏറ്റുപറഞ്ഞു.

ഇതുകേട്ട് അമ്മൂമ്മ അവനെ കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു: ''എനിക്കറിയാം എല്ലാം. നീ കോഴിയെ കല്ലെറിയുന്നതും അതിനുശേഷമുള്ള കാര്യങ്ങളും ഞാൻ ജനലിലൂടെ കാണുന്നുണ്ടായിരുന്നു. അതിന്റെ പേരിൽ അനു നിന്നെ മുതലെടുക്കുന്നതെല്ലാം ഞാൻ കൗതുകപൂർവം ശ്രദ്ധിക്കുകയായിരുന്നു.'' ഒന്നുനിർത്തി അമ്മൂമ്മ തുടർന്നു: ''ഒരു കൈയബദ്ധം പറ്റിയപ്പോൾ അത് ഏറ്റുപറഞ്ഞിരുന്നെങ്കിൽ ഈ കുഴപ്പമില്ലായിരുന്നു. പക്ഷേ, പകരം നീ അത് ഒളിപ്പിക്കാൻ ശ്രമിച്ചു. അതുകൊണ്ടാണ് പല കാര്യങ്ങളിലും നിനക്ക് വിട്ടുവീഴ്ച ചെയ്യേണ്ടിവന്നത്. ഭാവിയിലും എന്ത് തെറ്റുചെയ്താലും അത് സമ്മതിച്ചാൽ പിന്നീട് അതിനെക്കുറിച്ചുള്ള ഒരു ഭയവും ആവശ്യമില്ല.'' അമ്മൂമ്മ പറഞ്ഞത് ശരിയാണെന്ന് ബിനുവിന് മനസ്സിലായി.

Content Highlights: The story is about two brothers and their grandmother. The grandmother understands their mistake and waits for them to reveal the truth.