ചുവപ്പ് ബലൂണുകളുടെ ആകാശയാത്ര കഥ വായിക്കാം

#ബീന മേലഴി

ത്സവപ്പറമ്പിലെത്തിയതും ദീപുവിന് സന്തോഷമായി. അവൻ ഓരോന്നും നോക്കി തുള്ളിച്ചാടി നടന്നു.

നിറയെ കച്ചവടക്കാരാണ്.പലതരം കളിപ്പാട്ടങ്ങൾ അവനെ നോക്കി ചിരിച്ചു. ഇടയ്ക്കിടയ്ക്ക് അമ്പലത്തിൽ കതിന പൊട്ടുന്നുണ്ട്. അവൻ രണ്ട് ചെവിയിലും കൈകൊണ്ട് അമർത്തിപ്പിടിച്ചു.

ഓരോ സാധനവും കാണുമ്പോൾ മുത്തച്ഛനെ അങ്ങോട്ട് കൈപിടിച്ചുവലിച്ചു. ഒരു ഭാഗത്ത് ബലൂണിൽ കാറ്റടിച്ചു വിൽക്കുന്നത് ദീപു കണ്ടു. അയാൾക്ക് ചുറ്റും നിറയെ കുട്ടികളുമുണ്ട്.

വെളുപ്പും ചുവപ്പും ബലൂണുകൾ അയാളുടെ കൈയിലിരുന്ന് ഡാൻസ് കളിക്കുന്നു. അവർ അങ്ങോട്ട് പോയി. തിരക്കിൽ വിട്ടുപോകാതിരിക്കാൻ മുത്തച്ഛന്റെ കൈ ദീപു മുറുക്കിപ്പിടിച്ചു. ദീപൂന് ചുവപ്പ് ബലൂണുകൾ മതി.

മുത്തച്ഛൻ ദീപൂന് അഞ്ച് ചുവപ്പ് ബലൂണുകൾ വാങ്ങിക്കൊടുത്തു. ദീപുവിനൊപ്പം ചാടിച്ചാടി നടക്കാൻ ചുവന്ന ബലൂൺകുട്ടന്മാർക്ക് രസമായി. ചുവപ്പൻ ബലൂൺകുട്ടന്മാർ പരസ്പരം കൈകോർത്തു. അമ്പലത്തിലെ വാദ്യമേളത്തിനൊപ്പം ബലൂണുകൾ ചുവടുവെച്ചു.

ബലൂൺകുട്ടന്മാർ ഹായ് .......ഹായ്...... എന്ന് ഒച്ചയിടാൻ തുടങ്ങി.

മറ്റ് ബലൂണുകളൊക്കെ തികഞ്ഞ അച്ചടക്കത്തിൽ കുട്ടികളുടെ കൈയിലിരുന്നു.

ദീപുവിന്റെ ചുവന്ന ബലൂണുകൾ മറ്റ് ബലൂണുകളെ തൊടാൻ തിരക്കുകൂട്ടി. കുഞ്ഞൻ ചുവപ്പുബലൂണുകൾ ഇടയ്ക്കിടയ്ക്ക് മറ്റ് കുട്ടികളുടെ ബലൂണിൽ തൊട്ടു. പെട്ടെന്ന് രണ്ട് ബലൂണുകൾ ദീപൂന്റെ കൈയിൽനിന്ന് വഴുതിപ്പോയി.

''അയ്യോ!'', ദീപു ഒച്ചയിട്ടു. ''എന്റെ ചുവപ്പ് ബലൂൺ.''

പക്ഷേ, ബലൂൺകുട്ടന്മാർ കൈവിട്ടുപോയി. അവർ പൊങ്ങിപ്പൊങ്ങി ദൂരെ ആകാശത്ത് ഉയരങ്ങളിലെത്തി. ദീപൂന് സങ്കടം സഹിക്കാനായില്ല.

ആകാശത്തേക്ക് പറന്ന ചുവപ്പുബലൂണുകൾ ആർത്തുകരഞ്ഞു. ''ഞങ്ങൾക്ക് താഴേക്ക് പോകണം.''

എന്നാലാരും അവരുടെ കരച്ചിൽ കേട്ടില്ല. കൊട്ടും പാട്ടും കളിയുമായി താഴെ ഉത്സവം നടക്കുന്നു.

ബലൂണുകൾ പറന്നുപറന്ന് ആകാശത്തു മുട്ടാറായി. മേഘങ്ങൾ അവരെ നോക്കി ചിരിച്ചു. ബലൂണുകൾക്ക് ആശ്വാസമായി.

മേഘങ്ങൾ അവരോട് കൂട്ടുകൂടി.

''നമുക്കിവിടെ ആകാശത്ത് കഴിയാം.''

മേഘം പറഞ്ഞത് ബലൂണുകൾ ശരിവെച്ചു.

അവർ മേഘത്തെ ചുറ്റിപ്പറ്റി നിന്നു.

''എടോ ചുവപ്പ് ബലൂണുകളെ, നിങ്ങൾ ഭാഗ്യവാന്മാരാണ്. താഴെയുള്ള നിങ്ങളുടെ ചങ്ങാതിമാർക്ക് മുകളിലെത്താൻ പറ്റിയോ?''

''അതു ശരിയാണ്'' ബലൂണുകൾ സമ്മതിച്ചു.

''നമുക്കിവിടെ സുഖമായി പറന്ന് നടക്കാം.''

ചുവപ്പുബലൂണുകൾ തലയാട്ടി.

''എല്ലാ കാര്യങ്ങളും നെഗറ്റീവായി കാണാതെ ഉയരങ്ങളിലെത്തിയതിനെ പോസിറ്റീവായി എടുക്കെടോ.'' മേഘം പറഞ്ഞത് ചുവപ്പുബലൂണുകൾക്ക് ഇഷ്ടപ്പെട്ടു.

ചുവപ്പ് ബലൂണുകൾ താഴേക്ക് നോക്കി. കൊട്ടും മേളവുമൊന്നുമില്ല. ഒരു മനുഷ്യരെയും കാണുന്നില്ല. കതിനയുടെ ശബ്ദം പോലുമില്ല.

അവർ ഒരുപാട് ഉയരത്താണെന്ന് ബലൂണുകൾക്ക് മനസ്സിലായി.

ചുവപ്പുബലൂണുകൾക്ക് തങ്ങളുടെ ഉയർച്ചയിൽ അഭിമാനം തോന്നി. പിന്നെ സന്തോഷത്തോടെ താഴേക്ക് നോക്കി കൈവീശി.

Content Highlights: A heartwarming narrative set in a vibrant temple festival atmosphere