കുഞ്ഞുവാവയുടെ കളിപ്പാട്ടങ്ങൾ... കഥ വായിച്ചാലോ?

ഒരിടത്തൊരിടത്ത് ഒരു കുഞ്ഞുവാവ ഉണ്ടായിരുന്നു. കുഞ്ഞുവാവയ്ക്ക് എത്രയെത്ര കളിപ്പാട്ടങ്ങളാണ് ഉള്ളതെന്നോ!
മിഴി ചിമ്മി പാട്ടുപാടുന്ന പാവക്കുട്ടി, കീ കൊടുത്താൽ ഓടുന്ന ടോയ് കാർ, കറക്കിവിട്ടാൽ പറക്കുന്ന പമ്പരം, കൈ കൊട്ടിയാൽ തുള്ളിച്ചാടുന്ന തവളക്കുട്ടൻ... അങ്ങനങ്ങനെ ഒത്തിരിയൊത്തിരി കളിപ്പാട്ടങ്ങൾ.
''ഒരിടത്തുണ്ടൊരു കുഞ്ഞാവ
ഇത്തിരിയുള്ളൊരു കുഞ്ഞാവ
കുഞ്ഞാവയ്ക്ക് കളിച്ചീടാൻ
ഒത്തിരിയുണ്ട് കളിപ്പാട്ടം!''
ഒരു ദിവസം, കൈ കൊട്ടിയാൽ തുള്ളിച്ചാടുന്ന തവളക്കുട്ടൻ കുഞ്ഞുവാവയുടെ കൈയിൽ നിന്ന് അബദ്ധത്തിൽ മുറ്റത്തു വീണു പോയി.
മുറ്റത്ത് കൂട്ടിൽ കിടന്ന ഠിപ്പൻ പട്ടി മുരണ്ടുകൊണ്ട് ആ വഴി വന്നത് അപ്പോഴാണ്.
ഠിപ്പൻ മൂക്കു കൊണ്ട് തവളക്കുട്ടനെ ഒന്നു മുട്ടി നോക്കി. ഠിപ്പന്റെ മുട്ടൻ വാലും കൂർത്ത പല്ലുകളുമൊക്കെ കണ്ട്് തവളക്കുട്ടൻ ഭയന്നുപോയി. പെട്ടെന്ന് ഠിപ്പൻ വായതുറന്ന് തവളക്കുട്ടനെ കടിച്ചെടുത്തു.
''ഹയ്യോ, രക്ഷിക്കണേ...ഈ മുട്ടൻ പട്ടി എന്നെയിപ്പം തിന്നുമേ!'', തവളക്കുട്ടൻ പേടിച്ചു നിലവിളിച്ചു. പക്ഷേ, ആരു കേൾക്കാൻ.
''തവളക്കുട്ടൻ പാവത്താൻ
അക്കിടിപറ്റിയ പാവത്താൻ
അവന്റെ നിലവിളി കേട്ടില്ലേ
അയ്യോ പാവം കളിപ്പാട്ടം!''
എന്നാൽ ഠിപ്പൻ നേരെ ചെന്നത് കുഞ്ഞുവാവയുടെ മുറിയിലേക്കാണ്. തവളക്കുട്ടനെ കുഞ്ഞുവാവയുടെ അരികിലിട്ട ശേഷം ഠിപ്പൻ തിരികെ കൂട്ടിൽ ചെന്ന് ഉറക്കമായി. 'ഹാവൂ, രക്ഷപ്പെട്ടു!'തവളക്കുട്ടന് ആശ്വാസമായി.
കളഞ്ഞുപോയ തവളക്കുട്ടനെ വീണ്ടും കണ്ട ആഹ്ലാദത്തിൽ കുഞ്ഞുവാവ അപ്പോൾ കൈകൊട്ടാൻ തുടങ്ങി. അതോടെ തവളക്കുട്ടൻ തുള്ളിച്ചാടി. ഇതെല്ലാം കണ്ട് മറ്റു കളിപ്പാട്ടങ്ങളുടെയും മനസ്സു നിറഞ്ഞു. പറപറപ്പൻ പമ്പരവും പാട്ടുകാരിപ്പാവയും ഓട്ടക്കാരൻ കാറുമൊക്കെ പറന്നും പാടിയും ഓടിയുമൊക്കെ ആ സന്തോഷത്തിൽ പങ്കുചേർന്നു.
Content Highlights: Engaging Malayalam children's story featuring interactive toys