കുട്ടിക്കൊമ്പൻ അപ്പുവിന്റെയും കൂട്ടുകാരുടെയും കഥ വായിച്ചാലോ?

തെച്ചിക്കാട്ടിലെ കുട്ടിക്കൊമ്പനായിരുന്നു അപ്പു. കൂട്ടുകാർക്ക് എന്ത് ആവശ്യം വന്നാലും ആദ്യം ഓടിയെത്തുന്നത് അപ്പുവാണ്. ഒരു ദിവസം കാട്ടിലെ കൂട്ടർക്ക് മുത്തശ്ശിമാവിൽ ഊഞ്ഞാൽ കെട്ടണമെന്ന് ഒരു മോഹം. പക്ഷേ, മാനംമുട്ടെ വളർന്ന മാവിൻ കൊമ്പിൽ ഊഞ്ഞാൽ കെട്ടുന്നതെങ്ങനെ?
അതിനൊരു വഴി പറഞ്ഞത് അപ്പുവാണ്. അതനുസരിച്ച് ഠിപ്പൻ കരടി അപ്പുവിന്റെ മുകളിൽ ചാടിക്കയറി ഇരിപ്പായി. കിണ്ടൻ കുരങ്ങൻ ഠിപ്പന്റെ തോളിലും കയറി ഇരുന്നു. അങ്ങനെ കൂട്ടരെല്ലാവരും മാവിൻ കൊമ്പോളം ഉയരത്തിൽ തോളിൽ തോളിൽ കയറി ഇരുന്ന് ഊഞ്ഞാലു കെട്ടി ഊഞ്ഞാലാട്ടം തുടങ്ങി. ഇനി അപ്പുവിന്റെ ഊഴം. പക്ഷേ, കൂട്ടുകാരെല്ലാവരും അവനെ തടഞ്ഞു. ''അയ്യോ, അപ്പു ഊഞ്ഞാലാടിയാൽ ഊഞ്ഞാലു പൊട്ടും!''
''മാനം മുട്ടെ വളർന്നൊരു മാവിൽ
ഊഞ്ഞാലാടി രസിച്ചൂ കൂട്ടർ
ഊഞ്ഞാലിൻമേൽ കേറാതപ്പു
കണ്ണുനിറച്ചാ കാഴ്ചകൾ കണ്ടു!''
ദിവസങ്ങൾ പിന്നെയും കടന്നു പോയി. അപ്പോഴതാ കാട്ടിലെ വികൃതികൾക്ക് ചങ്ങാടത്തിൽ പുഴയിൽ സവാരി നടത്താൻ ഒരു മോഹം. മുളങ്കമ്പുകളും കാട്ടു വള്ളികളും കൊണ്ട് അപ്പു ചങ്ങാടം കെട്ടി. പക്ഷേ, പാവം അപ്പു കയറാൻ തുടങ്ങിയതും കൂട്ടുകാരെല്ലാവരും ബഹളം വെക്കാൻ തുടങ്ങി. ''അയ്യോ, അപ്പൂ, നിന്നെപ്പോലൊരു തടിയൻ കയറിയാൽ ഈ ചങ്ങാടം മുങ്ങിപ്പോകും...'' ഇത്തവണയും അപ്പു സങ്കടത്തോടെ മാറി നിന്നു.
''ചങ്ങാതികളുടെ ചങ്ങാടം
പുഴയെ ചുറ്റി രസിക്കുന്നു
കരയിൽ നിന്നീ കളി കണ്ട്
അപ്പു കരച്ചിലടക്കുന്നു!''
പക്ഷേ, പെട്ടെന്നാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ചങ്ങാടം മുങ്ങി. പുഴയിൽ നിന്ന് കരച്ചിൽ ഉയർന്നു. ''ഹയ്യോ, എന്റെ കൂട്ടുകാർ അപകടത്തിലാണ്!'', അപ്പു പുഴയിലേക്കിറങ്ങി. കൂട്ടുകാരെ തുമ്പിക്കൈയിൽ കോരിയെടുത്ത് കരയിൽ എത്തിച്ചു.
''പാവം അപ്പു! നമ്മളവനെ എത്ര വിഷമിപ്പിച്ചു. എന്നിട്ടും ആപത്തിൽ നമ്മളെ സഹായിക്കാൻ അവൻ മാത്രമേ ഉണ്ടായുള്ളൂ!'', കൂട്ടുകാർ അപ്പുവിനോട് മാപ്പ് ചോദിച്ചു. അങ്ങനെ എല്ലാവരുടെയും നല്ല ചങ്ങാതിയായി അപ്പു പിന്നെയും കുറേക്കാലം ആ കാട്ടിൽ ജീവിച്ചു.
Content Highlights: Appu always helps his forest friends despite being left out of games.