കാട്ടിലെ വേനലിൽ എന്തു ചെയ്യും? അമ്മണനും കൂട്ടുകാരും എന്ത് ചെയ്യുകയാണ്? കഥ വായിക്കാം

#പ്രവീണ

കാട്ടിൽ കൊടുംവേനലാണ്. വെള്ളമില്ലാതെ കാട്ടിലെ കൂട്ടരെല്ലാം ബുദ്ധിമുട്ടിലായി. അങ്ങനെ കുറെ ദിവസങ്ങളുടെ ദുരിതത്തിനുശേഷം മഴവന്നെത്തി.

''അയ്യയ്യാ, മഴ പെയ്യുന്നു
ആകാശക്കുട ചൊരിയുന്നു
മഴമേഘങ്ങൾ കനിയുന്നു
മഴയുടെ കുളിരും നിറയുന്നു!''

വേനൽക്കാലത്തെ ബുദ്ധിമുട്ടുകൾ മറന്ന് എല്ലാവരും മാളങ്ങളിലും കൂടുകളിലും മടിപിടിച്ചു കിടന്നു. പക്ഷേ, അമ്മണൻ കുരങ്ങനും കൂട്ടുകാരും വിശ്രമമില്ലാതെ എന്തോ പണിയിലായിരുന്നു. അമ്മണനും കൂട്ടുകാരും എന്ത് ചെയ്യുകയാണെന്ന് ആരും തിരക്കിയതേയില്ല. ചിലർ അവരെ കളിയാക്കുകയും ചെയ്തു. ''ഹി!ഹി! പെരുമഴ നനയുന്ന മണ്ടന്മാരെ കണ്ടില്ലേ?'' അങ്ങനെ മഴക്കാലം മാറി. വീണ്ടും വേനലെത്തി. പുഴയും കുളവും എല്ലാം വറ്റി. ''അയ്യോ, നമ്മളിനി എന്തു ചെയ്യും?'' ഓരോരുത്തരും പരസ്പരം ചോദിച്ചു.

''വീണ്ടും വേനൽ വന്നെത്തി
വേനൽച്ചൂടു കടുക്കുന്നു
സൂര്യൻ കത്തിജ്ജ്വലിക്കുന്നു
ഉറവകളെല്ലാം വറ്റുന്നു!''

അങ്ങനെ ആകാശത്ത് സൂര്യൻ തീപ്പിടിച്ചതുപോലെ കത്തിനിന്ന ഒരുദിവസമാണ് അമ്മണൻ കുരങ്ങൻ കാട്ടിലെ കൂട്ടരോടെല്ലാവരോടും ഒരിടത്ത് ഒത്തുകൂടാൻ പറഞ്ഞത്. അവിടെ അമ്മണൻ ചൂണ്ടിക്കാണിച്ച ദൃശ്യം കണ്ട് എല്ലാവരുടെയും കണ്ണുകൾ സന്തോഷംകൊണ്ട് തിളങ്ങി. ആനയെക്കാൾ വലുപ്പമുള്ള വലിയൊരു കുഴി. അതു നിറയെ തെളിഞ്ഞ വെള്ളവും. ഇതെങ്ങനെ എന്ന് അമ്പരന്നുനിന്ന എല്ലാവരോടുമായി അമ്മണൻ പറഞ്ഞുതുടങ്ങി:

''ഇതാണ് മഴക്കുഴി. കഴിഞ്ഞ മഴക്കാലത്ത് ഞങ്ങൾ കുഴിച്ചുണ്ടാക്കിയതാണ്. വെറുതേ ഒഴുകിപ്പോകുമായിരുന്ന മഴവെള്ളം ഞങ്ങൾ ഇതിൽ ശേഖരിച്ചു. മഴക്കാലം വരെ നമുക്ക് കഴിയാനുള്ള വെള്ളം ഇതിലുണ്ട്. പ്രശ്നങ്ങൾ ഉണ്ടായശേഷം അതോർത്തു ദുഃഖിക്കുന്നതിനെക്കാൾ നല്ലത് പ്രശ്നങ്ങളുണ്ടാകാതെ നോക്കുന്നതല്ലേ കൂട്ടുകാരേ!'' അമ്മണൻ പറഞ്ഞത് എല്ലാവരും ശരിവെച്ചു. വൈകാതെ കാട്ടിൽ പലയിടത്തും കാട്ടിലെ കൂട്ടർ ഒത്തൊരുമിച്ച് മഴക്കുഴികൾ ഉണ്ടാക്കി. മറ്റു കാടുകളിലുള്ളവരും അവരെ മാതൃകയാക്കി. അങ്ങനെയങ്ങനെ വേനൽ ഒരു പ്രശ്നമേയല്ലാതായി.

Content Highlights: The importance of proactive water management during rainy seasons., Lessons on environmental conservation and foresight.