ഭാരം കയറ്റിയ ലോറി സഞ്ചരിച്ച് റോഡ് തകർന്നു; കാരണക്കാരനായ വ്യക്തിയെക്കൊണ്ട് ശരിയാക്കിപ്പിച്ച് പഞ്ചായത്ത്

വീട്ടിയാടി-തുമ്പോടി റോഡ് ടാറിങ് തകരുന്നതിന് കാരണമായ വ്യക്തിയുടെ ചെലവിൽ തൊഴിലാളികൾ കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കുന്നു
വീട്ടിയാടി-തുമ്പോടി റോഡ് ടാറിങ് തകരുന്നതിന് കാരണമായ വ്യക്തിയുടെ ചെലവിൽ തൊഴിലാളികൾ കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കുന്നു

ബന്തടുക്ക: അമിതഭാരം കയറ്റിയ ലോറി തുടർച്ചയായി സഞ്ചരിച്ചതിനാൽ

റോഡിന്റെ ടാറിങ് തകർന്നെന്ന് പരാതി. പഞ്ചായത്ത് നിർദേശ പ്രകാരം, തകരാൻ കാരണക്കാരനായ വ്യക്തിയുടെ ചെലവിൽ റോഡ് ശരിയാക്കി.

കുറ്റിക്കോൽ പഞ്ചായത്ത് ഒൻപതാം വാർഡ് വീട്ടിയാടിയിലാണ് സംഭവം. വീട്ടിയാടി -തുമ്പോടി റോഡാണ് തകർന്നത്. ഓഗസ്റ്റിലാണ് റോഡ് തകരാൻ കാരണമായ സംഭവം നടന്നത്.

വീട്ടിയാടിക്കുന്നിലെ വ്യക്തിയുടെ പറമ്പിൽനിന്ന്‌ തേക്ക്, റബ്ബർ തുടങ്ങിയ മരങ്ങൾ വിലക്കെടുത്ത് ലോറിയിൽ കയറ്റിക്കൊണ്ടുപോയ ഇടുക്കി സ്വദേശിയാണ് പഞ്ചായത്ത് ഉത്തരവ് പ്രകാരം റോഡ് ശരിയാക്കിയത്.

ആദ്യദിനങ്ങളിൽ തന്നെ റോഡ് ടാറിങ് തകർന്നതിനാൽ പ്രവൃത്തി നിർത്തുകയോ വലിയ വാഹനത്തിന് പകരം ചെറിയ വാഹനം ഏർപ്പെടുത്തുകയോ ചെയ്യണമെന്ന് നാട്ടുകാർ ആശ്യപ്പെട്ടിട്ടും നിർത്തിയില്ല. അതിനാൽ വാർഡംഗം മഹേഷ് ഗോപാലിന്റെ നേതൃത്വത്തിൽ നാട്ടുകാർ പഞ്ചായത്ത്‌ ഓഫീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൻ പഞ്ചായത്തധികൃതർ രേഖാമൂലം ആവശ്യപ്പെട്ടിട്ടും പ്രവൃത്തി നിർത്തിയില്ല. ഇതേ തുടർന്നാണ് റോഡ് ഉടൻ കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന്

പഞ്ചായത്ത് ഉത്തരവിട്ടത്.

റോഡ് നന്നാക്കുന്നതിന് പഞ്ചായത്ത് അധികൃതർ 1.26 ലക്ഷം രൂപയുടെ എസ്റ്റിമേറ്റും തയ്യാറാക്കി നൽകി. ടാറിങ് ചെയ്ത റോഡിന്റെ

അരികുകളാണ് ഭൂരിഭാഗവും തകർന്നത്. അതിനാൽ ഇരു അരികുകളും കോൺക്രീറ്റ് ചെയ്താണ് ഗതാഗത യോഗ്യമാക്കിയത്.

Content Highlights: Kuttikol Panchayat made a timber merchant repair a rural road damaged by his overloaded lorries at his own expense.