അർജുൻ തിരിച്ചുവന്നില്ല; പുഴ നൽകിയത് ചേതനയറ്റ ശരീരം

കുണ്ടംകുഴി : ഒന്നിച്ചുപോയ കൂട്ടുകാരോടൊപ്പം അർജുൻ തിരിച്ചുവന്നില്ല; പയസ്വിനിപ്പുഴ തിരിച്ചുനൽകിയത് അർജുന്റെ ചേതനയറ്റ ശരീരം. പയസ്വിനിപ്പുഴയിൽ പാണ്ടിക്കണ്ടത്ത് ഞായറാഴ്ച ഒഴുക്കിൽപ്പെട്ട ബേഡഡുക്ക മണ്ണടുക്കം അർജുൻ വി. മാധവനെ (24) ജീവനോടെ കണ്ടെത്താൻ നടത്തിയ പരിശ്രമങ്ങളും പ്രാർഥനകളും ഫലം കാണാതെപോയി. മുങ്ങിമരിച്ച നിലയിൽ അർജുന്റെ മൃതദേഹം തിങ്കളാഴ്ച രാത്രി എട്ടോടെയാണ് കണ്ടെത്തിയത്.
സുഹൃത്തുക്കളായ ഏഴുപേർക്കൊപ്പം ഞായറാഴ്ച രാവിലെ 11-ഓടെ പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അർജുൻ ഒഴുക്കിൽപെട്ടത്. പുഴയുടെ ഒരുഭാഗം ബേഡഡുക്ക പഞ്ചായത്തും മറുഭാഗം മുളിയാർ പഞ്ചായത്തിലെ വനപ്രദേശവുമാണ്. അപകടം നടന്നയിടത്തിന് സമീപമാണ് മൃതദേഹം പൊങ്ങിയത്. നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. വിദഗ്‌ധസംഘം ഞായറാഴ്ചയും തിങ്കളാഴ്ചയും പകൽമുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ചൊവ്വാഴ്ച രാവിലെ ഏഴിന് തിരച്ചിൽ തുടരാമെന്ന് തീരുമാനിച്ച് തിങ്കളാഴ്ച വൈകീട്ട് ആറോടെ സംഘം തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങിയെങ്കിലും നാട്ടുകാർ തിരച്ചിൽ തുടരുകയായിരുന്നു.
കുറ്റിക്കോൽ അഗ്നിരക്ഷാസേന, കാസർകോട്, കാഞ്ഞങ്ങാട്, ചീമേനി, ചെറുവത്തൂർ എന്നിവിടങ്ങളിൽനിന്നെത്തിയ സ്കൂബാസംഘം എന്നിവരാണ് പുഴയിൽ ഇറങ്ങി രണ്ടുദിവസം തിരച്ചിൽ നടത്തിയത്. തിങ്കളാഴ്ച ഉച്ചവരെ പുഴയുടെ അടിത്തട്ടുകളിലും ഇരുകരകളിലുമായിരുന്നു തിരച്ചിൽ. പുഴയിൽ അപകടകം നടന്നതിന് താഴെയുള്ള റെഗുലേറ്ററി പാലത്തിന് സമീപമാണ് കൂടുതൽ തിരഞ്ഞത്.