ഇന്ത്യൻ ജഴ്‌സിയിൽ തിളങ്ങി പി.വി. വിഷ്ണു

#എം. ഷമീർ

കാസർകോട്: ഇന്ത്യൻ ഫുട്‌ബോളിൽ ചന്ദ്രഗിരിക്കരയിൽ നിന്നൊരു താരോദയം. പനയാൽ കുന്നൂച്ചിയിലെ പി.വി. വിഷ്ണുവാണ് ദേശീയ ഫുട്‌ബോൾ ടീമിൽ അരങ്ങേറ്റം കുറിച്ചത്. ബംഗ്ലാദേശിൽ നടക്കുന്ന സാഫ് ചാമ്പ്യൻഷിപ്പിൽ കഴിഞ്ഞ ദിവസം മാലിദ്വീപിനെതിരേ നടന്ന മത്സരത്തിലാണ് വിഷ്ണു ഇന്ത്യൻ ജഴ്‌സിയിൽ പന്തു തട്ടാനിറങ്ങിയത്. ഇതോടെ ജില്ലയിൽനിന്ന്‌ ദേശീയ ടീമിനായി ബൂട്ട് കെട്ടുന്ന മൂന്നാമത്തെ താരമാവാനും വിഷ്ണുവിന് സാധിച്ചു. സുരേഷ് മുട്ടത്ത്, മുഹമ്മദ് റാഫി എന്നിവരാണ് ഇതിന് മുൻപ് ഇന്ത്യൻ ടീമിന്റെ ജെഴ്‌സിയണിഞ്ഞ കാസർകോട്ടുകാർ.

മത്സരത്തിന്റെ രണ്ടാംപകുതിയിൽ 65-ാം മിനിറ്റിൽ പകരക്കാരാനായാണ് വിഷ്ണു അരങ്ങേറ്റ മത്സരത്തിനിറങ്ങിയത്. മത്സരത്തിൽ ഗോൾ നേടിയ സുഹൈൽ അഹമ്മദ് ബട്ടിന് പകരക്കാരനായ് ഒൻപതാം നമ്പർ ജഴ്‌സിയിലാണ് ഈ വിങ്ങർ കളിക്കളത്തിലേക്ക് എത്തിയത്. ഐ.എസ്.എല്ലിലും ഡ്യൂറൻഡ് കപ്പിലുമായ് തുടരുന്ന മിന്നും ഫോമാണ് വിഷ്ണുവിന് ദേശീയ ടീമിലേക്കുള്ള വാതിൽ തുറന്നത്. കഴിഞ്ഞ ഡ്യൂറൻഡ് കപ്പ് സീസണിൽ ഹാട്രിക്കുൾപ്പടെ നടത്തിയ പ്രകടനം ടീമിന്റെ കിരീടനേട്ടത്തിൽ നിർണായകമായിരുന്നു. ഈ ഐ.എസ്.എല്ലിൽ മൂന്ന് മത്സരങ്ങളിൽ നിന്നായ് ഒരു ഗോളും ഒരു അസിസ്റ്റന്റും നേടിയിട്ടുണ്ട്. മാർച്ചിൽ ഇന്ത്യൻ അണ്ടർ 23 ടീമിന് വേണ്ടി മലേഷ്യയ്‌ക്കെതിരേയുള്ള മത്സരത്തിലും വിഷ്ണു കളിച്ചിരുന്നു.

ഏതൊരു താരത്തേയും പോലെ ഞാനും വലിയ സന്തോഷത്തിലും പ്രതീക്ഷയിലുമാണെന്നാണ് അരങ്ങേറ്റത്തെക്കുറിച്ച് വിഷ്ണുവിന്റെ പ്രതികരണം. കളിച്ച് തുടങ്ങിയ കാലം മുതലുള്ള എക്കാലത്തേയും വലിയ സ്വപ്‌നമാണ് ദേശീയ ടീമിന്റെ ജഴ്‌സിൽ പന്തുതട്ടണമെന്നത്. അത് സാക്ഷാത്കരിച്ച ഈ ദിനം ഒരിക്കലും എനിക്ക് മറക്കാൻ സാധിക്കില്ലെന്നും താരം കൂട്ടിച്ചേർത്തു.

നിലവിലെ ഐ.എസ്.എല്ലിലെയും ഡ്യൂറൻഡ് കപ്പിലെയും ചാമ്പ്യന്മാരും കൊൽക്കത്തൻ വമ്പൻമാരുമായ ഈസ്റ്റ് ബംഗാളിന്റെ വിശ്വസ്ത മുന്നേറ്റനിരക്കാരനായ് വിഷ്ണു. 2024-ൽ ഇന്ത്യൻ സൂപ്പർ കപ്പ്, അതേ വർഷവും അടുത്ത വർഷവും കൊൽക്കത്ത ഫുട്‌ബോൾ ലീഗ് എന്നീ കീരിട നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട്. 2023-ൽ ഈസ്റ്റ് ബംഗാളിലെത്തിയ ഈ മുന്നേറ്റനിരക്കാരൻ ഐ.എസ്.എൽ., ഡ്യൂറൻഡ് ക്പ്പ, ഇന്ത്യൻ സൂപ്പർ കപ്പ് ഉൾപ്പടെയുള്ള ടൂർണമെന്റുകളിലായ് 109 മത്സരങ്ങൾ കളിച്ച വിഷ്ണു 28 ഗോളുകൾ ഇത് വരെ നേടിയിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് 2.30-ന് ഭൂട്ടാനെതിരേ നടക്കുന്ന സാഫ് ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിലും കളിക്കാനിറങ്ങുമെന്നുള്ള പ്രതീക്ഷയിലാണ് വിഷ്ണുവിന്റെ നാടായ കുന്നൂച്ചിയിലെ സഫ്ദർ ഹാഷ്മി ക്ലബ് പ്രവർത്തകർ. ഈ കളിയിൽ അന്താരാഷ്ട്ര കരിയറിലെ കന്നിഗോളും വിഷ്ണുവിന് നേടാനായാൽ ജില്ലയിലെ കാൽപ്പന്തുകളി ആരാധകർക്കത് ഇരട്ടി സന്തോഷമായിരിക്കും.